Connect with us

Kannur

അപകടം കുറഞ്ഞ യാത്രക്ക് കെ എസ് ആര്‍ ടി സി

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെയെണ്ണത്തില്‍ ഏറ്റവും കുറവ് കെ എസ് ആര്‍ ടി സി ബസുകള്‍ തന്നെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ റോഡപകടങ്ങളുടെ കണക്കെടുപ്പിലാണ് സുരക്ഷിത യാത്രക്കുള്ള പ്രധാന വാഹനങ്ങളിലൊന്ന് കെ എസ് ആര്‍ ടി സിയാണെന്ന് കണ്ടെത്തിയത്. സംസ്ഥാന പോലീസാണ് കണക്കെടുപ്പ് നടത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ താരതമ്യേന കുറഞ്ഞ നിരക്കിലാണ് കെ എസ് ആര്‍ ടി സി അപകടത്തില്‍പ്പെട്ടത്. 2012ലുണ്ടായ വിവിധ വാഹനാപകടങ്ങളില്‍ 4,286 പേര്‍ മരിച്ചതില്‍ കെ എസ് ആര്‍ ടി സി മൂലമുണ്ടായ അപകടങ്ങളില്‍ 214 പേരാണ് മരണപ്പെട്ടത്. എന്നാല്‍ സ്വകാര്യ ബസുകളു(മിനി ബസുകളുള്‍പ്പെടെ)ണ്ടാക്കിയ അപകടങ്ങളില്‍ 616 പേര്‍ മരിച്ചതായി പോലീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍, ജീപ്പ്, മറ്റ് ടാക്‌സി വാഹനങ്ങള്‍ എന്നിവ അപകടത്തില്‍പ്പെട്ടത് മൂലം 803 പേര്‍ക്കും ട്രക്ക് അപകടങ്ങളെ തുടര്‍ന്ന് 385 പേര്‍ക്കും ജീവഹാനിയുണ്ടായതായും പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ 36,174 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഇവയില്‍ കെ എസ് ആര്‍ ടി സി 1198 അപകടങ്ങളുണ്ടാക്കിയപ്പോള്‍ സ്വകാര്യ ബസുകള്‍ 4,385 അപകടങ്ങളില്‍ ഉള്‍പ്പെട്ടുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കെ എസ് ആര്‍ ടി സിയുടെ അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണവും താരതമ്യേന കുറവാണ്. 1,223 പേര്‍ക്കാണ് പരുക്ക് പറ്റിയിരുന്നതെങ്കില്‍ ഇതിന്റെ മൂന്നിരട്ടിയെങ്കിലും സ്വകാര്യ ബസുകള്‍ സൃഷ്ടിച്ച അപകടങ്ങളില്‍ പരുക്ക് പറ്റിയവരാണ്. 2013ലും കെ എസ് ആര്‍ ടി സിയുടെ അപകടങ്ങള്‍ താരതമ്യേന കുറവാണ്. ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളുമാണ് ഇക്കാലയളവില്‍ അപകടത്തില്‍പ്പെട്ടതെന്നും ട്രാഫിക് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ 98 ശതമാനം അപകടങ്ങളും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാഹനമോടിക്കുന്നവര്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ ട്രാഫിക് നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണകളില്ല. വിദ്യാസമ്പന്നരായവരും അടിസ്ഥാനപരമായ ട്രാഫിക് നിയമങ്ങളെ അനുസരിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ല. സ്വകാര്യ ബസുകളിലുള്‍പ്പെടെ കൃത്യമായ പരിശീലനം ലഭിക്കാത്തവര്‍ ഡ്രൈവര്‍മാരായി വരുന്നതുമെല്ലാം കേരളത്തിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നുവെന്നതാണ് ഇത്‌സംബന്ധിച്ച ഏറ്റവും പുതിയ സര്‍വേകളില്‍ വ്യക്തമാകുന്നത്.
സംസ്ഥാനത്ത് 2009ന് ശേഷം നടന്ന റോഡപകടങ്ങളില്‍ 98 ശതമാനവും ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണെന്ന് “ഇന്ത്യയിലെ റോഡപകടങ്ങള്‍” എന്ന കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ 10,000 വാഹനങ്ങള്‍ക്ക് 65 അപകടം എന്ന തോതാണ്. ദേശീയ ശരാശരി 42.3 മാത്രമാണ്. ഈ പശ്ചാത്തലത്തിലാണ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും ആദ്യ ഘട്ട പരിശീലനം നല്‍കി. പുതുതായി ഈ വര്‍ഷവും പരിശീലനത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം അപകടത്തില്‍പ്പെട്ട ബസിലെ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പദ്ധതിയാണ് കാര്യക്ഷമമായി നടപ്പാക്കുക. എറണാകുളം, എടപ്പാള്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിലാണ് ഇത്തരം ഡ്രൈവര്‍മാര്‍ക്കുള്ള കൗണ്‍സലിംഗും പ്രത്യേക പരിശീലനവും ഊര്‍ജിതപ്പെടുത്തുകയെന്ന് കെ എസ് ആര്‍ ടി സിയുടെ കോഴിക്കോട് സോണല്‍ മാനേജര്‍ സഅദുല്ല പറഞ്ഞു. അമിത വേഗ നിയന്ത്രണത്തിനുള്‍പ്പെടെയുള്ള നടപടികള്‍ കെ എസ് ആര്‍ ടി സി കൈക്കൊണ്ടിട്ടുണ്ട്. കെ എസ് ആര്‍ ടി സിയുടെ ഡ്രൈവര്‍മാരെ കൃത്യമായി നിരീക്ഷിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കെ എസ് ആര്‍ ടി സിയുടെ മുഴുവന്‍ ബസുകള്‍ക്കും വേഗപ്പൂട്ട് ഇതിനകം കാര്യക്ഷമമായി ഘടിപ്പിച്ചു കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest