അമേരിക്കയെ കുതിപ്പിച്ച് ക്ലിന്‍സ്മാന്‍

Posted on: September 13, 2013 8:27 am | Last updated: September 13, 2013 at 8:27 am

Jurgen-Klinsmann1കൊളംബസ്: യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ എന്ന ജര്‍മന്‍ ഫുട്‌ബോളിലെ ഹീറോ ഇപ്പോള്‍ അമേരിക്കയിലും സൂപ്പര്‍ സ്റ്റാറാണ്. 2014 ഫിഫ ലോകകപ്പിന് യോഗ്യത സമ്പാദിച്ചു കൊടുത്തത് മാത്രമല്ല കാരണം. അമേരിക്ക ക്ലിന്‍സ്മാന് കീഴില്‍ യൂറോപ്യന്‍ ശൈലിയില്‍ ആക്രമിച്ചു കളിക്കുന്ന നിരയായി മാറിയിരിക്കുന്നു. വടക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളുമായി യോഗ്യതാ റൗണ്ടില്‍ കരുത്ത് കാണിച്ച അമേരിക്കയുടെ യഥാര്‍ഥ പരീക്ഷണം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് തന്നെയായിരിക്കും.
കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ജയിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഫിഫ ലോകകപ്പ്. വമ്പന്‍മാരെ അട്ടിമറിക്കാനുള്ള താരബലവും മനോബലവും ഇച്ഛാശക്തിയും ഒപ്പമുണ്ടാകണം. ബ്രൂസ് അരീന, ബോബ് ബ്രാഡ്‌ലി എന്നിവരുടെ പിന്‍ഗാമിയായെത്തിയ യുര്‍ഗന്‍ ക്ലിന്‍സ്മാനിലൂടെ ഇതെല്ലാം ആര്‍ജിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഇനിയുള്ള ഒരുക്കകാലം ക്ലിന്‍സ്മാന് ഏറെ പ്രധാനപ്പെട്ടതാണ്. സൗഹൃദ,സന്നാഹ മത്സരങ്ങള്‍ക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങളെയായിരിക്കും ക്ലിന്‍സ്മാന്‍ ആഗ്രഹിക്കുക.
1990 ലോകകപ്പും 1996 യൂറോ കപ്പും ജര്‍മനി സ്വന്തമാക്കുന്നത് യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ എന്ന മാസ്മരിക സ്‌ട്രൈക്കറെ മുന്‍നിര്‍ത്തിയാണ്. പിന്നീട് അമേരിക്കക്കാരിയായ ഭാര്യയുമൊത്ത് കലിഫോര്‍ണിയയിലേക്ക് താമസം മാറ്റി.ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവ് പരിശീലകന്റെ റോളില്‍. 2006 ല്‍ ജര്‍മനിയെ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിനൊരുക്കിയത് ക്ലിന്‍സ്മാനായിരുന്നു. ടീം സെമിഫൈനല്‍ വരെ കുതിച്ചു. ശേഷം സ്ഥാനമൊഴിഞ്ഞ ക്ലിന്‍സ്മാന്‍ അമേരിക്കയിലേക്ക് തന്നെ മടങ്ങി. യു എസ് സോക്കര്‍ ഫെഡറേഷന്‍ ക്ലിന്‍സ്മാനെ പരിശീലകനാക്കാനുള്ള ശ്രമം ആരംഭിച്ചു. നേരത്തെ തന്നെ ഓഫര്‍ നല്‍കിയിരുന്നെങ്കിലും ജര്‍മന്‍ കോച്ച് നിരസിക്കുകയായിരുന്നു. എന്നാല്‍, 2011 ല്‍ ബോബ് ബ്രാഡ്‌ലിയെ ഒഴിവാക്കി ക്ലിന്‍സ്മാനെ പരിശീലക സ്ഥാനത്ത് കൊണ്ടു വന്നു. നാല്‍പത് മത്സരങ്ങളില്‍ 25 വിജയം, ഒമ്പത് പരാജയം, ആറ് സമനില – ഇതാണ് ക്ലിന്‍സ്മാന്റെ റെക്കോര്‍ഡ്.
അമേരിക്കയുടെ അറ്റാക്കര്‍ ലണ്ടന്‍ ഡൊണൊവന്‍ ക്ലിന്‍സ്മാന്റെ പരിശീലന രീതികള്‍ ഏറെ മികച്ചതാണെന്ന് അടിവരയിടുന്നു. ജഴ്‌സിക്ക് പിറകില്‍ പേര് ഒഴിവാക്കി പൊസിഷന് അനുസരിച്ച് നമ്പര്‍ പതിപ്പിച്ചതായിരുന്നു ക്ലിന്‍സ്മാന്‍ ആദ്യം ചെയ്തതെന്ന് ഡൊണോവന്‍ ഓര്‍ക്കുന്നു.
അതേ സമയം, 2008 ല്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കില്‍ പരിശീലകന്റെ റോളില്‍ പരാജയപ്പെട്ട ക്ലിന്‍സ്മാന്‍ ഒരു തിരിച്ചുവരവ് നടത്തുകയാണ്. ലോകകപ്പ് ഫുട്‌ബോള്‍ ക്ലിന്‍സ്മാന്റെ പരിശീലക പ്രതിഭ അളക്കാനുള്ള വേദി കൂടിയാകും.