Connect with us

National

പുതിയ പോര്‍മുഖം തുറന്ന് കര്‍ണാടകയും തമിഴ്‌നാടും

Published

|

Last Updated

ബംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ പുതിയ പോര്‍മുഖം തുറന്ന് തമിഴ്‌നാടും കര്‍ണാടകയും. തമിഴ്‌നാടിന്റെ എതിര്‍പ്പ് അവഗണിച്ച് കാവേരി നദിയില്‍ മേകദാടുവില്‍ ജലസംഭരണി നിര്‍മിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് കര്‍ണാടക. ഇതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കാവേരി നദിക്ക് കുറുകെ മേകദാടുവില്‍ റിസര്‍വോയര്‍ പണിയുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നും അതിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നും കര്‍ണാടക നിയമമന്ത്രി ടി ബി ജയചന്ദ്ര വ്യക്തമാക്കി. കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണലിന്റെ അവസാന ഉത്തരവനസരിച്ച് മേകദാടു പോലുള്ള ജലവൈദ്യുതി പദ്ധതി നിയമവിരുദ്ധമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“ഞാന്‍ പറയുന്നത് പുതിയ കാര്യമല്ല. ഉത്തരവില്‍ പറയുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുക മാത്രമാണ് കര്‍ണാടക ചെയ്യുന്നത്” ്- ജയചന്ദ്ര പറഞ്ഞു. അതിനിടെ മേകദാടു പദ്ധതിയില്‍ നിന്ന് കര്‍ണാടകയെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. ജലവൈദ്യുത പദ്ധതിയടക്കം കാവേരിയില്‍ ഏത് പദ്ധതി തുടങ്ങണമെങ്കിലും തന്റെ സംസ്ഥാനത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ജയലളിത വാദിക്കുന്നത്. ഇതൊരു പുതിയ പദ്ധതിയാണ്. കാവേരിയുടെ ഒഴുക്കിനെ ബാധിക്കുന്ന ഇത്തരമൊരു പദ്ധതി കാവേരി ട്രൈബ്യൂണല്‍ ഉത്തരവിന്റെ പരിധിയില്‍ വരുമെന്ന കര്‍ണാടകയുടെ വാദം ഒരു തരത്തിലും നിലനില്‍ക്കുന്നതല്ലെന്നും അവര്‍ പറയുന്നു.
എന്നാല്‍ നിയമവിദഗ്ധരുമായി ആലോചിച്ച് എല്ലാ പ്രതിബന്ധങ്ങളും നീക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി പദ്ധതി വിശദമായി ചര്‍ച്ച ചെയ്തുവെന്നും കാബിനറ്റില്‍ ഈ നിര്‍ദേശം വെക്കുമെന്നും ജയചന്ദ്ര പറഞ്ഞു. കാവേരി വിഷയത്തില്‍ സംസ്ഥാനത്തിന്റെ ഭാഗം വിവിധ കോടതികളില്‍ ഉന്നയിക്കുന്ന അഭിഭാഷകരുമായും നിയമവിദഗ്ധരുമായും പുതിയ പദ്ധതിയുടെ വിവിധ വശങ്ങള്‍ ആരായും.