Connect with us

National

മൂന്നാം മുന്നണിക്ക് സാധ്യതയില്ല: സമാജ്‌വാദി പാര്‍ട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണി രൂപവത്കരിക്കാനുള്ള സാധ്യത സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് തള്ളിക്കളഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ “നിര്‍ണായക പങ്ക് വഹിക്കാന്‍ ” സമാജ്‌വാദി പാര്‍ട്ടിയെ പ്രാപ്തമാക്കുകയാണ് അടിയന്തര കടമയെന്നും പരമാവധി സീറ്റുകള്‍ നേടാനാണ് ശ്രമിക്കുകയെന്നും മുലായം വ്യക്തമാക്കി.
“നിര്‍ണായക പങ്ക്” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മുലായം വിസമ്മതിച്ചു. “അത് ജനങ്ങള്‍ക്ക് വിടുന്നു. 2014ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിക്കാനുള്ള ശ്രമത്തില്‍ വിജയിക്കാനാണ് ഞങ്ങളുടെ ശ്രമം”- അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്താങ്ങുന്നത് സംബന്ധിച്ച ചോദ്യത്തിന്, പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് കോണ്‍ഗ്രസിന് നല്‍കുന്നതെന്നായിരുന്നു മുലായത്തിന്റെ മറുപടി.
രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് നേരിട്ടൊരു മറുപടി മുലായം നല്‍കിയില്ല. മുന്‍കാലങ്ങളില്‍ തനിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്ന് മുലായം പറഞ്ഞു.
ബുധനാഴ്ച സമാപിച്ച സമാജ്‌വാദി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രം ഭരിക്കുന്ന യു പി എയാണ് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തി. പ്രതിപക്ഷമായ ബി ജെ പി രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബി ജെ പി സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മുലായം ആരോപിച്ചു.