Connect with us

National

പ്രധാനമന്ത്രിയുടെ രാഹുല്‍ പരാമര്‍ശം: കോണ്‍ഗ്രസില്‍ ഭിന്നസ്വരം

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ പരാമര്‍ശം പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രിയുടെത് സമയം തെറ്റിയ പ്രസ്താവനയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവേ, പ്രത്യേക വിമാനത്തില്‍ നിന്ന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രിപദത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു മന്‍മോഹന്‍ സിംഗ് വ്യക്തമാക്കിയത്.
ഇത്തരമൊരു പ്രസ്താവനക്ക് പറ്റിയ സമയമല്ല ഇതെന്ന് ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളുടെ ശരിതെറ്റുകളല്ല പ്രശ്‌നം, അതിന് തിരഞ്ഞെടുത്ത സമായമാണെന്ന് സിംഗ് പറഞ്ഞു. 10 ജന്‍പഥുമായി അടുത്ത ബന്ധമുള്ള ദിഗ്‌വിജയ് സിംഗിന്റെ ഈ വിഷയത്തിലുള്ള പ്രതികരണത്തിന് ഏറെ പ്രധാന്യമുണ്ട്.

പരസ്യ പ്രതികരണത്തിന് മുതിരാത്ത നിരവധി നേതാക്കള്‍ ദിഗ്‌വിജയ് സിംഗിന്റെ അഭിപ്രായം പങ്ക് വെക്കുന്നവരാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ സമയബോധത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാക്കേണ്ട സമയമായിട്ടില്ലെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. ഇത്തരം പ്രഖ്യാപനങ്ങള്‍ രാഹുല്‍ തന്നെ നിരുത്സാഹപ്പെടുത്തിയതാണ്. ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിപദം രാഹുലിന് കൈമാറേണ്ടി വന്നേക്കാം. പക്ഷേ പ്രധാനമന്ത്രിയെപ്പോലെ ഒരാള്‍ അത് മുന്‍കൂട്ടി പ്രഖ്യാപിച്ചത് ശരിയായില്ല. മന്‍മോഹന്‍ സിംഗ് പാര്‍ട്ടി സംവിധാനത്തിലൂടെ വന്ന ആളല്ലാത്തതിനാലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ യു പി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്വാഭാവികമായും രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും ദേശീയ വക്താവ് സഞ്ജയ് ഝാ പറഞ്ഞു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി തുല്യതയില്ലാത്ത വിധം രാഹുല്‍ തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കുകൊള്ളുകയും ചെയ്തു. അദ്ദേഹം വ്യക്തിപരമായി താഴ്ന്ന നിരയില്‍ നിലകൊള്ളാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാല്‍ പാര്‍ട്ടിക്ക് ഇതു സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഝാ പറഞ്ഞു.

പ്രതികരിക്കാനില്ലെന്ന്് വാര്‍ത്താ വിനിമയ മന്ത്രി മനീഷ് തിവാരി പറഞ്ഞു. ഇതേക്കുറിച്ച് വലിയ ചര്‍ച്ച ആവശ്യമില്ലെന്ന് തിവാരി അഭിപ്രായപ്പെട്ടു.