Connect with us

Sports

സാഫ് കപ്പ്: ഇന്ത്യ ഫൈനലില്‍

Published

|

Last Updated

കാഠ്മണ്ഡു: 2013 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. അര്‍നാബ് മൊണ്ടല്‍ നേടിയ ഏക ഗോളിന് മാലദ്വീപിനെ കീഴടക്കിയ ഇന്ത്യ നാളെ കലാശപ്പോരില്‍ അഫ്ഗാനിസ്ഥാനെ നേരിടും. ഫൈനല്‍ വിസിലിന് അഞ്ച് മിനുട്ട് ശേഷിക്കെയായിരുന്നു അര്‍നാബിന്റെ വിജയഗോള്‍. സസ്‌പെന്‍ഷന്‍ കാരണം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ സേവനം മുന്‍നിരയില്‍ നഷ്ടമായ ഇന്ത്യ പതറിച്ചയില്ലാതെയാണ് തുടങ്ങിയത്.
ജെജെ ലാല്‍പെകുലക്ക് സ്‌ട്രൈക്കിംഗ് പാട്ണറായി റോബിന്‍ സിംഗ് ആദ്യ ലൈനപ്പില്‍ ഇടം നേടി. ഇരുവരും മികച്ച ഒത്തിണക്കം കാണിച്ചു. ആക്രമിച്ചു കളിച്ച ഇന്ത്യ ഏഴാം മിനുട്ടില്‍ എതിര്‍ ഗോള്‍ മുഖം വിറപ്പിച്ചു. ഇടത് വിംഗില്‍ നിന്ന് ജെജെ നല്‍കിയ ക്രോസിന് അരാറ്റ ഇസുമി തല വെക്കാന്‍ പാഞ്ഞടുത്തിരുന്നു.
എന്നാല്‍, മാലദ്വീപ് ഗോളി ഇമ്രാന്‍ മുഹമ്മദ് അവസരോചിതമായി ഇടപെട്ടു. അഞ്ച് മിനുട്ടിനുള്ളില്‍ ഇന്ത്യക്ക് ഫ്രീകിക്ക്. മെഹ്താബ് ഹുസൈന്റെ കിക്ക് പക്ഷേ റോബിന്‍ സിംഗിന്റെ കാലില്‍ തട്ടി പുറത്തേക്ക് പോയി. അരാറ്റെ-ജെജെ-റോബിന്‍ ത്രയം തുടരെ അവസരങ്ങള്‍ മെനഞ്ഞെടുത്തതോടെ മാലദ്വീപ് പ്രതിരോധത്തിലായി. മുപ്പതാം മിനുട്ടില്‍ അര്‍നാബ് മൊണ്ടലിന്റെ ലോംഗ് പാസ് സ്‌ട്രൈക്കര്‍ റോബിന്‍ സിംഗ് നെഞ്ചിലിറക്കി ജെജെക്ക് കൈമാറി. കനത്തിലുള്ള ഷോട്ട് പക്ഷേ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
മാലദ്വീപിന്റെ നീക്കങ്ങള്‍ അലി അഷ്ഫാഖ് എന്ന സ്‌ട്രൈക്കറെ കേന്ദ്രീകരിച്ചായിരുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ സ്ഥാനത്തുള്ള അലി കയറിയെത്തിയപ്പോഴെല്ലാം താളപ്പിഴകളില്ലാതെ ഇന്ത്യ പ്രതിരോധിച്ചു. ആദ്യ പകുതിയില്‍ ഇന്ത്യയുടെ അവസാന സുവര്‍ണാവസരം നാല്‍പ്പത്തിരണ്ടാം മിനുട്ടിലായിരുന്നു. മെഹ്താബ് ഹുസൈന്റെ ഷോട്ട് ഗോള്‍ ലൈനില്‍ നിന്നാണ് തട്ടിമാറ്റപ്പെട്ടത്.
രണ്ടാം പകുതി ഇന്ത്യ തുടങ്ങിയത് ഫ്രാന്‍സിസ് ഫെര്‍നാണ്ടസിന്റെ റൈറ്റ് വിംഗ് കുതിപ്പിലൂടെ. അക്രം ഗാനിയെ മറികടന്ന ഫ്രാന്‍സിസ് ബോക്‌സിനുള്ളിലേക്ക് കുതിച്ചെങ്കിലും വഴുതി വീണു. തൊട്ടടുത്ത മിനുട്ടില്‍ ഫ്രാന്‍സിസിന്റെ മറ്റൊരു മുന്നേറ്റം. റോബിന്‍ സിംഗിന് ഹെഡറിന് പാകത്തില്‍ ക്രോസ്. റോബിന്റെ ഹെഡര്‍ പക്ഷേ പ്രതിരോധത്തിലെ മുഹമ്മദ് സിഫാന്‍ ഹെഡറിലൂടെ തന്നെ കുത്തിയൊഴിവാക്കി. മെഹ്താബെടുത്ത കോര്‍ണര്‍ കിക്കും മാലദ്വീപ് ഗോള്‍മുഖം വിറപ്പിച്ചു. അറുപതാം മിനുട്ടില്‍ ഫ്രാന്‍സിന് നല്‍കിയ പാസ് റോബിന്‍ സിംഗിന് തുറന്ന അവസരം സൃഷ്ടിച്ചു. അക്രമിനെ മറികടന്ന് റോബിന്‍ തൊടുത്ത ഷോട്ട് വീണ്ടും ബാറിന് മുകളിലൂടെ പാഴായി. അടുത്ത നീക്കം മാലദ്വീപിന്റെതായിരുന്നു. അത് ഫ്രീകിക്കില്‍ കലാശിച്ചു. ഉമറിന്റെ കിക്ക് പുറത്തേക്ക് പറന്നു.
എഴുപത്തിരണ്ടാം മിനുട്ടില്‍ അലി അഷ്ഫാഖ് പെനാല്‍റ്റിക്കായി ഇന്ത്യന്‍ ബോക്‌സില്‍ ഡൈവ് ചെയ്തതിന് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. എണ്‍പതാം മിനുട്ടില്‍ മെഹ്താബിന്റെ കോര്‍ണറില്‍ ഗൗരമാംഗിയിലൂടെ ജെജെക്ക് ഗോളവസരം. പന്തടിച്ചത് നെറ്റിന് പുറത്തേക്ക്. എന്നാല്‍, എണ്‍പത്തഞ്ചാം മിനുട്ടില്‍ ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. അര്‍നാബിന്റെ ഗോള്‍. ഇന്ത്യ ഫൈനലില്‍. ഗ്യാലറിയിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിച്ച സുനില്‍ ഛേത്രിക്ക് ഓരോ നിമിഷവും ഉദ്വേഗഭരിതമായിരുന്നു.

Latest