Articles
ഇറച്ചിക്കോഴി പ്രശ്‌നത്തിലെ കുറുക്കന്‍ ആര്?

ഉന്നയിച്ച ആവശ്യങ്ങളൊന്നും നേടിയെടുക്കാതെ എട്ട് ദിവസം നീണ്ട സമരത്തില്‍ നിന്ന് കോഴി കര്‍ഷകരും വ്യാപാരികളും പിന്മാറിയിരിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളോട് അധികൃതര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടും ഓണം ഉത്സവ കാലത്ത് സമരം നടത്തുന്നത് വഴിയുണ്ടാകുന്ന നഷ്ടം നികത്താന്‍ ആരില്‍ നിന്നും സഹായം ലഭിക്കില്ലെന്ന യാഥാര്‍ഥ്യവുമാണ് ഇവരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നു പറഞ്ഞാല്‍ അത് അസത്യമാകാന്‍ ഇടയില്ല. എന്തായിരുന്നു ഇറച്ചിക്കോഴി മേഖലയിലെ പ്രശ്‌നങ്ങള്‍? ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെന്തെല്ലാം? ഇക്കാര്യത്തില്‍ അധികൃതരുടെ നിലപാടെന്താണ്? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് മത്സ്യം കഴിഞ്ഞാല്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രധാന മാംസാഹാരമായ ഇറച്ചിക്കോഴി വിപണിയില്‍ സംജാതമായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ അന്യസംസ്ഥാന ലോബിയുടെ കറുത്ത കരങ്ങളെ തിരിച്ചറിയാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍. ജീവല്‍പ്രധാന പ്രശ്‌നം ഉയര്‍ത്തി ഇറച്ചിക്കോഴി കര്‍ഷകര്‍ ആരംഭിച്ച സമരം ലക്ഷ്യം കാണാതെ പിന്മാറിയതില്‍ നിന്ന് ഇതാണ് മനസ്സിലാക്കേണ്ടത്.
പ്രധാനമായും മൂന്ന് ചെക്‌പോസ്റ്റുകളിലൂടെ പ്രതിദിനം അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്ന അറുനൂറോളം ടണ്‍ ഇറച്ചിക്കോഴി സംസ്ഥാനത്തിന്റെ പൊതുഖജനാവിനെ നികുതികൊണ്ട് സമ്പുഷ്ടമാക്കുന്നതാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല. മിക്ക ഭക്ഷ്യ വസ്തുക്കള്‍ക്കെന്ന പോലെ ഇറച്ചിക്കോഴിക്കും കേരളം പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്‌നാടിനെത്തന്നെയാണ്. ഇതാണ് പ്രതിസന്ധിയുടെ മൂല കാരണങ്ങളിലൊന്ന്. മറ്റു മേഖലകളെ പോലെ തന്നെ കേരളത്തെ പരമാവധി വിപണിയാക്കി വെച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യാനാണ് തമിഴ്‌നാട് ലോബി ഇറച്ചിക്കോഴിയുടെ കാര്യത്തിലും ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് ഡിമാന്‍ഡ് വര്‍ധിക്കുമ്പോഴെല്ലാം കൃത്രിമ ക്ഷാമമുണ്ടാക്കിയും മറ്റും കൊള്ളലാഭം കൊയ്യാനുള്ള ശ്രമത്തിന് തികഞ്ഞ മൗനത്തിലൂടെ അധികൃതര്‍ പിന്തുണ നല്‍കുന്ന കാഴ്ചയാണ് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
ഈ ഓണം ഉത്സവ കാലത്ത് കൃത്രിമക്ഷാമം സൃഷ്ടിച്ച് നിലവിലുള്ള 14.5 ശതമാനം നികുതി കുറപ്പിക്കാനുള്ള ശ്രമമാണ് ഈ ലോബി നടത്തുന്നത്. അതിന് ചില സംഘടനകളും പിന്തുണ നല്‍കുന്നു. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ഇറച്ചിക്കോഴി കടത്തുന്നതിന് നികുതി നല്‍കുന്ന ഏര്‍പ്പാട് രാജ്യത്ത് ഒരു സ്ഥലത്തും നിലനില്‍ക്കുന്നില്ല എന്ന പ്രധാന വാദമാണ് ഈ ലോബിയും അവരെ പിന്തുണക്കുന്നവരും ഉന്നയിക്കുന്നത്. എന്നാല്‍ രാജ്യത്തെവിടെയും നിലവിലില്ലാത്ത നികുതി സമ്പ്രദായം കേരളത്തില്‍ നടപ്പിലാക്കിയതിന്റെ കാരണത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരു കണ്‍സ്യുമര്‍ സംസ്ഥാനമെന്ന നിലയില്‍ എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കുന്ന കേരളത്തിന് ആശ്രിതരുടെ ചതിക്കുഴികള്‍ വ്യക്തമായി കാണാന്‍ കഴിയാറില്ലെന്ന പതിവ്, യാഥാര്‍ഥ്യമാണ്. ഇവിടെയാണ് കാര്യങ്ങളെ നേരായി കാണേണ്ടത്.
