Connect with us

Wayanad

ഒരു വയസ്സുകാരി കിണിറ്റില്‍ വീണു; ഒമ്പതു വയസ്സുകാരി രക്ഷകയായി

Published

|

Last Updated

കല്‍പറ്റ: കിണറ്റിന്റെ പരിസരത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ ഒരു വയസുള്ള സഹോദരിയെ ഒമ്പത് വയസുള്ള സഹോദരി സാഹസികമായി രക്ഷപ്പെടുത്തി. നടവയല്‍ സെന്റ്‌തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനിയും പനമരം കാപ്പുഞ്ചാല്‍ കുന്നുമ്മല്‍ വീട്ടില്‍ ഷൈല-ആന്‍സി ദമ്പതികളുടെ മകളുമായ ഒമ്പതുകാരി ലിറ്റി റോസാണ് സാഹസികമായി സഹോദരിയെ രക്ഷിച്ചത്. പിതൃസഹോദരന്‍ വിന്‍സെന്റിന്റെ ഒരു വയസ്സുള്ള ലിയാ മോളുമായി ലിറ്റി കാപ്പുഞ്ചാലിലെ വീട്ടുമുറ്റത്തെ കിണറിനരികെ കളിക്കുകയായിരുന്നു. ഇതിനിടെ ലിയാമോള്‍ ലിറ്റിയുടെ അടുത്തു നിന്നും കിണറ്റിലേക്ക് കുതറി ചാടി. 40 റിങ് ആഴമുള്ള കിണറ്റില്‍ പതിനേഴ് റിങ് വെള്ളമുണ്ട്. 
കുട്ടി വീണ ഉടന്‍ മോട്ടോറിന്റെ പൈപ്പില്‍ പിടികിട്ടിയ കാരണം വെള്ളത്തിനടിയിലേക്ക് താഴ്ന്നില്ല. പൈപ്പില്‍ പിടിച്ച് കുട്ടി കരയുന്നത് കണ്ട ലിറ്റി വെള്ളം കോരാനായി കിണറ്റിന്റെ കപ്പിയില്‍ തൂക്കിയിട്ടിരുന്ന കയറിലൂടെ ഊര്‍ന്നിറങ്ങി മോട്ടോര്‍ സ്ഥാപിച്ച തടത്തില്‍ നിലയുറപ്പിച്ച് കുട്ടിയെ പിടിച്ച് ഉച്ചത്തില്‍ നിലവിളിച്ചു. ഈ സമയം കൂടെ കളിച്ചിരുന്ന ലിയാമോളുടെ സഹോദരന്‍ നവീന്‍ ഓടിച്ചെന്ന് അമ്മ ഐബിയെ കൊണ്ടുവന്നു. അമ്മ ബഹളം വെച്ച് നാട്ടുകാരെ വരുത്തി. ആദ്യം കിണറ്റിലിറങ്ങിയ രണ്ടു പേര്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിയാതെ തിരിച്ചു കയറി. തൊട്ടടുത്ത ആദിവാസി കോളനിയിലെ മണി, രാജന്‍ എന്നീ യുവാക്കള്‍ കയറില്‍ കൊട്ടക്കെട്ടിയിറങ്ങി രണ്ടു കുട്ടികളെയും പുറത്തെത്തിച്ചു. അപ്പോഴേക്കും ലിയമോള്‍ ബോധകെടുകയും, ലിറ്റിക്ക് സംസാരിക്കാനാവാത്ത അവസ്ഥയുമായി. മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ കൊണ്ടുപോയി ചികിത്സ നടത്തിയ ശേഷം കുട്ടികളെ അമ്മാവന്റെ വീടായ ബത്തേരി മലങ്കരയിലെ ജോസിന്റെ വീട്ടിലെത്തിച്ചു. ഇന്നലെ വൈകിട്ടോടെ ലിറ്റി സംസാര ശേഷി വീണ്ടെടുത്തു. സംഭവം അറിഞ്ഞ് കൊച്ചുസാഹസകാരിയെ കാണാന്‍ നിരവധി ആളുകള്‍ എത്തുകയുണ്ടായി.