Connect with us

National

ജഗന്‍മോഹന്‍ റെഡ്ഡിയുടെ കസ്റ്റഡി കാലാവധി നീട്ടി

Published

|

Last Updated

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഈ മാസം 20 വരെ നീട്ടി.  പ്രത്യേക സി ബി ഐ കോടതിയാണ് കാലാവധി നീട്ടിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.  കേസിലെ മറ്റ് പ്രതികളായ ജഗന്റെ ഓഡിറ്റര്‍ വി വിജയ് സായി റെഡ്ഡി, മുന്‍ മന്ത്രി മോപിദേവി വെങ്കട രമണ റാവു, വ്യവസായി നിമ്മഗഡ്ഡ പ്രസാദ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കെ വി ബ്രഹ്മാനന്ദ റെഡ്ഡി എന്നിവരുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ചഞ്ചല്‍ഗുഡയിലുള്ള സെന്‍ട്രല്‍ ജയിലിലാണ് പ്രതികളെ പാര്‍പ്പിച്ചിരുന്നത്.   വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി നടപടികളില്‍ പ്രതികള്‍ പങ്കെടുത്തത്.  ആന്ധ്ര മുന്‍ മന്ത്രിമാരായിരുന്ന ധര്‍മന പ്രസാദ റാവു, സബിത റെഡ്ഡി എന്നിവരും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായി. ആന്ധ്രാ പ്രദേശ് വ്യവസായ മന്ത്രി ജെ ഗീത റെഡ്ഡിയെ കഴിഞ്ഞ ദിവസം സി ബി ഐ ചോദ്യം ചെയ്തിരുന്നു. ജഗന് ലെപാക്ഷി നോളജ് ഹബിന് സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മന്ത്രിയെ പ്രതി ചേര്‍ത്തിരിക്കുന്നത്.
നേരത്തെ ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് നിരാഹാരമിരുന്ന ജഗനെ അനാരോഗ്യത്തെ തുടര്‍ന്ന് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ്  ജയിലിലേക്ക് മാറ്റിയത്.
കഴിഞ്ഞ മെയ് 27നാണ് സ്വത്ത് സമ്പാദന കേസില്‍ ജഗനെ സി ബി ഐ അറസ്റ്റ് ചെയ്തത്.