സംസ്ഥാനത്തിന്റെ പ്രതിദിന ഉപഭോഗത്തിന്റെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഇറച്ചിക്കോഴി ഉത്പാദിപ്പിക്കപ്പെടുന്നത്. തമിഴ്‌നാടിനെ അപേക്ഷിച്ച് കൃഷിയായി പരിഗണിക്കുന്നതിന് പകരം വ്യവസായമായാണ് ഇറച്ചിക്കോഴി കൃഷിയെ കേരള സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയെന്ന നിലയില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, അനധികൃത റെയ്ഡ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരില്‍ നിന്ന് ക്രൂരമായ നടപടികളാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇതേ സമയത്ത് ഇറച്ചിക്കോഴി വിപണനം കൃഷിയായി തന്നെ കാണുന്ന അയല്‍ സംസ്ഥാനങ്ങള്‍ വന്‍ ആനുകൂല്യങ്ങളാണ് ഈ മേഖലക്ക് നല്‍കി വരുന്നത്. തമിഴ്‌നാടിന്റെ വാര്‍ഷിക വരുമാനത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്ന ഇറച്ചിക്കോഴി മേഖലക്ക് തീറ്റ, വെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വന്‍ ആനുകൂല്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്നു. തമിഴ്‌നാട്ടിലെ പ്രധാന ഇറച്ചിക്കോഴി ഫാക്ടറികളെല്ലാം ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളുടെ ബിനാമി സ്ഥാപനങ്ങളായതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കാന്‍ ഇവര്‍ ആവുന്നത് ശ്രമിക്കുന്നുണ്ട്.
ഇവിടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന്റെ പ്രസക്തി വ്യക്തമാകുന്നത്. വന്‍ ആനുകൂല്യങ്ങള്‍ പറ്റി കൂടുതലായി ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴി നികുതിയില്ലാതെ കേരളത്തില്‍ എത്തിക്കാനായാല്‍ നിലവിലെ അവസ്ഥയില്‍ ആനുകൂല്യങ്ങളൊന്നുമില്ലാതെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കുറഞ്ഞ ശതമാനം കോഴിക്കൃഷി തകര്‍ത്ത് ഇവര്‍ക്ക് കേരളത്തിലെ വിപണി പിടിച്ചെടുക്കാനാകുമെന്ന കാര്യത്തില്‍ സംശയമില്ല. നികുതി എടുത്തുകളയുന്നത് ഉപഭോക്താക്കള്‍ക്ക് താത്കാലികമായി ചെറിയ തോതില്‍ ആശ്വാസം നല്‍കുമെങ്കിലും ഇതുവഴി ക്രമേണ വിപണി സ്വന്തമാക്കുന്ന തമിഴ്‌നാട് ലോബി പിന്നീട് കോഴിയുടെ വില നിശ്ചയിക്കാനുള്ള അധികാരം കൈയടക്കുകയും ചെയ്യും. ഇത് ഉപഭോക്താക്കള്‍ക്ക് ദുരിതമായിത്തീരും. അതേസമയം ചരക്ക് സേവന നികുതി നിലവില്‍ വരുന്നതോടെ തീറ്റക്കും കോഴിക്കും ഒരേ നികുതിയാകും. അങ്ങനെ വന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും. ഈ സാഹചര്യത്തില്‍ നിലവിലുള്ള 14.5 ശതമാനം നികുതി ഒഴിവാക്കണെന്ന ചില വ്യാപാരി സംഘടനകളുടെ ആവശ്യം തമിഴ്‌നാട് ലോബിയെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം തള്ളിക്കളയാനാകില്ല. നിലവില്‍ കേരളത്തില്‍ ഉത്പാദനം കൂടുന്ന സമയത്ത് വില കുറച്ചും ഉത്പാദനം കുറയുമ്പോള്‍ ഡിമാന്‍ഡ് വര്‍ധിപ്പിച്ചും ലാഭം കൊയ്യുകയുമാണ് ഇപ്പോള്‍ തമിഴ്‌നാട് ലോബി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ബ്രോയിലര്‍ കോ-ഓര്‍ഡിറ്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഇറച്ചിക്കോഴിയുടെ വില നിശ്ചയിക്കുന്നത്.
