Connect with us

Articles

ന്യൂ ജനറേഷന്‍ അനുശോചനം

Published

|

Last Updated

bush cartoonപണ്ടാണെങ്കില്‍ മരിച്ചു എന്ന് പറയാന്‍ മടിയായിരുന്നു. അതുവരെ കളിച്ചും ചിരിച്ചും പണിയെടുത്തും സ്വപ്‌നം കണ്ടും ജീവിച്ച ഒരാള്‍ മരിച്ചാല്‍, മരിച്ചു എന്ന് പച്ചയായി പറയാന്‍ മടി. അങ്ങേയറ്റം ഭയഭക്തിബഹുമാനത്തോടെ നാട്ടുകാര്‍ തമ്മില്‍ പറയും: “ഓര്‍ക്ക് സൂക്കേട് ജാസ്തിയായി”. അല്ലെങ്കില്‍ “ഓറങ്ങ് നടന്ന്ക്ക്.” സംഗതി എല്ലാം ഒന്നു തന്നെ. എങ്കിലും മരിച്ചു എന്ന് പറയാന്‍…
അന്നത്തെ മരണവീടും അങ്ങനെത്തന്നെ. അനാവശ്യമായി ഒരൊറ്റ വാക്കുമുണ്ടാകില്ല അവിടെ. സൂക്ഷിച്ചു നോക്കിയാല്‍ കാണാം ശരിക്കും ദുഃഖം തളം കെട്ടിനില്‍ക്കുന്നത്. നിശ്ശബ്ദത നിറഞ്ഞ അടുക്കും ചിട്ടയും.
പിന്നെപ്പിന്നെ മരണത്തിനും വന്നു മാറ്റം. മരിച്ചാല്‍ ആളുകള്‍ പറയും: “സംഗതി കഴിഞ്ഞു”, “കാറ്റ് പോയി” എന്നൊക്കെ. ചിലര്‍ സ്വകാര്യമായി പറയും: “വടിയായി”. ഇപ്പോള്‍ പഴയ അടുക്കും ചിട്ടയുമില്ല മരണവീടുകളില്‍. മരിക്കുമ്പോള്‍ വീട്ടു മുറ്റത്ത് ടാര്‍പായ ഉയരുന്നു. കസേരകള്‍ നിറയുന്നു. രാത്രിയായാല്‍ ജനറേറ്റര്‍ മുരളുന്നു. ഫ്രീസര്‍ വേണം, വിദേശത്തുള്ള മകന്‍ നാളെയേ വരൂ. മൊബൈല്‍ സംഗീതം, എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ…റീത്തുകള്‍ പാര്‍ട്ടി വക, സംഘടന വക, നേതാവ് വക… മൗന ജാഥ, അനുശോചന യോഗം… മരിച്ചാലും വിടില്ല…വാര്‍ത്ത നന്നായിവരണം. പത്രങ്ങളില്‍ മരണ വാര്‍ത്ത. തരാതരം പോലെ.
ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു. മരണവാര്‍ത്ത കൊടുക്കാന്‍ താത്പര്യമേറെ. ഇതിനായി ഇയാള്‍ മുതിര്‍ന്ന പൗരന്‍മാരുടെ ഫോട്ടോകള്‍ ശേഖരിച്ചു വെക്കും. മരിച്ചു കിട്ടിയാല്‍ കൊടുക്കാനാണ്. മരിച്ചാലുണ്ടാകുന്ന ആ വെപ്രാളത്തിനിടയില്‍ വിവരം കിട്ടിയാലും ഫോട്ടോ കിട്ടുമെന്നുറപ്പില്ലല്ലോ. അതിനുള്ള ഒരു മുന്നൊരുക്കമായിരുന്നു ഇത്.
