സലിം രാജിന്റെ ജാമ്യാപേക്ഷ തള്ളി

Posted on: September 14, 2013 5:09 am | Last updated: September 13, 2013 at 11:09 pm

കോഴിക്കോട്: കാര്‍ തടഞ്ഞുനിര്‍ത്തി കൊല്ലം ഓച്ചിറ സ്വദേശിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഏഴ് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലത്തുനിന്ന് ഒളിച്ചോടിപ്പോന്ന ഭര്‍തൃമതിയുടെ കാമുകന്‍ പ്രസന്നനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) പി ടി പ്രകാശന്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ ചെയ്തത് ഗൗരവമുള്ള കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജഫ്രി ജോര്‍ജ് ജോസഫ് ഹാജരായി.

അതിനിടെ, പണവും ആഭരണങ്ങളുമായി നാടുവിട്ട ഭര്‍തൃമതിക്കും കാമുകനും വേണ്ടി സലിം രാജും സംഘവും അന്വേഷണം നടത്തിയത് പോലീസിനെ അറിയിക്കാതെയാണെന്ന് ഓച്ചിറ എസ് ഐ. കെ ബാലന്‍ ചേവായൂര്‍ പോലീസിനെ അറിയിച്ചു.
ചേവായൂര്‍ എസ് ഐ വാസുദേവന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കൊല്ലം ഓച്ചിറ സ്റ്റേഷനില്‍ നേരിട്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭാര്യ റഷീദയെ കാണാനില്ലെന്ന് കാണിച്ച് ഓച്ചിറ ചങ്ങന്‍കുളങ്ങര ഇടയിലെ വീട്ടില്‍ അബ്ദുല്‍ വഹാബ് ഈ മാസം ഏഴിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തുന്നത് താനാണെന്നും സംഘത്തില്‍ സലിം രാജ് ഉള്‍പ്പെട്ടിട്ടില്ലെന്നും ഓച്ചിറ എസ് ഐ. കെ ബാലന്‍ ചേവായൂര്‍ പോലീസിനോട് പറഞ്ഞു.
സലിം രാജിനും സംഘത്തിനും തീവ്രവാദ ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസ് സ്റ്റേഷനിലെത്തിയ ചേവായൂര്‍ പോലീസ് ഇക്കാര്യവും അന്വേഷിച്ചു. ഐ എസ് എസ് അടക്കമുള്ള നിരോധിത സംഘടനകളുമായി സംഘത്തിന് ബന്ധമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
സലിം രാജും സംഘവും ഈ മാസം 10ന് കരിക്കാംകുളത്ത് വെച്ച് പ്രസന്നന്റെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പ്രസന്നന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏഴംഗ സംഘത്തെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സലിം രാജിന് പുറമെ ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ വലിയ കുളങ്ങര സജ്‌നഭവനില്‍ റിജോ (28), ആശാന്റെ അയ്യത്ത് സത്താര്‍ (38), കുരനാഗപ്പള്ളി ആദനാട് പൈങ്ങാക്കുളം മന്‍സില്‍ ഇര്‍ഷാദ് (24), മേമന സ്വദേശികളായ ജുനൈദ് മന്‍സിലില്‍ ജുനൈദ് (30), ഷംനാല്‍ മന്‍സില്‍ ഷംനാദ് (29), പായിക്കുടി മണ്ടെത്തെ പുത്തന്റെ വീട്ടില്‍ സിദ്ദീഖ് (37) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.