Connect with us

Gulf

സിസേറിയനെ തുടര്‍ന്ന് യുവതിയുടെ മരണം: അന്വേഷണം ആരംഭിച്ചു

Published

|

Last Updated

ഷാര്‍ജ: സിസേറിയന്‍ കഴിഞ്ഞ് രണ്ടാഴ്ചക്കു ശേഷം 30 കാരിയായ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു അറബ് യുവതി മരിച്ചത്. രക്തത്തില്‍ സംഭവിച്ച അണുബാധയാണ് മരണ കാരണമെന്നായിരുന്നു റിപോര്‍ട്ട്. മെഡിക്കല്‍ പരിശോധനകളും ഫോറന്‍സിക് പരിശോധനകളുമാണ് അന്വേഷണ സംഘം ആരംഭിച്ചിരിക്കുന്നത്.
പനിക്കൊപ്പം പാന്‍ക്രിയാസില്‍ സംഭവിച്ച അണുബാധയും രക്തത്തില്‍ ഹീമോഗ്ലോബിന്‍ ക്രമാതീതമായി കുറഞ്ഞതുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംഭവിക്കാന്‍ ഇടയായ കാരണമാണ് അന്വേഷണ സംഘം അന്വേഷിക്കുന്നതെന്നാണ് സൂചന. അല്‍ ഖലീജ് ചീഫ് ഫോട്ടോഗ്രാഫറുടെ മകള്‍ അരീജയാണ് ചികിത്സയില്‍ കഴിയവേ മരിച്ചത്.

കഴിഞ്ഞ മാസം 21 ആയിരുന്നു പ്രസനത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം യുവതിയെ ഡിസ്ചാര്‍ജ്ജ് ചെയ്്തിരുന്നു. വീട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞതോടെ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് ഇടയാക്കിയതെന്ന് പിതാവ് ഹൈദര്‍ ഫഊദ് ആരോപിച്ചു. മകളുടെ നില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ആവശ്യമായ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവാത്തതാണ് മരണത്തിലേക്ക് നയിച്ചത്. ആശുപത്രി ജീവനക്കാര്‍ മകളുടെ അസുഖം ഭേദമാവുന്നുണ്ടെന്നായിരുന്നു എനിക്ക് നല്‍കിയ മറുപടി. രക്തം നല്‍കിയിട്ടും ഹീമോഗ്ലോബിന്റെ അളവ് അഞ്ചിന് മുകളിലേക്ക് എത്തിയിരുന്നില്ല. രക്തം വാര്‍ന്നാണ് അവള്‍ മരിച്ചത്.

വളരെ വേഗം പരക്കുകയും ജീവന് അപകടം വരുത്തുകയും ചെയ്യുന്ന സെപ്റ്റിക്കാമിയ എന്ന പഴുപ്പാണ് യുവതിയുടെ മരണത്തിന് ഇടയാക്കിതെന്നായിരുന്നു ആശുപത്രി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റാന്‍ ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അല്‍ ഹിറ പോലീസ് സ്‌റ്റേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അരീജ പ്രസവിച്ച പെണ്‍കുഞ്ഞ് സുഖമായിരിക്കുന്നതായും മറിയം എന്ന് പേര്‍ നല്‍കിയതായും ബന്ധുക്കള്‍ വ്യക്തമാക്കി.