കൊച്ചി മെട്രോ നിര്‍മാണം പുനരാരംഭിച്ചു; വിശദമായചര്‍ച്ച 17ന്

Posted on: September 14, 2013 6:01 am | Last updated: September 13, 2013 at 11:00 pm

കൊച്ചി: തൊഴില്‍ തര്‍ക്കങ്ങള്‍ താത്കാലികമായി പരിഹരിച്ചു കൊണ്ട്്് കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സി ഐ ടി യു – ഐ എന്‍ ടി യു സി യൂനിയനുകളില്‍പ്പെട്ട തൊഴിലാളികളെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാനും കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്താനും സോമ കണ്‍സ്ട്രക്ഷന്‍സ് തയ്യാറായതോടെയാണ് അനുരഞ്ജനത്തിന് വഴി തെളിഞ്ഞത്. 14 തൊഴിലാളികളെക്കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു യൂനിയന്‍ പ്രതിനിധികള്‍ കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍സിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 12 തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്താന്‍ കരാറുകാര്‍ തയ്യാറായി. 17ന്്് വീണ്ടും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന മന്ത്രിതല അവലോകന യോഗത്തില്‍ തൊഴില്‍ തര്‍ക്കങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാനും തീരുമാനമായി. അതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഴയ പടി തുടരും.
ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ശശിപ്രകാശിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളും കരാറുകാരും പങ്കെടുത്തു. തൊഴില്‍ തര്‍ക്കങ്ങളെത്തുടര്‍ന്ന്്് മെട്രോ നിര്‍മാണം തടസ്സപ്പെടുത്തരുതെന്ന മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്നലെ ധാരണാ ചര്‍ച്ച നടന്നത് . കലൂരില്‍ പൈലിംഗ്് പ്രവൃത്തികള്‍ നടക്കുമ്പോഴാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്.