ഗ്രാമീണ ഉത്പന്നങ്ങളുമായി ഐ ആര്‍ ഡി പി മേള

Posted on: September 12, 2013 7:30 am | Last updated: September 12, 2013 at 7:49 am

മഞ്ചേരി: ഗ്രാമീണ ഉത്പന്നങ്ങളുമായി മഞ്ചേരിയില്‍ നടക്കുന്ന ഐ ആര്‍ ഡി പി വിപണന ശ്രദ്ധേയമാകുന്നു. മേളയില്‍ എല്ലാവര്‍ഷവും വിപണനത്തിനെത്തുന്ന ഒരു പ്രധാന ഇനമാണ് മണ്‍പാത്രങ്ങള്‍. മുമ്പ് കുടില്‍തൊട്ട് കൊട്ടാരം വരെ ആവശ്യത്തിനും അലങ്കാരത്തിനുമപയോഗിച്ചിരുന്നത് ഇത്തരം പാത്രങ്ങളായിരുന്നു.
പരമ്പാരാഗതമായി ലഭിച്ച ഈ തൊഴില്‍ വൈദഗ്ധ്യം നൂറ് കണക്കിനാളുകള്‍ക്ക് ഉപജീവന മാര്‍ഗവുമായിരുന്നു. മണ്‍പാത്രങ്ങള്‍ തലച്ചുമടായി വീടുകളിലൂടെ കൊണ്ട് നടന്ന് വില്‍പന നടത്തിയത് നിത്യകാഴ്ചകളായിരുന്നു. കാലം മാറി മണ്‍പാത്രങ്ങളുടെ സ്ഥാനം സ്റ്റീലും ഫൈബറും കയ്യടക്കി. മണ്‍പാത്രങ്ങള്‍ക്ക് വിപണി ലഭിക്കാതായപ്പോള്‍ പലരും ഈ പരമ്പരാഗത തൊഴിലുപേക്ഷിച്ചു. അമിതമായ ഉത്പാദനച്ചെലവു കൂടിയായപ്പോള്‍ പുതിയ തലമുറ ഈ മേഖലയിലേക്ക് വന്നില്ല. പലരും മറ്റ് തൊഴിലിലേര്‍പ്പെട്ടു. പ്രധാന നഗരകേന്ദ്രത്തിലെ ആഴ്ചച്ചന്തകള്‍ കൂടി ഇല്ലാതായതോടെ വിപണി കണ്ടെത്തുക ഏറെ പ്രയാസമായി. ഐ ആര്‍.ഡി.പി. വിപണനമേളയില്‍ ഏറെ പ്രതീക്ഷയോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ടവര്‍ എത്തിയിരിക്കുന്നത്.
പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ പ്രദേശങ്ങളില്‍ നിന്നാണ് പാത്രനിര്‍മാണത്തിന് കളിമണ്‍ കൊണ്ട് വരുന്നത്. ഒരു ലോഡ് മണ്ണിന് 6000 രൂപയോളം നല്‍കണം. ഇത് ചവിട്ടിക്കുഴച്ച് ഉരുളയാക്കിയാണ് ലോറിയില്‍ കയറ്റുന്നത്. ഇതിന് ഏകദേശം 8000 രൂപയും ലോറിവാടകയായി 9000 രൂപയും വേണം. ദിവസങ്ങളോളം അദ്ധ്വാനിച്ചാണ് പിന്നീട് പാത്രങ്ങളുണ്ടാക്കുന്നത്. കലങ്ങള്‍, ചെടിച്ചട്ടി, പത്തിരിച്ചട്ടി, ഉരുളിച്ചട്ടി, മൂടിച്ചട്ടി തുടങ്ങിയവയാണ് പ്രധാനമായും മേളയില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളെന്ന് വിപണമേളയില്‍ മണ്‍പാത്രങ്ങളുമായെത്തിയ ചിന്നന്‍ പറഞ്ഞു.
വിവിധതരം ഭക്ഷ്യവസ്തുക്കള്‍, അലങ്കാര വസ്തുക്കള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ചെരുപ്പുകള്‍, പുസ്തകങ്ങള്‍, കരകൗശല വസ്തുക്കള്‍, അലങ്കാര മത്സ്യങ്ങള്‍, സ്റ്റീല്‍ ഫര്‍ണിച്ചര്‍, പച്ചക്കറി വിത്തുകള്‍, റാസി റൊസാരിയയുടെ പെയിന്റിങ് എന്നിവയും മേളയിലുണ്ട്.