അവഗണനയുടെ പ്രതീകമായി ചെറിയമുണ്ടം ബ്രിട്ടീഷ് ബംഗ്ലാവ്

Posted on: September 11, 2013 1:18 am | Last updated: September 11, 2013 at 1:18 am

കല്‍പകഞ്ചേരി: ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ സ്മരണകള്‍ അവശേഷിക്കുന്ന ചെറിയമുണ്ടം ബംഗ്ലാവ് കുന്നിലെ ബ്രിട്ടീഷ് ബംഗ്ലാവ് അവഗണനയില്‍. അധിക്യതര്‍ ആരും തിരിഞ്ഞ് നോക്കാത്തതിനാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം ഇപ്പോള്‍ തകര്‍ച്ച ഭീഷണിയിലാണ്.
ബ്രിട്ടീഷുകാര്‍ക്ക് വിശ്രമിക്കാനും മറ്റു സൗകര്യങ്ങള്‍ക്കുമായാണ് ഈ കെട്ടിടത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ബ്രീട്ടീഷുകാര്‍ ഇന്ത്യ വിട്ടതോടെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ ഏറെ വര്‍ഷക്കാലം ചെറിയമുണ്ടം വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.
പിന്നീട് ഇതിന്റെ തൊട്ടരികില്‍ തന്നെയായി മറ്റൊരു കെട്ടിടം പണിത് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം അതിലേക്ക് മാറ്റിയതോടെ ബംഗ്ലാവിന്റെ ശനിദശയും തുടങ്ങി. സര്‍ക്കാന്‍ ഓഫീസായി ഇത് ഉപയോഗപ്പെടുത്താന്‍ ശ്രമമുണ്ടാകാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി കെട്ടിടം മാറുകയായിരുന്നു. സംരക്ഷിക്കാന്‍ നടപടിയില്ലാത്തതിനു പുറമെ സാമൂഹ്യ ദ്രോഹികളുടെ കെട്ടിടത്തിനകത്തെ അഴിഞ്ഞാട്ടവും ഈ ബ്രിട്ടീഷ് ബംഗ്ലാവിന്റെ തകര്‍ച്ചക്ക് വേഗം കൂട്ടി. യഥാസമയം അറ്റകുറ്റ പണി നടത്താത്തതിനാല്‍ ബലക്ഷയം സംഭവിച്ച ഓടിട്ട കെട്ടിടത്തിന്റെ മുന്‍ ഭാഗം നിലം പൊത്തി . ശേഷിക്കുന്ന ഭാഗങ്ങള്‍ ഏത് സമയവും തകര്‍ന്ന് വീഴുമെന്ന അവസ്ഥയിലാണിപ്പോള്‍.
ഈ ചരിത്ര മന്ദിരത്തെ നാശത്തില്‍ നിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ പുരാതന വകുപ്പ് അധിക്യതര്‍ക്കും ജന പ്രതിനിധികള്‍ക്കും നിവേദനം നല്‍കി നാളുകള്‍ ഏറെ പിന്നിട്ടിട്ടും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്ത് വകുപ്പുകളുണ്ടെങ്കിലും വകുപ്പിന്റെ ശ്രദ്ധയും ഈ ബംഗ്ലാവിന്റെ സംരക്ഷണത്തിന്‍ തുണയായിട്ടില്ല.