Connect with us

Kerala

പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെ പി സി സി നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനം. ആനുകാലിക രാഷ്ട്രീയം കേരള ജനതയെ ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ സേവനം പ്രയോജനപ്പെടുത്തും. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ സംഘടനാ പാടവം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്.  ഓണം കഴിഞ്ഞാലുടന്‍ കെ  പി പി സി എക്‌സിക്യൂട്ടീവും ജില്ലാ, ബ്ലോക്ക് കമ്മിറ്റികളുടെ യോഗവും വിളിച്ചു ചേര്‍ക്കും.  കെ പി സി സി നിര്‍വാഹക സമിതിയുടെ തിരഞ്ഞെടുപ്പും നടക്കും. അതിന് പിന്നാലെ ഡി സി സി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. എല്ലാ പാര്‍ലിമെന്റ് മണ്ഡലങ്ങളിലും ഒക്‌ടോബര്‍ ഒന്ന് മുതല്‍ 31വരെ ഏകദിന ക്യാമ്പുകള്‍ നടക്കും. എം പിമാരുമായി ആലോചിച്ചായിരിക്കും ക്യാമ്പുകളുടെ തീയതി നിശ്ചയിക്കുക. സെപ്തംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 23 വരെ കേരളത്തിലെ 1100 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും.  സെപ്റ്റംബര്‍ 30 ന് സംസ്ഥാനതലത്തില്‍ കമ്മ്യൂണിക്കേഷന്‍ ശില്‍പ്പശാല നടത്തും. എ ഐ സി സിയുടെ നിര്‍ദേശം അനുസരിച്ച് സോഷ്യല്‍ മീഡിയക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയാ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. എ ഐ സി സി മീഡിയാ സെല്‍ ചെയര്‍മാന്‍ അജയ ്മാക്കന്‍, പ്രിയാ ദത്ത് എം പി തുടങ്ങിയവര്‍ ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് വേണ്ടിയാണ് ശില്‍പ്പശാല.
ഭക്ഷ്യസുരക്ഷാ ബില്‍ രാഷ്ട്രപതി ഒപ്പിടുന്ന ദിവസം പഞ്ചായത്തടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറിന് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തും.
സപ്തംബര്‍ അവസാനം എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്‌നിക് കേരളത്തിലെത്തുന്നതോടനുബന്ധിച്ച് കെ പി സി സി ഭാരവാഹികള്‍, മന്ത്രിമാര്‍ എന്നിവരുടെ  യോഗം വിളിക്കും. എം പിമാരുടെ പ്രത്യേക യോഗവും  വിളിച്ചു ചേര്‍ക്കും. ഭക്ഷ്യസുരക്ഷാ നിയമം കേരളത്തെ എങ്ങനെ ബാധിക്കും,  ഇത് സംബന്ധിച്ച് കേരളത്തിന്റെ നിര്‍ദേശങ്ങള്‍ എന്നത് സംബന്ധിച്ച്  പഠിക്കാന്‍ നിയോഗിച്ചിരുന്ന മുന്‍ മന്ത്രി ബാബു ദിവാകരന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു.