എംപ്ലോയബിലിറ്റി സെന്റര്‍ തൊഴിലന്വേഷകരുടെ ശ്രദ്ധനേടുന്നു

Posted on: September 7, 2013 6:12 am | Last updated: September 7, 2013 at 6:12 am

കോഴിക്കോട്: മലബാര്‍ മേഖലയിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാവുകയാണ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ എംപ്ലോയബിലിറ്റി സെന്റര്‍. വിദ്യാസമ്പന്നരായിട്ടും അനുയോജ്യമായ ജോലി ലഭിക്കാത്തവരില്‍ നിന്നും അവരുടെ അഭിരുചി കണ്ടെത്തി ജോലിക്ക് പ്രാപ്തരാക്കാനുള്ള പരിശീലനം നല്‍കുകയും അതോടൊപ്പം തൊഴില്‍ ദായകരുമായി ഇവരെ ബന്ധപ്പെടുത്തുകയുമാണ് എംപ്ലോയബിലിറ്റി സെന്റര്‍ ചെയ്യുന്നത്. പല സ്ഥാപനങ്ങളും വലിയ തുക കൈപ്പറ്റി ഇത്തരം സൗകര്യങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് വെറും 250 രൂപയുടെ രജിസ്‌ട്രേഷന്‍ സംവിധാനത്തിലൂടെ ഈ സ്ഥാപനം ആജീവനാന്ത സേവനം തൊഴിലന്വേഷകര്‍ക്കായി ഏര്‍പ്പെടുത്തുന്നത്.
ജില്ലയില്‍ ഇതിനോടകം തന്നെ 600 ലധികംപേര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും 10ലധികം പേര്‍ക്ക് മികച്ച കമ്പനികളില്‍ ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് തരംതിരിച്ച് അവരുടെ അഭിരുചി കണ്ടെത്തിയശേഷം ഭാഷാശേഷി, മറ്റുള്ളവരുമായി ഇടപെടാനുള്ള കഴിവ്, ബൗദ്ധികശേഷി എന്നിവ കണ്ടെത്തുന്നതിനായുള്ള സൈക്ലോമെട്രിക്ക് ടെസ്റ്റ് നടത്തുകയുംപിന്നീട് കൗണ്‍സിലിഗും പ്രത്യേകപരിശീലനവും നല്‍കുകയുമാണ് ചെയ്യുന്നത്. പരിശീലനം ലഭിച്ചവരില്‍ സ്വയം തൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനാവശ്യമായ സൗകര്യവും ചെയ്ത് കൊടുക്കുന്നുണ്ട്.
സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിനാണ് എംപ്ലോയബിലിറ്റി സെന്ററിന്റെ നിയന്ത്രണ ചുമതല. ഹൈദരാബാദിലെ ടാലന്റ് മാനേജ്‌മെന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയാണ് ഉദ്യോഗാര്‍ഥികളുടെ സ്‌കില്‍ പരിശോധനയും സര്‍ട്ടിഫിക്കേഷനും നല്‍കുന്നത്. സെന്ററിന്റെ പ്രവര്‍ത്തനം തൊഴിലന്വേഷകരെപ്പോലെ തന്നെ തൊഴില്‍ ദായകര്‍ക്കും മികച്ച സംരംഭകരെ കണ്ടെത്താനുള്ള അവസരം നല്‍കുകയാണ്. മലബാര്‍ഗ്രൂപ്പ്, കിന്‍ഫ്ര, ജര്‍മന്‍ മോട്ടോര്‍സ്, പോപ്പുലര്‍ വെഹിക്കിള്‍സ് തുടങ്ങി 20ഓളം സ്വകാര്യ കമ്പനികളും 400 കോര്‍പ്പറേറ്റ് കമ്പനികളും എംപ്ലോയബിലിറ്റി സെന്ററിന്റെ തൊഴില്‍ദായകരായി രംഗത്തുള്ളതിനാല്‍ സ്വദേശത്തും വിദേശത്തുമായി നിരവധി അവസരങ്ങളാണ് ഇവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്.
എസ് എസ് എല്‍ സി കഴിഞ്ഞ് 18വയസ്സ് പൂര്‍ത്തിയായവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.