പെന്‍ഷന്‍ ബില്‍ പാസായി

Posted on: September 4, 2013 7:57 pm | Last updated: September 4, 2013 at 11:58 pm

parliament-sl-19-3-2012

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടയില്