മലബാറില്‍ ഇന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Posted on: September 10, 2013 12:33 am | Last updated: September 10, 2013 at 12:33 am

petrol pumpകോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനിലെ ടാങ്കര്‍ ലോറി സമരത്തിന് പിന്തുണ അറിയിച്ച് മലബാറിലെ നാല് ജില്ലകളില്‍ നിന്നുള്ള പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പമ്പുകളാണ് അടച്ചിടുക. അതിനിടെ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനിലെ തൊഴിലാളി സമരം ഒമ്പതാം ദിവസത്തേക്ക് കടന്നതോടെ മലബാറില്‍ ഇന്ധന ക്ഷാമം രൂക്ഷമായി. എച്ച് പിയുടെ മലബാറിലുള്ള മുന്നൂറ് പമ്പുകളും പ്രവര്‍ത്തിക്കുന്നില്ല. മറ്റ് എണ്ണക്കമ്പനികളുടെ പമ്പുകളില്‍ നിന്ന് പോലും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്ത അവസ്ഥയാണ്. കോഴിക്കോട് ജില്ലയിലെ മറ്റ് ചില കമ്പനികളുടെ പമ്പുകളില്‍ ഇന്നലെ എണ്ണ തീര്‍ന്നു. അവശേഷിക്കുന്ന പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
സി ഐ ടി യു, ഐ എന്‍ ടി യു സി, ബി എം എസ് സംഘടനകളും ടാങ്കര്‍ ഉടമകളുടെ സംഘടനയായ എ കെ എഫ് പി ടി യുമാണ് സമരം നടത്തുന്നത്. കോഴിക്കോട്, എലത്തൂര്‍, കാസര്‍കോട് ഡിപ്പോകള്‍ക്ക് കീഴിലുള്ള എച്ച ്പിയുടെ വിതരണം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. കരാര്‍ തുക വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം. ആഗസ്റ്റ് 31ന് കരാര്‍ കാലാവധി അവസാനിച്ചപ്പോഴാണ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി കരാര്‍ തുക വര്‍ധനവ് ആവശ്യപ്പെട്ടത്.
എന്നാല്‍, കമ്പനി ഇതിനൊന്നും തയ്യാറായില്ല. മൂന്ന് വര്‍ഷത്തെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തു. സമരം ആരംഭിച്ചപ്പോള്‍ ആറ് മാസം കൂടി നിലവിലെ തുകയില്‍ സര്‍വീസ് നടത്താനാവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ തയ്യാറായില്ല. മറ്റ് എണ്ണക്കമ്പനികളുടെ നിരക്ക് പരിശോധിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ലെന്നും സമരക്കാര്‍ പറയുന്നു.