യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാകും

Posted on: September 7, 2013 6:32 pm | Last updated: September 7, 2013 at 6:32 pm

used-carsഷാര്‍ജ: പൊതുമരാമത്ത് ഡയറക്ടറേറ്റിന്റെ കീഴില്‍ നിര്‍മാണം പൂരോഗമിക്കുന്ന യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് പദ്ധതി അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാവും. അല്‍ റോഖ അല്‍ ഹംറ യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് പ്രൊജക്ടാണ് അടുത്ത വര്‍ഷം സാക്ഷാത്ക്കാരിക്കുകയെന്ന് പൊതുമരാമത്ത് ഡയറക്ടററേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സാഖര്‍ അല്‍ ഖാസിമി വ്യക്തമാക്കി.
ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതി സമയബന്ധിതമായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നത്. സ്വദേശികള്‍ക്കും എമിറേറ്റിലെ പ്രവാസി സമൂഹത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് ഈ പദ്ധതി.
എമിറേറ്റിലെ യൂസ്ഡ് കാര്‍ വില്‍പ്പനയുടെ പ്രധാന കേന്ദ്രം അബു ഷഗാറ മേഖലയാണ്. വില്‍പ്പനക്കായുള്ള കാറുകള്‍ റോഡരുകില്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതിക്ക് മുന്നിട്ടിറങ്ങിയത്. ഈ മേഖലയിലെ താമസക്കാര്‍ക്കും കാറുകള്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന സ്ഥിതിയാണ്.
ഷാര്‍ജക്കും അജ്മാനിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അല്‍ റോഖ അല്‍ ഹംറ യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് പ്രൊജക്ട് പൂര്‍ത്തിയാവുന്നതോടെ ഷഗാറയിലെ യൂസ്ഡ് കാര്‍ ഷോറൂമുകളെല്ലാം ഇവിടേക്ക് മാറ്റപ്പെടും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഷാര്‍ജ-അല്‍ ദൈദ് റോഡ്, തസ്ജീല്‍ ഓട്ടോ വില്ലേജ് തുടങ്ങിയവയോട് ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ കൂടുതല്‍ സൗകര്യം ലഭിക്കും.
നിലവില്‍ അബുഷഗാറയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഷോറും ഉടമകളുടെ ആവശ്യങ്ങള്‍ കൂടി ചോദിച്ച് മനസിലാക്കിയാണ് മികച്ച സൗകര്യം ഉറപ്പാക്കി പദ്ധതി നടപ്പാക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലും മതിയായ സൗകര്യത്തിലുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ ഷോറൂമിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 4,20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
കമ്പ്യൂട്ടര്‍ നിയന്ത്രിത പരിശോധന മേഖല, കാര്‍ ലേലത്തിനുള്ള വിശാലമായ സ്ഥലം,വാഷിംഗിന് ഉള്‍പ്പെടെയുള്ള ഓട്ടോമാറ്റിക് സംവിധാനം എന്നിവയും ഇതില്‍ ഉള്‍പ്പെടും. 26.8 കോടി ദിര്‍ഹമാണ് ഇതിനുള്ള ചെലവ് കണക്കാക്കുന്നത്.
ഇതില്‍ 16.8 കോടിയും ഭൗതിക സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് ചെലവിടുക. സിവില്‍ ജോലികള്‍ക്കായി 10 കോടിയും ചെലവഴിക്കും. 2012ല്‍ ജോലി ആരംഭിച്ചു. 2014 മധ്യത്തോടെ ഉദ്ഘാടനം ചെയ്യാന്‍ സജ്ജമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.