Connect with us

Kerala

മദ്‌റസാ നവീകരണഫണ്ട്: ധനസഹായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന്‌

Published

|

Last Updated

വണ്ടൂര്‍: മദ്‌റസാ നവീകരണ ഫണ്ട് ലഭിച്ച മദ്‌റസകള്‍ക്ക് ധനസഹായം ചെലവഴിച്ചതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആദ്യ ഗഡു അനുവദിച്ചതു പ്രകാരം സാധനസാമഗ്രികള്‍ വാങ്ങിയതിന്റെയും വിനിയോഗിച്ചതിന്റെയും റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കീട്ടുള്ളത്.എന്നാല്‍ ഏഴ് ദിവസത്തിനകം ഈ റിപ്പോര്‍ട്ട് മിക്ക മദ്‌റസകള്‍ക്കും സമര്‍പ്പിക്കാനാകില്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ചടങ്ങിലാണ് സംസ്ഥാനത്തെ 1462 മദ്‌റസകള്‍ക്കുള്ള നവീകരണ ഫണ്ട് വിതരണം നടന്നത്. ആദ്യ ഗഡുവായി 35.55 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്.
പദ്ധതി പ്രകാരം 2012-13ല്‍ സംസ്ഥാനത്തിന് 70.97 കോടി രൂപയാണ് ലഭിക്കുക.രണ്ടാം ഗഡു ലഭിക്കണമെങ്കില്‍ ആദ്യ ഗഡു പ്രകാരം ലഭിച്ച സംഖ്യകൊണ്ട് വാങ്ങിയ സാമഗ്രികളുടെ കണക്കും ബില്ലും സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതിനുള്ള സമയം വര്‍ധിപ്പിക്കണമെന്നാണ് മദ്രസാ കമ്മിറ്റികളുടെ ആവശ്യം. എസ് ബി ടിയിലെ ഡിമാഡ് ഡ്രാഫ്റ്റ് മുഖാന്തരമാണ് ഫണ്ട് നല്‍കിയിട്ടുള്ളത്. അതേസമയം നിലവില്‍ ബേങ്ക് അക്കൗണ്ടുള്ള മദ്‌റസകള്‍ സംസ്ഥാനത്ത് വിരളമാണ്. പുതുതായി എസ് ബി ടിയില്‍ ബേങ്ക് അക്കൗണ്ട് തുടങ്ങാന്‍ ചെന്നവരോട് ഒരു മാസം കഴിഞ്ഞിട്ട് സമീപിക്കാനാണ് പല എസ് ബി ടി ബാങ്ക് ജീവനക്കാരും മറുപടി നല്‍കിയതെന്ന് മദ്‌റസാ ഭാരവാഹികള്‍ പറയുന്നു. മറ്റു ബേങ്കുകളില്‍ ബേങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാറി വരുമ്പോഴേക്കും ഏഴ് ദിവസമെന്ന കാലാവധിയും അവസാനിച്ചേക്കും.
ഇത് രണ്ടാം ഗഡു നഷ്ടപ്പെടുന്നതിനും കാരണമായേക്കും. കൂടാതെ മദ്‌റസയുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങണമെന്നതിനാല്‍ മദ്‌റസകള്‍ക്ക് ഉടനടി കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്ത് അക്കൗണ്ട് ഉണ്ടാക്കാനുള്ള തീരുമാനം എടുക്കാനും സമയമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്.

Latest