Connect with us

Kerala

ബിട്ടി കേസ് കേരള പോലീസിന് പുതിയ തലവേദനയാകുന്നു

Published

|

Last Updated

കണ്ണൂര്‍: ബിട്ടി മൊഹന്തിയുടെ ആള്‍മാറാട്ടക്കേസ് കേരള പോലീസിന് പുതിയ തലവേദനയാകുന്നു. കേസില്‍ ബിട്ടി മൊഹന്തിയെ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതും ഇതു സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കാനാകാത്തതുമാണ് പോലീസിനെ കുഴക്കുന്നത്.

കഴിഞ്ഞ രണ്ട് തവണ ബിട്ടിയെ ഹാജരാക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ആള്‍മാറാട്ട കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ ബിട്ടിക്കെതിരെയുള്ള കുറ്റപത്രം 90 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ പ്രതിക്ക് ജാമ്യം നല്‍കണമെന്ന വ്യവസ്ഥയുണ്ടെന്നും കുറ്റപത്രം സമര്‍പ്പിക്കാത്തത് നീതിനിഷേധമാണെന്നും ബിട്ടിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുമ്പോഴും ബിട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ണൂരിലെത്തിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
തിങ്കളാഴ്ച ബിട്ടിയെ ഹാജരാക്കണമെന്ന് പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അന്നും ഹാജരാക്കാന്‍ സാധിച്ചില്ല. ജയ്പൂര്‍ ജയിലില്‍ കഴിയുന്ന ബിട്ടിയെ കൊണ്ടുവരാന്‍ പോലീസ് സംഘത്തിന് രാജസ്ഥാനിലേക്ക് പോകാന്‍ സാധിക്കാത്തതാണ് പ്രധാന തടസ്സമാകുന്നത്. ബിട്ടിക്ക് മതിയായ പോലീസ് അകമ്പടി നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാതിരുന്നത്. നേരത്തെ രണ്ട് തവണ ഇയാളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ ഈ മാസം 23ന് ബിട്ടി മൊഹന്തിയെ കോടതിയില്‍ ഹാജരാക്കണമെന്ന് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് തിങ്കളാഴ്ച ഉത്തരവിട്ടിട്ടുണ്ട്. ബിട്ടിയെന്ന പേരില്‍ രാഘവ് രാജിനെ അന്യായമായി രാജസ്ഥാന്‍ ജയിലില്‍ താമസിപ്പിച്ചിരിക്കയാണെന്ന് കാണിച്ച് ബിട്ടിയുടെ (രാഘവ് രാജിന്റെ) അഭിഭാഷകന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാനിലെ ജയ്പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മുങ്ങി, ആള്‍മാറാട്ടം നടത്തി താമസിക്കുന്നതിനിടെ കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഒഡീഷ മുന്‍ ഡി ജി പിയുടെ മകന്‍ കൂടിയായ ബിട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ബിട്ടി കേരളത്തിലെത്തി രാഘവ് രാജെന്ന പേരില്‍ എം ബി എ പഠനം പൂര്‍ത്തിയാക്കി ബേങ്കില്‍ ജോലി നേടുകയായിരുന്നു.
ഇതിനിടയില്‍ ബേങ്ക് അധികൃതര്‍ക്കും പോലീസിനും ലഭിച്ച ഊമക്കത്തുകളാണ് ഇയാള്‍ പിടിയിലാകാന്‍ വഴിയൊരുക്കിയത്. എന്നാല്‍ താന്‍ രാഘവ് രാജാണെന്ന നിലപാടില്‍ തന്നെയാണ് ബിട്ടി ഇപ്പോഴുമുള്ളത്.
കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ രാജസ്ഥാന്‍ പോലീസ് യുവാവിന്റെ തിരിച്ചറിയല്‍ അടയാളങ്ങള്‍ കൃത്യമായി രേഖപ്പെടുത്താത്തതാണ് തുടര്‍ അന്വേഷണത്തില്‍ പോലീസിന് വിലങ്ങുതടിയായത്. യുവാവിന്റെ വിരലടയാളം പോലും കൃത്യമായി രേഖപ്പടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനിടെ തന്റെ ബേങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ബിട്ടി കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു.
രാജസ്ഥാനിലാണ് ബിട്ടിക്കെതിരെയുള്ള പ്രധാന കുറ്റം. കേസിന്റെ ഉത്ഭവ സ്ഥാനം രാജസ്ഥാനായതിനാല്‍ കേസുകള്‍ അങ്ങോട്ട് മാറ്റുന്നതാണ് അഭികാമ്യമെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് ഡി വൈ എസ് പി. കെ സുദര്‍ശന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡി ജി പിക്ക് സമര്‍പ്പിച്ചിരുന്നു. ബിട്ടിയുടെ രക്ഷപ്പെടലുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഈ സംഘം ഇതുവരെ കേരളത്തിലെത്തുകയോ ബിട്ടിയെ കാണുകയോ വിവരങ്ങളാരായുകയോ ചെയ്തിട്ടില്ല. ഇതും പെട്ടെന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാനുള്ള കാലതാമസത്തിന് ഇടയാക്കുന്നുണ്ട്.
പഴയങ്ങാടി എസ് ബി ടിയില്‍ പ്രൊബേഷനറി ഓഫീസറായി ജോലി ചെയ്തിരുന്ന രാഘവ് രാജും, ആള്‍വാര്‍ കേസ് പ്രതി ബിട്ടി മൊഹന്തിയും ഒരാളാണെന്ന് തെളിയിക്കുന്നതിന് പഴയങ്ങാടി പോലീസ് ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചുവെങ്കിലും ഇതിനു കോടതി അനുമതി നല്‍കാത്തത് തുടരന്വേഷണത്തിന് തിരിച്ചടിയായി.
അതേസമയം കണ്ണൂരില്‍ പിടിയിലായത് ബിട്ടി തന്നെയാണെന്നതിന് യാതൊരു രേഖകളും ഹാജരാക്കാന്‍ കഴിയാത്ത വിഷമവൃത്തത്തിലാണ് രാജസ്ഥാന്‍ പോലീസ്. കോടതി നിര്‍ദേശപ്രകാരം മാത്രമാണ് ബിട്ടിയെ കൊണ്ടുപോയി പരോളിലിറങ്ങി മുങ്ങിയ കേസില്‍ ജയ്പൂര്‍ ജയിലില്‍ അട ച്ചത്.

Latest