Gulf
ഫര്‍ണിച്ചര്‍ കടക്ക് തീപിടിച്ചു
ഷാര്‍ജ: സഫീര്‍ മാളിനകത്ത് പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കടക്ക് തീപിടിച്ചു. മാളിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 9.30ക്കായിരുന്നു സംഭവം.
അര മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കാന്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സിന് സാധിച്ചത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ സഹായകമായി. ആര്‍ക്കും പരുക്കേറ്റതായി റിപോര്‍ട്ടില്ല. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീപിടിച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി മാളിന് പുറത്തേക്ക് പായുകയായിരുന്നു. എമിറേറ്റില്‍ അടിക്കടിയുണ്ടാവുന്ന തീപിടുത്തങ്ങള്‍ ജനങ്ങളെ ആശങ്കയിലാക്കുകയാണ്. മുമ്പ് വിവിധ താമസ സമുച്ഛയങ്ങള്‍ക്ക് തീപിടിച്ചത് നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിയത് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
എമിറേറ്റിലെ വ്യവസായ മേഖലയിലും അടിക്കടി തീപിടുത്തം സംഭവിക്കാറുണ്ട്. ആളുകള്‍ വേണ്ടത്ര കരുതല്‍ എടുക്കാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നാണ് അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