ഇവര്‍ നിശ്ചയിക്കുന്ന വിലക്ക് പുറമെ നികുതി കൂടി ചേര്‍ക്കുകയല്ലാതെ മറ്റൊന്നും സംസ്ഥാന സര്‍ക്കാറിനോ അധികൃതര്‍ക്കോ ചെയ്യാന്‍ കഴിയാത്ത അവസ്ഥാണ് നിലവിലുള്ളത്. ഇതോടൊപ്പം ഇറച്ചിക്കോഴി കൃഷിക്ക് ആവശ്യമായ മുട്ട, കോഴിത്തീറ്റ എന്നിവക്ക് കേരളം തമിഴ്‌നാടിനെയാണ് ആശ്രയിക്കുന്നതെന്നിരിക്കെ, ഇവക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ഹാച്ചറി മുട്ടകള്‍ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചും ഭക്ഷ്യ ഉപഭോഗത്തിനുള്ള മുട്ടയില്‍ ചേര്‍ത്ത് കയറ്റുമതി ചെയ്തും കേരളത്തിന്റെ ഇറച്ചിക്കോഴി കൃഷിക്ക് തടയിടാന്‍ പലപ്പോഴും തമിഴ്‌നാട് ശ്രമിച്ചുവരുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനോ കേരളത്തിലെ കര്‍ഷകരെ സഹായിക്കാനോ സര്‍ക്കാറോ കേരള പൗള്‍ട്രി കോര്‍പ്പറേഷനോ ശ്രമിക്കുന്നില്ല. വിപണിയില്‍ ഇടപെടാനോ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനോ കോര്‍പ്പറേഷന്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. ഇറച്ചിക്കോഴിയുടെ തറവില വര്‍ധിപ്പിച്ചതോടെ കര്‍ഷകരും വ്യാപാരികളും നിലവില്‍ ഒരു കിലോ കോഴിക്ക് 95 രൂപയുടെ 14.5 ശതമാനം ടാക്‌സും കോഴിക്കുഞ്ഞിന് 35 രൂപയും ടാക്‌സുമാണ് നല്‍കേണ്ടി വരുന്നത്.
ഒരു ഇറച്ചിക്കോഴിക്ക് 20 രൂപ വിലയുണ്ടായിരുന്ന സമയത്താണ് നികുതിയടക്കാനുള്ള പരിധിയായി വിറ്റുവരവ് 10 ലക്ഷമായി നിശ്ചയിച്ചത്. എന്നാല്‍ ഈ വില ഇപ്പോള്‍ 95 രൂപയിലെത്തിയിട്ടും പരിധി വിറ്റുവരവ് ഇപ്പോഴും 10 ലക്ഷം തന്നെയാണ്. നിലവിലെ സാഹചര്യത്തില്‍ ഇതു 60 ലക്ഷം വരെയെങ്കിലും ഉയര്‍ത്തണം. ഒപ്പം കോഴിവളര്‍ത്തല്‍ വ്യവസായമായി കാണാതെ കൃഷിയായി പരിഗണിക്കാനും ആവശ്യമായ ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാനും കഴിയണം. ഒപ്പം പൗള്‍ട്രി ഫാമുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാക്കുന്ന ലൈസന്‍സും പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റും സുതാര്യമാക്കുകയും മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും വേണം.
സംസ്ഥാനത്ത് ഒട്ടുമിക്ക കര്‍ഷകരും പല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് ഇറച്ചിക്കോഴി കൃഷിയിലേര്‍പ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അശാസ്ത്രീയമായ നികുതിഘടനയും ഇതുമൂലം വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കര്‍ഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ മേഖലയെ കുറിച്ച് പഠിക്കാനോ സഹായിക്കാനോ ശ്രമിക്കാതെ മേഖലയെ ഒരു കറവപ്പശുവായി കാണാനാണ് മാറിമാറി വന്ന സര്‍ക്കാറുകള്‍ എന്നും ശ്രമിച്ചുപോന്നത്. കേരളത്തിലെ മറ്റേത് മേഖലയെയും പോലെ അധികൃതരുടെ തികഞ്ഞ അനാസ്ഥ മൂലമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് വന്‍തോതില്‍ നികുതി വരുമാനം നല്‍കുന്ന ഇറച്ചിക്കോഴി മേഖലയും വന്‍ പ്രതിസന്ധി നേരിടുന്നത്.
kaistnr@gmail.com