രൂപ മെച്ചപ്പെട്ടു; മൂല്യം 64ല്‍ താഴെ

Posted on: September 10, 2013 4:54 pm | Last updated: September 10, 2013 at 4:54 pm

rupees countingമുംബൈ: മെച്ചപ്പെടുന്നതിന്റെ സൂചന നല്‍കി രൂപയുടെ മൂല്യം വീണ്ടും വര്‍ധിച്ചു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 64ല്‍ താഴെയെത്തി. 63.98 രൂപക്കാണ് ഇന്ന് വിനിമയം നടന്നത്. രണ്ടാഴ്ചത്തെ രൂപയുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ മാസത്തെ കയറ്റുമതി കൂടിയതും സിറിയയില്‍ സ്ഥിതിഗതികള്‍ അല്‍പം അനുകൂലമായതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടാന്‍ സഹായിച്ചത്. രാവിലെ 64.30 രൂപയായിരുന്നു മൂല്യം. ഉച്ചക്ക് ശേഷം ഇത് 63.98 എന്ന നിലയിലെത്തുകയായിരുന്നു.

ഓഹരി വിപണിയിലും ഉണര്‍വ് പ്രകടമായി. സെന്‍സെക്‌സ് 730ഉം നിഫ്റ്റി 210ഉം പോയിന്റ് ഉയര്‍ന്നു. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ തെളിവായി വ്യാപാര കമ്മിയും കുറഞ്ഞിട്ടുണ്ട്. കയറ്റുമതിയില്‍ വര്‍ധനയും ഇറക്കുമതിയില്‍ കുറവുമാണ് ആഗസ്ത് മാസത്തില്‍ രേഖപ്പെടുത്തിയത്. കയറ്റുമതി വരുമാനത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായി.