ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍

Posted on: September 6, 2013 6:07 am | Last updated: September 6, 2013 at 2:08 pm

പത്തനംതിട്ട: സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി സരിത എസ് നായര്‍ 40ലക്ഷം രൂപ തട്ടിയെടുത്തതായുള്ള സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയിട്ടില്ലെന്ന് പരാതിക്കാരനായ കോന്നി മല്ലേലിയില്‍ ശ്രീധരന്‍നായര്‍ വെളിപ്പെടുത്തി.
സോളാര്‍ കേസിലെ അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിനല്‍കുകയായിരുന്നു ശ്രീധരന്‍നായര്‍.കേസില്‍ റാന്നി കോടതില്‍ താന്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു. പാലക്കാട് കഞ്ചിക്കോടുള്ള ക്രിന്‍ഫ്രപാര്‍ക്കില്‍ തന്റെ പ്ലാന്റില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് കാണിച്ച് സരിത തന്നെ വന്നു കാണുകയും ചെയ്തു. തന്നെ വിശ്യാസത്തിലെടുക്കുന്നതിനായിട്ടാണ് സരിത മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിച്ചത് പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുളള ക്രഷര്‍ യൂണിറ്റ് ഉടമയാണ് ശ്രീധരന്‍ നായര്‍ എന്ന് സരിത മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ കൊളളാം താങ്കളെപോലുളളവര്‍ ഇത്തരം പദ്ധതികള്‍ക്ക് പ്രോാത്സാഹനം നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജലവൈദ്യുതി പദ്ധതികളുടെ സാധ്യത കുറഞ്ഞുവരുകയാണെന്നും സൗരോര്‍ജ പദ്ധതികളാണ് അഭികാമ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സബ്‌സിഡിയുടെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം തന്നെ പദ്ധതിക്ക് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചെന്നും ശ്രീധരന്‍ നായര്‍ റാന്നി കോടതിയില്‍ സമര്‍പ്പിച്ച രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ മുഖ്യ മന്ത്രി പണം ആവശ്യപ്പെട്ടിട്ടുണ്ടേയെന്ന കോടതിയുടെ ചോദ്്യത്തിന്‍ ഇല്ലെന്നാണ് ശ്രീധരന്‍ നായര്‍ മറുപടി നല്‍കിയത്.