Connect with us

Gulf

തലസ്ഥാനത്ത് ആയിരത്തില്‍ അധികം സ്‌കൂള്‍ ബസുകള്‍ നവീകരിച്ചു

Published

|

Last Updated

അബുദാബി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആയിരത്തില്‍ അധികം സ്‌കൂള്‍ ബസുകള്‍ നവീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പുതുതായി സേവനത്തിനായി വാങ്ങിയതും നിലവിലുള്ളവയും ഉള്‍പ്പെടെയാണ് ഇത്രയും ബസുകള്‍ മെയ് മാസത്തില്‍ നവീകരിച്ചതെന്ന് അബുദാബി സ്‌കൂള്‍ ട്രാന്‍സ്‌പോട്ടേഷന്‍ കമ്മിറ്റി വെളിപ്പെടുത്തി.
ഗതാഗത വിഭാഗം നിഷ്‌കര്‍ഷിക്കുന്ന നിലവാരം ഉറപ്പാക്കിയാണ് ബസുകള്‍ നവീകരിച്ചിരിക്കുന്നത്. അബുദാബി പോലീസിന്റെ ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്നുമുള്ള അംഗങ്ങള്‍ക്കൊപ്പം അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെട്ടതാണ് സ്‌കൂള്‍ ട്രാന്‍സ്‌പോട്ടേഷന്‍ കമ്മിറ്റി. വാഹനത്തിന് മഞ്ഞ നിറം നല്‍കുക, താക്കീത് ഉള്‍പ്പെട്ട ബോര്‍ഡുകള്‍ ഘടിപ്പിക്കുക, സ്‌കൂള്‍ ബസ് എന്ന് അറബിയിലും ഇംഗ്ലീഷിലും വലുതായി എഴുതുക, ബസ് ഓപറേറ്റ് ചെയ്യുന്ന ആളുടെ ഫോണ്‍ നമ്പര്‍ എഴുതുക തുടങ്ങിയവ നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയതായും അധികൃതര്‍ പറഞ്ഞു.
ബസിനകത്ത് കുട്ടികള്‍ക്ക് മുറിവേല്‍ക്കാന്‍ ഇടയാവുന്ന മൂര്‍ച്ചയുള്ള പ്രതലം ഇല്ലാതാക്കുക, ഇതിനായി ആവശ്യമായ അപ്‌ഹോള്‍സ്റ്ററി ജോലികള്‍ ചെയ്യിക്കുക, തീപിടിക്കുന്നത് തടയാനുള്ള സംവിധാനം, ഷോക്ക് അബ്‌സോര്‍ബര്‍ ഘടിപ്പിക്കുക, സീറ്റ് മടങ്ങാതിരിക്കാന്‍ വേണ്ടുന്ന മുന്‍കരുതല്‍ ചെയ്യുക, പെട്ടെന്ന് പുറത്തു കടക്കാനുള്ള പ്രത്യേക വാതിലുകള്‍, ജി പി എസ് സംവിധാനം സജ്ജീകരിക്കുക, സി സി ടി വി സ്ഥാപിക്കുക എന്നിവയും നവീകരണത്തില്‍ ഉള്‍പ്പെടും.