Connect with us

National

മുസാഫര്‍ നഗര്‍ ശാന്തമാകുന്നു

Published

|

Last Updated

ലക്‌നോ: നാല്‍പ്പതോളം പേരുടെ മരണത്തിനിടയാക്കിയ കലാപം നടന്ന മുസാഫര്‍ നഗറിലെ ജനജീവിതം സാധാരണനിലയിലേക്ക്. കലാപം രൂക്ഷമായി ബാധിച്ച കോട്‌വാലി, സിവില്‍ ലൈന്‍സ്, നയീ മന്‍ഡി മേഖലകളില്‍ ഉച്ചക്ക് ശേഷം നാല് മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിക്കൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ ഉത്തരവിട്ടു.

മുസാഫര്‍ നഗറിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നതായി ജില്ലാ ഭരണകൂടം വിലയിരുത്തി. കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചെങ്കിലും പ്രദേശത്ത് കനത്ത സുരക്ഷ തുടരും. പോലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍ സംഘര്‍ഷ മേഖലയില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലയിലെ സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. സംഘര്‍ഷത്തിനു ശേഷം ആദ്യമായി ചൊവ്വാഴ്ച രണ്ട് മണിക്കൂര്‍ നേരത്തേക്ക് കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചിരുന്നു.
അതിനിടെ, മുസഫര്‍ നഗര്‍ സംഘര്‍ഷത്തെക്കുറിച്ച് സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഹാരൂണ്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി എസ് സിംഗ്‌വി ഈ പരാമര്‍ശം നടത്തിയത്. സംഘര്‍ഷം കാരണം ജീവിതം ദുസ്സഹമായവരെ പുനരധിവസിപ്പിക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. മുസഫര്‍ നഗര്‍ സംഘര്‍ഷത്തില്‍ ഇരുപതിനായിരത്തിലധികം പേരുടെ വീട് അഗ്നിക്കിരയായതായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest