എം എസ് ഒ ദേശീയ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈ മാസം 8, 9 തീയതികളില്‍ അഹമ്മദാബാദില്‍

Posted on: September 7, 2013 1:27 am | Last updated: September 7, 2013 at 1:27 am

MSO_Flag_fകോഴിക്കോട്: മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എം എസ് ഒ) ദേശീയ എക്‌സിക്യുട്ടീവ് ക്യാമ്പ് ഈ മാസം 8, 9 തീയതികളില്‍ അഹമ്മദാബാദില്‍ നടക്കും. ലേ മെറീഡിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പ് എം എസ് ഒ ദേശീയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഖാദിരിയുടെ അധ്യക്ഷതയില്‍ മൗലാനാ ഉസൈദുല്‍ ഹഖ് ഉത്തര്‍ പ്രദേശ് ഉദ്ഘാടനം ചെയ്യും. 2013 – 14 വര്‍ഷം ദേശീയ തലത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ച നയ സമീപന രേഖ തയ്യാറാക്കുകയാണ് ക്യാമ്പിന്റെ മുഖ്യലക്ഷ്യം.
ന്യൂനപക്ഷ വിദ്യാഭ്യാസം, തൊഴില്‍ – ഉപരി പഠന മാര്‍ഗ്ഗനിര്‍ദേശം, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ പ്രവര്‍ത്തനം, ക്യാമ്പസ് ധാര്‍മികത, ടീന്‍സ് സര്‍ക്കിള്‍ രൂപവത്കരണം തുടങ്ങിയ വിവിധ മേഖലകളില്‍ സമഗ്ര പ്രവര്‍ത്തന പദ്ധതികള്‍ക്ക്  രൂപം നല്‍കും.   20 സംസ്ഥാനങ്ങളില്‍ നിലവിലുള്ള സംഘടനാ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും യൂനിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക് വിപുലമായ പഠന പരിശീലനം നല്‍കുന്നതിനെ കുറിച്ചും ക്യാമ്പ് ചര്‍ച്ച ചെയ്യും. ഫലപ്രദമായ ആസൂത്രണം, ചുമതലാ വിഭജനം എന്നിവയിലൂടെ കര്‍മ്മപദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണം  സംബന്ധിച്ച പദ്ധതി ക്യാമ്പില്‍ ആവിഷ്‌കരിക്കും. വിവിധ പ്രവര്‍ത്തന പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറമെ ഇസ്‌ലാമിക് ദഅ്‌വ തത്വവും പ്രയോഗവും, നേതൃത്വം, വ്യക്തിത്വം, ചുമതല, അഹ്‌ലുസ്സുന്ന എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പഠനവും ക്യാമ്പില്‍ നടക്കും.   സെഷനുകള്‍ക്ക് ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ . എ പി അബ്ദുല്‍ ഹഖീം അസ്ഹരി, അഡ്വ. ഷാനവാസ് വാര്‍സി എന്നിവര്‍ നേതൃത്വം നല്‍കും.
നാഷനല്‍ എക്‌സിക്യുട്ടീവ് ക്യാമ്പിന്റെ തുടര്‍ച്ചയായി സോണ്‍, സ്റ്റേറ്റ്, ജില്ലാതലങ്ങളില്‍ നടക്കുന്ന ശില്‍പ്പശാലകളുടെ സമയക്രമം, അടുത്ത ആറ് മാസത്തേക്കുള്ള പ്രവര്‍ത്തന കലണ്ടര്‍ എന്നിവക്ക് യോഗം അംഗീകാരം നല്‍കും. വിവിധ ഗ്രൂപ്പുകളായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, ആര്‍ പി ഹുസൈന്‍, എം മുഹമ്മദ് സ്വാദിഖ്, ശുജാഅത്തലി ഖാദിരി, ഷൗക്കത്ത് ബുഖാരി, അബ്ദുര്‍റശീദ് സൈനി കക്കിഞ്ച, അബ്ദുര്‍റഊഫ് ബംഗളൂരു, എ പി ബഷീര്‍, സുഹൈറുദ്ദീന്‍ നൂറാനി എന്നിവര്‍ നേതൃത്വം നല്‍കും. നാഷനല്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്ക് പുറമെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുക്കും.