Connect with us

Malappuram

സഞ്ചരിക്കുന്ന രക്ത സംഭരണ ബേങ്ക് ഇന്ന് മഞ്ചേരിയില്‍

Published

|

Last Updated

മഞ്ചേരി: സ്റ്റേറ്റ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന രക്ത സംഭരണ ബേങ്ക് ഇന്ന് മഞ്ചേരിയിലെത്തും. ജില്ലാ പഞ്ചായത്തിന്റെ തണല്‍ക്കൂട്ടിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളും തണല്‍ക്കൂട്ട് വളണ്ടിയര്‍മാര്‍ ബോധവത്കരണം നടത്തി കൂട്ടിക്കൊണ്ട് വരുന്ന യുവാക്കളും യുവതികളും രക്ത സംഭരണ കേന്ദ്രത്തിലെത്തി രക്തം ദാനം ചെയ്യും. മഞ്ചേരി ജനറല്‍ ആശുപത്രി കോമ്പൗണ്ടിലാണ് മൊബൈല്‍ രക്ത സംഭരണ ബേങ്ക് പ്രവര്‍ത്തിക്കുന്ന ബസ് പാര്‍ക്ക് ചെയ്യുക. വര്‍ഷത്തിലൊരിക്കല്‍ കേരളത്തിലെ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ രക്ത സംഭരണ വാഹനം പര്യടനം നടത്താറുണ്ട്. സ്റ്റേറ്റ് എയ്ഡഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തണല്‍ക്കൂട്ട് എന്ന ക്യാമ്പസ് കൂട്ടായ്മയുമായി സഹകരിച്ച് കൊണ്ടാണ് ഈ വര്‍ഷത്തെ മലപ്പുറം ജില്ലയിലെ പര്യടനം ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ന് മഞ്ചേരി ജനറല്‍ ആശുപത്രി പരിസരത്തും നാളെ പുത്തനങ്ങാടി സെന്റ്‌മേരീസ് കോളജ് കോമ്പൗണ്ടിലുമാണ് രക്ത സംഭരണം തീരുമാനിച്ചിട്ടുള്ളത്. മഞ്ചേരിയില്‍ നിന്ന് ശേഖരിക്കുന്ന രക്തം മഞ്ചേരി ജനറല്‍ ആശുപത്രിയിലെ രക്ത ബേങ്കിലേക്കും പുത്തനങ്ങാടി സെന്റ് മേരീസ് കോളജില്‍ നിന്ന് ശേഖരിക്കുന്ന രക്തം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള രക്ത ബേങ്കിലേക്കുമാണ് നല്‍കുക.
മഞ്ചേരി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹിദായത്തുല്‍ മുസ്‌ലിമീന്‍ യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തുറക്കല്‍ എച്ച് എം എസ് എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ തണല്‍ക്കൂട്ട് യൂണിറ്റുകളാണ് മഞ്ചേരി ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചുള്ള ഈ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കുക. രക്തം ദാനം ചെയ്യാന്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് നേടുന്ന തണല്‍ക്കൂട്ട് അംഗങ്ങള്‍ രക്തം ദാനം ചെയ്യും. ഇതിന് പുറമെ തണല്‍ക്കൂട്ട് വളണ്ടിയര്‍മാര്‍ മഞ്ചേരി പട്ടണത്തിലെ ഓട്ടോ-ടാക്‌സി പാര്‍ക്കുകളും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ചും കാല്‍നട യാത്രക്കാരെ സമീപിച്ചും രക്തം ദാനത്തിന്റെ മഹാത്മ്യവും ആവശ്യകതയും ബോധ്യപ്പെടുത്തി രക്ത ദാനത്തിന് പ്രേരിപ്പിച്ചുകൊണ്ടുള്ള രക്തദാനക്യാമ്പാണ് സംഘടിപ്പിക്കുന്നത്.