Connect with us

Sports

ഇന്ത്യന്‍ ഫുട്‌ബോള്‍ പിറകോട്ട് : വിജയന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ പുരോഗതി കൈവരിച്ചിട്ടില്ലെന്നും ഏഷ്യന്‍ നിലവാരത്തില്‍ നിന്നും ഏറെ പിറകോട്ടടിച്ചിരിക്കുകയാണെന്നും മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍. 1989 മുതല്‍ 2003 വരെ ഇന്ത്യക്കായി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച വിജയന് ദേശീയ ടീമിന്റെ ഇന്നത്തെ അവസ്ഥയോര്‍ത്ത് നിരാശ മാത്രം. താനൊരു സ്‌പോര്‍ട്‌സ് ഭരണകര്‍ത്താവല്ല, ഇന്ത്യക്ക് വേണ്ടിയിപ്പോള്‍ കളിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ആരെയും കുറ്റപ്പെടുത്തുക ഉദ്ദേശ്യമല്ല. പക്ഷേ, എന്താണ് പറയുക. എല്ലാവരും കാണുന്നില്ലെ, നമുക്ക് കഴിഞ്ഞ കുറച്ച് കാലമായി മികച്ച റിസള്‍ട്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല. ഏഷ്യന്‍ നിലവാരത്തില്‍ തന്നെ മത്സരിക്കാന്‍ പ്രയാസപ്പെടുന്നു – വിജയന്‍ ചൂണ്ടിക്കാട്ടി.
സാഫ് കപ്പ് ഫൈനലിലെ തോല്‍വിയെ തുടര്‍ന്നല്ല ഇത് പറയുന്നത്. അഫ്ഗാനെതിരെ മികച്ച പ്രകടനമായിരുന്നു നമ്മുടെത്. എന്നാല്‍, ആഗ്രഹിച്ച പോലൊരു നേട്ടമുണ്ടാക്കാനാകുന്നില്ല. ഞാന്‍ ഇന്ത്യക്ക് കളിക്കുമ്പോള്‍ ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചിരുന്നു ടീം (1996 ല്‍ 94 താം റാങ്ക്). ഇപ്പോള്‍ 147. ഏഷ്യയില്‍ ആദ്യ പത്തിലെങ്കിലും വരാതെ ഇന്ത്യ സമീപകാല ഭാവിയില്‍ ലോകകപ്പ് യോഗ്യത നേടുകയില്ല. ആദ്യ പത്തില്‍ വരുക എന്നത് തന്നെ പിടിപ്പത് പണിയാണ്. ഏഷ്യാ കപ്പ് കളിക്കണം. അവിടെ മികച്ച ടീമുകളെ തോല്‍പ്പിക്കണം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കണം. എന്നിങ്ങനെ കടമ്പകളേറെയാണ്- മുന്‍ താരം പറഞ്ഞു. 2008 ല്‍ എ എഫ് സി ചലഞ്ച് കപ്പ് ജേതാക്കളായി 2011 ഏഷ്യാ കപ്പിന് യോഗ്യത നേടിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 2010, 2012 ചലഞ്ച് കപ്പ് യോഗ്യതാ റൗണ്ട് പോലും ജയിക്കാനാകാതെ ഇന്ത്യ നിരാശപ്പെടുത്തിയിരുന്നു.ഐ പി എല്‍ മാതൃകയിലുള്ള ഫുട്‌ബോള്‍ സംരംഭത്തെ വിജയന്‍ പിന്തുണച്ചു. വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചാല്‍ തന്നെ വലിയൊരു മാറ്റമുണ്ടാകും. ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതും ഫുട്‌ബോളിന് ഗുണകരമാകും.
വിദേശ പരിശീലകര്‍ സ്വദേശ പരിശീലകരെക്കാള്‍ മികച്ചതാണെന്നോ മോശപ്പെട്ടവരെന്നോ അഭിപ്രായം വിജയനില്ല. ജിറി പെസെക്, റുസ്തം അക്രമോവ്, സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ എന്നിവരുടെ കീഴില്‍ ഇന്ത്യ മികച്ചു നിന്നതു പോലെ സുഖ്‌വീന്ദര്‍ സിംഗിന്റെയും സഈദ് നഈമുദ്ദീന്റെയും കാലത്തും ടീം മികച്ചതായിരുന്നു – ഇവര്‍ക്ക് കീഴില്‍ കളിച്ചതിന്റെ അനുഭവത്തില്‍ വിജയന്‍ പറഞ്ഞു.

Latest