മുന്‍കൂട്ടി മരണ വാര്‍ത്ത തയ്യാറാക്കി വെക്കുന്ന പരിപാടിയുടെ ആദ്യ രൂപമായിരുന്നു ഇത്. പത്രങ്ങള്‍ നേരത്തെ തന്നെ ആളുകളെ വാക്കുകള്‍ കൊണ്ട് കൊല്ലുന്നു. എല്ലാം ശരിയാക്കി വെക്കുന്നു. കക്ഷി മരിക്കാറാകുമ്പോള്‍ ഒന്നു കൂടി ഉറപ്പ് വരുത്തുന്നു, അതവിടെത്തന്നെ ഉണ്ടല്ലോ. പിന്നെ അര്‍ധ രാത്രിയില്‍ മരിച്ചാലും പ്രശ്‌നമില്ല. പുലര്‍ച്ചെ മരിച്ചാലും തരക്കേടില്ല. കഥയും ഉപകഥയുമായി പിറ്റേന്ന് പത്രം. പൊടിപ്പും തൊങ്ങലും വിടാതെ. നികത്താനാകാത്ത വിടവ്, മരണം വരെ കര്‍മനിരതന്‍, രാജ്യത്തിന് നഷ്ടം… വായനക്കാര്‍ക്കുമുണ്ടാകും അമ്പരപ്പ്. ഈ പത്രക്കാരെ സമ്മതിക്കണം. ഇതൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പേ കൊന്ന് ഫ്രീസറില്‍ വെച്ചതാണെന്ന് പാവം വായനക്കാരുണ്ടോ അറിയുന്നു!
നേരത്തെ കണ്ട “പ്രാ. ലേ.” വാര്‍ത്ത തേടി നടക്കുകയാണ്. ഒരാള്‍ വിളിച്ചു പറഞ്ഞു, സ്‌കുളിനടുത്തുള്ള വീട്ടിലെ മുറ്റം നിറയെ ആള്‍ക്കൂട്ടം. അവിടുത്തെ ഗൃഹനാഥന് അസുഖം കൂടുതലാണെന്ന് ആരോ പറഞ്ഞിരുന്നു. അയാള്‍ മരിച്ചിട്ടുണ്ടാകും. വേഗം വാര്‍ത്ത എഴുതി അയക്കുക തന്നെ. ഇപ്പോള്‍ ടൗണിലേക്കുള്ള ബസ്സില്‍ കൊടുത്തയച്ചാല്‍ നാളെത്തന്നെ മരണവാര്‍ത്ത വരുമെന്നുറപ്പ്. പിറ്റേന്ന് വാര്‍ത്ത വന്നു. പക്ഷേ, ആളുകള്‍ ലേഖകന്റെ വീട്ടിലേക്കാണോടിയത്. രണ്ട് കൊടുത്തിട്ടു തന്നെ ബാക്കി കാര്യം. സത്യം പറയാമല്ലോ. പരേതന്‍ മരിച്ചിരുന്നില്ല. ആട് കിണറ്റില്‍ വീണപ്പോള്‍ എടുക്കാന്‍ വന്നവരാണ് മുറ്റത്തുണ്ടായിരുന്നത് !
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബുഷിന്റെ സെക്രട്ടറിക്കും പറ്റിയത് ഇത് തന്നെ. മണ്ടേലയെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി എന്ന് വായിച്ചപ്പോള്‍ ഇയാള്‍ കരുതി സംഗതി കഴിഞ്ഞു എന്ന്. മുന്‍കൂട്ടി തയ്യാറാക്കി വെച്ച അനുശോചനം കൊടുക്കാന്‍ പിന്നെ താമസമുണ്ടായില്ല. ഇപ്പോള്‍ മനസ്സിലായല്ലോ, മരണവാര്‍ത്ത മാത്രമല്ല, നല്ല നല്ല അനുശോചനങ്ങളും മുന്‍കൂട്ടി തയ്യാറാക്കുകയാണെന്ന് ! ന്യൂ ജനറേഷന്‍ അനുശോചനം!