ക്രിമിനലുകള്‍ തന്നെ വേണമെന്ന് എന്താണിത്ര നിര്‍ബന്ധം?

Posted on: September 7, 2013 6:00 am | Last updated: September 7, 2013 at 1:12 am

jailക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും അയോഗ്യത കല്‍പ്പിക്കുന്ന സുപ്രധാനമായ വിധി പുനഃപരിശോധിക്കാനാകില്ലെന്ന് സുപ്രീം കോടതി അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ്. ചരിത്രപ്രധാനമായ തീരുമാനത്തെ നിയമഭേദഗതിയെന്ന വളഞ്ഞ വഴിയിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിനും ഇക്കാര്യത്തില്‍ പക്ഷം മറന്ന് ഒന്നിച്ച രാഷ്ട്രീയ നേതൃത്വത്തിനും കിട്ടിയ പ്രഹരമാണ് വിധിയെന്ന് പറയാതെ വയ്യ. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒരു ശുദ്ധീകരണത്തിന് നിര്‍ബന്ധിതമാക്കുന്ന രണ്ട് സുപ്രധാന വിധികളാണ് കഴിഞ്ഞ ജുലൈ മാസം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. പൊതുസമൂഹം പ്രതീക്ഷയോടെയും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ആശങ്കയോടെയും കണ്ട ഈ വിധികള്‍ രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തെന്ന് വരും കാലമാണ് തെളിയിക്കേണ്ടത്.
എന്നാല്‍, വിധി വന്നത് മുതല്‍ പരസ്പരം പോരടിച്ചിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം അസ്വസ്ഥത പ്രകടിപ്പിക്കുന്നതില്‍ ഒന്നിച്ചു നിന്നു. ഉന്നത നീതിന്യായ പീഠം പുറപ്പെടുവിച്ച ഈ ചരിത്രവിധി എങ്ങനെ മറികടക്കാമെന്ന് കൂട്ടായിരുന്ന് ആലോചിച്ചു. നിയമഭേദഗതി കൊണ്ടുവന്ന് രാജ്യസഭയില്‍ അത് പാസ്സാക്കുകയും ചെയ്തു. ജനസംഖ്യയില്‍ നൂറ് കോടി കടന്ന രാജ്യത്ത് ക്രിമിനലുകള്‍ തന്നെ ജനപ്രതിനിധികളാകണമെന്ന് എന്തുകൊണ്ട് ഇവര്‍ നിര്‍ബന്ധം പിടിക്കുന്നുവെന്ന ചോദ്യത്തിന് വോട്ട് ചെയ്യുന്ന ജനം ബാലറ്റിലൂടെ ഉത്തരം നല്‍കിയേ മതിയാകൂ.
കോടതി കുറ്റവാളികളെന്ന് കണ്ടെത്തിയ എം പിമാരും എം എല്‍ എമാരും അയോഗ്യരാണെന്ന നിര്‍ണായക വിധിയാണ് ആദ്യം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ക്രിമിനലുകളെ സഭകളിലിരുത്തിയ ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ എ കെ പട്‌നായികും എസ് ജെ മുഖോപാധ്യായയും ഉള്‍പ്പെടുന്ന ബഞ്ച് തീര്‍പ്പ് കല്‍പ്പിച്ചു.
കോടതി കുറ്റവാളികളായി കണ്ടെത്തിയ ശേഷം മേല്‍കോടതികളില്‍ അപ്പീലിന് പോയാലും സ്വന്തം പദവികളില്‍ തുടരാന്‍ ഇത്തരക്കാര്‍ക്ക് യോഗ്യതയില്ലെന്നും കോടതി ഉത്തരവിട്ടു. മലയാളിയായ അഡ്വ. ലില്ലി തോമസിന്റെ പൊതുതാത്പര്യ ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവുണ്ടായത്. ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് പാര്‍ലിമെന്റും സംസ്ഥാന നിയമസഭകളും. കുറ്റവാളികളല്ല ഇവിടങ്ങളില്‍ വാഴേണ്ടതെന്ന സന്ദേശമാണ് ഈ സുപ്രധാന വിധിയിലൂടെ കോടതി നല്‍കിയത്.
ജയിലിലോ പോലീസ് കസ്റ്റഡിയിലോ ഉള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും തൊട്ടടുത്ത ദിവസം മറ്റൊരു ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. 2004ല്‍ പാട്‌ന ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടായിരുന്നു ഈ ഉത്തരവ്. ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെങ്കില്‍ ജയിലിലുള്ള വ്യക്തിക്ക് മത്സരിക്കാനും അവകാശമില്ലെന്ന് കോടതി പറഞ്ഞു. ജയിലിലുള്ളവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പറ്റ്‌ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവുണ്ടായത്. ഈ വിധി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണത്തിനെതിരെ സുപ്രീം കോടതി മുമ്പും ശക്തമായ താക്കീത് നല്‍കിയിരുന്നു. ഭരണ, രാഷ്ട്രീയ മേഖലകള്‍ മലീമസമാകുന്നതിനെച്ചൊല്ലിയുള്ള ജനകീയ ഉത്കണ്ഠകളും നിലനില്‍ക്കുമ്പോഴാണ് ഉന്നത നീതിന്യായ പീഠത്തിന്റെ ഇടപെടലുകള്‍ വരുന്നത്.
കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിന് തടസ്സമായിത്തീര്‍ന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് നിരാകരിച്ചാണ് പരമോന്നത കോടതി കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ അയോഗ്യരാണെന്ന വിധി പുറപ്പെടുവിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (നാല്) വകുപ്പ് അനുസരിച്ചാണ് ക്രിമിനല്‍ ജനപ്രതിനിധികള്‍ നിയമനിര്‍മാണ സഭകളില്‍ തുടര്‍ന്നിരുന്നത്. ഓരോ കോടതി ശിക്ഷിക്കുമ്പോഴും മേല്‍കോടതിയില്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ തുടരാന്‍ ഇവര്‍ക്ക് ഈ വകുപ്പ് പ്രകാരം കഴിയുമായിരുന്നു. പാര്‍ലിമെന്റ് നിര്‍മിക്കുന്ന ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലിമെന്റ് അംഗത്വം നഷ്ടപ്പെടുമെന്ന് ഭരണഘടനയുടെ 102(ഒന്ന്) അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. ഏതെല്ലാം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരാണ് ജനപ്രതിനിധികളാകുന്നതില്‍ അയോഗ്യരെന്ന് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ മൂന്നാം അധ്യായത്തിലെ ഏഴും എട്ടും വകുപ്പുകളില്‍ പറഞ്ഞിട്ടുമുണ്ട്.
എന്നാല്‍, എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് കുറ്റവാളികളെ അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന ഹരജിക്കാരിയുടെ വാദം സുപ്രീം കോടതി നേരത്തെ ശരി വെക്കുകയായിരുന്നു. നാലാം ഉപവകുപ്പ് പ്രകാരം എം പിയോ എം എല്‍ എയോ ആയ ശേഷം ഒരാള്‍ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയാല്‍ മൂന്ന് മാസത്തിനകം അപ്പീല്‍ നല്‍കിയാല്‍ മതിയായിരുന്നു. അപ്പീലില്‍ മേല്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ ഇവര്‍ അയോഗ്യരാകുന്നില്ല. അതിനാല്‍, ഈ വകുപ്പ് ഭരണഘടനക്കു മേലെയാണെന്നാണ് കോടതി കണ്ടെത്തിയത്. പുതിയ വിധിയോടെ, കുറ്റം ചെയ്തതായി ഏതു കോടതി കണ്ടെത്തിയാലും ആ ദിവസം തൊട്ട് ക്രിമിനല്‍ ജനപ്രതിനിധികളുടെ അയോഗ്യത നിലവില്‍വരികയാണ്.
ഈ വിധിന്യായം പുറപ്പെടുവിച്ച അതേ ബഞ്ച് തന്നെയാണ് ജയിലിലോ പോലീസ് കസ്റ്റഡിയിലോ ഉള്ളവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന വിധിയും പുറപ്പെടുവിച്ചിരുന്നത്. കുറ്റപത്രം പോലും ലഭിച്ചിട്ടില്ലാത്ത നിരവധി രാഷ്ട്രീയക്കാര്‍ ജയിലിലുണ്ടായിരിക്കെ രാഷ്ട്രീയ ശത്രുക്കള്‍ പുതിയ വിധി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാദത്തില്‍ അടിസ്ഥാനമുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. അതു കൊണ്ടാണ് ഇത് പുനഃപരിശോധിക്കാന്‍ തയ്യാറാകുന്നതും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 62ാം വകുപ്പില്‍ അഞ്ചാം ഉപവകുപ്പ് പ്രകാരം വോട്ട് ചെയ്യാന്‍ ഒരു വ്യക്തിക്ക് അവകാശമില്ലെങ്കില്‍, പാര്‍ലിമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനും അവകാശമില്ലെന്നായിരുന്നു കോടതിയുടെ തീര്‍പ്പ്. കരുതല്‍ തടങ്കല്‍ ഒഴിച്ച് ജയിലിലും പോലീസ് കസ്റ്റഡിയിലുമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.
കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല. ഭരണഘടനയും നിയമവും വ്യാഖ്യാനിച്ചാല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളവര്‍ക്ക് 1951ലെ നിയമപ്രകാരം വോട്ട് ചെയ്യാന്‍ അവകാശമില്ല. ആ സാഹചര്യത്തില്‍ മത്സരിക്കാനും അവകാശമില്ലെന്നാണ് കോടതി കണ്ടെത്തിയത്.
