മോഡിയെ വാഴ്ത്തി സി ഇ ഒ സര്‍വേ

Posted on: September 7, 2013 1:18 am | Last updated: September 7, 2013 at 1:18 am

modi sadന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി  നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന് പിന്നാലെ   അദ്ദേഹത്തെ വാനോളം പുകഴ്ത്തി സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ ബിസിനസ് പ്രമുഖരില്‍ നാലില്‍ മൂന്നും മോഡി പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ഇക്കണോമിക് ടൈംസ്, നീല്‍സന്‍ സര്‍വേ അവകാശപ്പെടുന്നത്. രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം യു പി എ സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണെന്നും മന്‍മോഹന്‍ സിംഗിന് ഇനിയൊരു ഊഴത്തിന് സാധ്യത തീരെയില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ കമ്പനികളുടെ 100 ചീഫ് എക്‌സിക്യൂട്ടീവുകളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ ഏഴ് ശതമാനം പേര്‍ മാത്രമാണത്രേ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പിന്തുണച്ചത്. നെഹ്‌റു കുടംബത്തിലെ നാലാം തലമുറ നേതാവായ രാഹുല്‍ ഗാന്ധിക്ക് ആ ചരിത്രവും പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടിയുടെ നേതാവെന്ന ആത്മവിശ്വാസവും തുണയാകില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്. രൂപയുടെ മൂല്യമിടിവും അനുബന്ധ സാമ്പത്തിക പ്രതിസന്ധികളും 1991ലെ പ്രതിസന്ധിയെ അനുസ്മരിപ്പിക്കുന്നുവെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തുന്നു.
നയപരമായ വരള്‍ച്ചയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈ ഘട്ടത്തില്‍ ശക്തമായ നേതൃത്വം വേണമെന്ന് സി ഇ ഒമാര്‍ ആഗ്രഹിക്കുന്നു. എല്ലാ അര്‍ഥത്തിലും രാഹുലിനേക്കാള്‍ മോഡിയെയാണ് അവര്‍ പിന്തുണക്കുന്നത്- സര്‍വേയുടെ ഉപസംഹാര കുറിപ്പില്‍ ഇക്കണോമിക്‌സ് ടൈംസ് രേഖപ്പെടുത്തുന്നു.
500 കോടി രൂപയിലേറെ ആസ്തിയുള്ള കമ്പനികളെ ഉള്‍പ്പെടുത്തി നീല്‍സന്‍ ഗ്രൂപ്പ് ആഗസ്റ്റ് ഒന്നിനും സെപ്തംബര്‍ ഒന്നിനും ഇടയിലാണ് സര്‍വേ നടത്തിയത്.