വിശ്വോത്തര സര്‍വകലാശാലകളില്‍ ഇന്ത്യക്ക് ഇടമില്ല

Posted on: September 10, 2013 10:46 pm | Last updated: September 10, 2013 at 10:46 pm
SHARE

mortar board & diploma on whiteവാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: ലോകത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യത്തെ 200 സ്ഥാനങ്ങളില്‍ ഇന്ത്യക്ക് ഇടമില്ല. മാസാച്ചുസറ്റ്‌സ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം ഐ ടി) യും ഹാര്‍വാര്‍ഡ് സര്‍വകാലാശാലയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഡല്‍ഹി ഐ ഐ ടി ക്ക് 222 ാം സ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഐ ഐ ടിക്ക് 212 ാം റാങ്ക് ഉണ്ടായിരുന്നു. ബ്രിട്ടന്റെ കാംബ്രിഡ്ജ് സര്‍വകലാശാലയാണ് മൂന്നാം സ്ഥാനത്ത്.
800 സര്‍വകലാശാലകളുടെ പട്ടികയില്‍ ബോംബെ ഐ ഐ ടി 233ാം സ്ഥാനത്തുണ്ട്. കാണ്‍പൂര്‍ ഐ ഐ ടിക്ക് 295 ആണ് റാങ്ക്. മദ്രാസ് ഐ ഐ ടി 313ാം സ്ഥാനത്തും ഖോരക്പൂര്‍ ഐ ഐ ടി 346ാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ നടത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയരുന്നതിന്റെ തെളിവാണെന്ന് പട്ടിക തയ്യാറാക്കിയ ക്യൂ എസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവന്‍ ബെന്‍ സൗതര്‍ പറഞ്ഞു. എന്നാല്‍ ആഗോള റാങ്കിംഗില്‍ മുന്നിലെത്തണമെങ്കില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന സന്ദേശവും പുതിയ പട്ടിക നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാഠ്യ വിഷയങ്ങളിലെ വൈവിധ്യം, അക്കാദമിക് മികവ്, ഗവേഷണ ഫലങ്ങള്‍, പഠന, ഗവേഷണ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചത്. 3000 സ്ഥാപനങ്ങളെയാണ് പഠനവിധേയമാക്കിയത്.
ഏഷ്യയിലെ മുന്‍നിരക്കാരായ 50 സ്ഥാപനങ്ങളുടെ പട്ടികയില്‍ ഐ ഐ ടി ഡല്‍ഹി 38ാം സ്ഥാനത്തും ഐ ഐ ടി ബോംബെ 39 ാം സ്ഥാനത്തുമാണ്. ഹോംഗ്‌കോംഗ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ് ഏഷ്യന്‍ പട്ടികയില്‍ ഒന്നാമത്.

LEAVE A REPLY

Please enter your comment!
Please enter your name here