രാഷ്ട്രീയം കൂടുതല്‍ സംശുദ്ധമാകാനും സുതാര്യമാകാനും ഈ വിധികള്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ജനാധിപത്യ മൂല്യം ഉയരുന്നതിനൊപ്പം നിയമനിര്‍മാണ സഭകളുടെ നിലവാരം ഉയരുകയും ചെയ്യും. ജയിലുകളില്‍ നിന്ന് പാര്‍ലിമെന്റ്, നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ വരുന്ന കാഴ്ച ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ലജ്ജിപ്പിക്കുന്നതാണ്. രണ്ട് പതിറ്റാണ്ടിനിടെ നമ്മുടെ രാഷ്ട്രീയം ഗുരുതരമായ ക്രിമിനല്‍വത്കരണത്തിലേക്ക് നീങ്ങിയെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
നിലവില്‍ പദവിയില്‍ തുടരുന്ന രാജ്യത്തെ എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടെ 4807 ജനപ്രതിനിധികളില്‍  30 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണക്ക്. ഇവരില്‍ 14 ശതമാനം പേര്‍ക്കെതിരെയുള്ളത് ഗുരുതരമായ കുറ്റങ്ങളാണ്. ഇവരെല്ലാം ശിക്ഷിക്കപ്പെടുന്ന പക്ഷം ഇവരുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകും. തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ അവര്‍തന്നെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നതാണ് കേസുകളുടെ ഈ കണക്കുകള്‍.
ആകെ 543 എം പിമാരില്‍ 162 പേര്‍ക്കെതിരെയും 4032 എം എല്‍ എമാരില്‍ 1258 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്ന് ഒരു സന്നദ്ധ സംഘടന ശേഖരിച്ച കണക്കുകളില്‍ കണ്ടെത്തിയിരുന്നു. കേരളത്തിലെ 48 ശതമാനം ജനപ്രതിനിധികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ ഒമ്പത് ശതമാനം പേര്‍ക്കെതിരെ ഗുരുതരമായ കുറ്റമാണുള്ളതെന്ന് ഈ സംഘടന പുറത്ത് വിട്ട കണക്ക് പറയുന്നു.
ഝാര്‍ഖണ്ഡിലാണ് ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ഏറ്റവും കൂടുതല്‍ എം എല്‍ എമാരുള്ളത്. അവിടെ 74 എം എല്‍ എമാരില്‍ 55 പേരും  ക്രിമിനല്‍ കേസ് നേരിടുന്നു. ബിഹാറിലെ 58 ശതമാനവും ഉത്തര്‍പ്രദേശിലെ 47 ശതമാനവും എം എല്‍ എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്.
ഈ കണക്കുകളില്‍ തന്നെ കോടതി വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തം. നിയമനിര്‍മാണ സഭകളില്‍ കുറ്റവാളികള്‍ കടന്നുകൂടുന്ന ആപത്കരമായ പ്രവണത  ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. ആ തലത്തില്‍ ഈ വിധികള്‍ നല്‍കുന്ന പ്രതീക്ഷ വളരെ വലുതുമാണ്. ഭരണ, രാഷ്ട്രീയ തലങ്ങള്‍ അഴിമതിവിമുക്തവും സംശുദ്ധവുമാകണമെന്ന കോടതിയുടെ ലക്ഷ്യത്തൊടൊപ്പം രാജ്യത്തെ ജനാധിപത്യവിശ്വാസികളും നില്‍ക്കുമെന്നുറപ്പ്.
കോടതി വിധികളോട് രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുവില്‍ പ്രകടിപ്പിക്കുന്ന എതിര്‍പ്പ് സ്വാഭാവികമാണ്.  മറ്റ് കുറ്റവാളികള്‍ക്ക് ലഭിക്കുന്ന അവകാശം പോലും വിധി, ജനപ്രതിനിധികള്‍ക്ക് നിഷേധിക്കുന്നുവെന്ന പരാതിയാണ് ഇവര്‍ ഉന്നയിക്കുന്നത്. വിചാരണക്കോടതി ശിക്ഷിച്ചാലും സുപ്രീം കോടതി വരെയുള്ള അപ്പീല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് ഒരാള്‍ കുറ്റവാളിയാണോയെന്ന് അന്തിമമായി തീരുമാനിക്കുന്നത്. എന്നാല്‍ ആദ്യ വിധിയോടെ തന്നെ ജനപ്രതിനിധി അയോഗ്യനാകുമെന്നത് നീതികരിക്കാനാകില്ലെന്നും രാഷ്ട്രീയനേതൃത്വം വാദിക്കുന്നു.
അപ്പീലുകളില്‍ അവസാന തീര്‍പ്പിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും പ്രശ്‌നമാണ്. ജനാധിപത്യ പ്രക്രിയയില്‍ത്തന്നെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഇത്തരം പോരായ്മകള്‍ പരിഹരിക്കാന്‍ സുപ്രീം കോടതിയോ പാര്‍ലിമെന്റോ ഇടപെടേണ്ടി വരും. അല്ലാത്തപക്ഷം നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന നിലയിലേക്ക് മാറും.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും സ്വന്തം വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനും രാഷ്ട്രീയപാര്‍ട്ടികള്‍ ആത്മാര്‍ഥത കാണിച്ച് രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം തടയുകയാണ് ആത്യന്തികമായി വേണ്ടത്. എല്ലാ പാര്‍ട്ടികളും അതിന് സന്നദ്ധമായാല്‍ ഇങ്ങനെയൊരു വിധി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം പോലും ഒഴിവാക്കാനാകും.

 

[email protected]