Connect with us

Kerala

തേങ്ങ അയല്‍നാട്ടിലേക്ക്; കേരനാട്ടില്‍ സംസ്‌കരണത്തിന് കിട്ടാക്കനി

Published

|

Last Updated

കണ്ണൂര്‍: കേരളത്തില്‍ നിന്ന് തേങ്ങ വന്‍തോതില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് നാളികേര സംസ്‌കരണത്തിന് വേണ്ടത്ര തേങ്ങ ലഭിക്കാതായി. മലയോര മേഖലകളില്‍ നിന്ന് ടണ്‍ കണക്കിന് തേങ്ങയാണ് ദിനംപ്രതി തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കയറ്റിയയക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തേങ്ങ കയറ്റുമതി ഇരട്ടിയിലധികമായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ തേങ്ങ സംസ്‌കരണച്ചെലവ് കുറവായതും അവിടത്തെ അനുകൂല കാലാവസ്ഥയുമാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേരളത്തിലെ തൊഴിലാളി ക്ഷാമവും കൂലി വര്‍ധനയുമാണ് നാളികേര സംസ്‌കരണം തമിഴ്‌നാട്ടിലേക്ക് മാറാനുളള പ്രധാന കാരണങ്ങളായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ ഒരു തേങ്ങ സംസ്‌കരിക്കാന്‍ 65 പൈസ ചെലവ് വരുമ്പോള്‍ തമിഴ്‌നാട്ടില്‍ 17 പൈസയേ ആകുന്നുളളൂ. കൊപ്ര ലഭ്യമല്ലാത്തത് കൊണ്ട് മൂന്ന് മാസേത്താളമായി നാഫെഡ് ശേഖരിച്ച കൊപ്ര ഉപയോഗിച്ചാണ് കേരളത്തിലെ മില്ലുകളില്‍ എണ്ണ ഉത്പാദിപ്പിക്കുന്നത്.
കേരളത്തിലെ മില്ലുകളിലേക്ക് ദിവസം നാല് ലോഡ് കൊപ്ര വരെ കൊണ്ടുപോയിരുന്നത് ആഴ്ചയില്‍ രണ്ട് ലോഡായി ചുരുങ്ങിയെന്ന് മലയോരമേഖലയിലെ ഒരു മൊത്ത വ്യാപാരി പറയുന്നു. കൃഷിഭവനുകള്‍ വഴി 20 രൂപക്ക് തേങ്ങ സംഭരണം ആരംഭിച്ചത് കേര കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി. അതേസമയം വ്യാപാരികളും നാളികേര സംഭരണത്തിലേക്ക് മാറിയിരിക്കുകയാണ്. ഇങ്ങനെ ശേഖരിക്കുന്നതില്‍ അധികവും അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉയര്‍ന്ന ഗുണനിലവാരമുളള കേരളത്തിലെ തേങ്ങകള്‍ തേങ്ങ പൗഡര്‍, വെര്‍ജിന്‍ വെളിച്ചെണ്ണ തുടങ്ങിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുമ്പോള്‍ തമിഴ്‌നാട്ടിലും മറ്റുമുളള ഗുണനിലവാരം കുറഞ്ഞ കൊപ്രയാണ് വെളിച്ചെണ്ണയാക്കാന്‍ കേരളത്തിലെത്തുന്നത് എന്നതാണ് വിരോധാഭാസം. ഇതോടെ പാലിനും പച്ചക്കറികള്‍ക്കും പുറമേ മലയാളികളുടെ അവിഭാജ്യ ഘടകമായ വെളിച്ചെണ്ണക്കും തമിഴ്‌നാടിനെ ആശ്രയിക്കേണ്ട അവസ്ഥയായി.
അതേസമയം, പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ ഇല്ലാതായത് 1,55,310 ഹെക്ടര്‍ സ്ഥലത്തെ നാളികേരകൃഷിയാണെന്ന് നാളികേര വികസന ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്പാദനത്തില്‍ 24.9 കോടി തേങ്ങയുടെ കുറവുണ്ടായി. തെങ്ങുകൃഷിയില്‍ ഒന്നാം സ്ഥാനത്തുള്ള കോഴിക്കോട് മുതല്‍ ഏറ്റവും പിന്നിലുള്ള വയനാട്ടില്‍ വരെ കൃഷിത്തകര്‍ച്ചയുടെ കണക്കുകള്‍ മാത്രമേയുള്ളൂ. എന്നാല്‍ ഉത്പാദനത്തില്‍ മലപ്പുറം ജില്ലക്ക് മുന്നേറാനായതായും കണക്കുകള്‍ പറയുന്നു. ഹെക്ടറിന് 8793 തേങ്ങയാണ് മലപ്പുറത്തിന്റെ ഉത്പാദനക്ഷമത. സംസ്ഥാനത്ത് ഏറ്റവും മികച്ച ഉത്പാദന നേട്ടവും ഇതു തന്നെ.
2000-01 വര്‍ഷം കേരളത്തില്‍ 9,25,783 ഹെക്ടറില്‍ തെങ്ങുകൃഷി ഉണ്ടായിരുന്നു. പത്ത് വര്‍ഷംകൊണ്ട് ഇത് 7,70,473 ഹെക്ടറായി കുറഞ്ഞു.
ഉത്പാദനത്തിന്റെ കാര്യത്തിലും ഈ തകര്‍ച്ച കാണാം. പത്ത് വര്‍ഷം മുമ്പ് 553.6 കോടി തേങ്ങയായിരുന്നു ഉത്പാദനമെങ്കില്‍ 2010-11ലെ കണക്ക് പ്രകാരം ഇത് 528.7 കോടിയായി കുറഞ്ഞു. നാളികേര കൃഷിയില്‍ മുമ്പന്തിയിലായിരുന്ന കോഴിക്കോട് ജില്ലയില്‍ 2000-01ല്‍ 1,28,739 ഹെക്ടറില്‍ തെങ്ങുകൃഷി ഉണ്ടായിരുന്നു. 2001-02ല്‍ ഇത് 1.3 ലക്ഷം ഹെക്ടറായി. എന്നാല്‍ 2010-11 ആകുമ്പോഴേക്കും കൃഷി 1.21 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. പത്ത് വര്‍ഷം കൊണ്ട് കുറഞ്ഞത് 7051 ഹെക്ടറിലെ കൃഷി. ഉത്പാദനത്തില്‍ 13.3 കോടി തേങ്ങയുടെ കുറവുണ്ടായി. തൊട്ടടുത്ത ജില്ലയായ കണ്ണൂരില്‍ 20058 ഹെക്ടര്‍ സ്ഥലത്തെ കൃഷി ഇല്ലാതായപ്പോള്‍ 9.2 കോടി തേങ്ങയുടെ ഉത്പാദനവും കുറഞ്ഞു. വിലത്തകര്‍ച്ച രൂക്ഷമായതോടെ കര്‍ഷകര്‍ കൂട്ടത്തോടെ നാളികേര കൃഷിയെ കൈവിടുകയാണ്. ഇതിനു പുറമേയാണ് വിവിധ രോഗങ്ങളും തെങ്ങുകൃഷിയുടെ നടുവൊടിക്കുന്നത്.

Latest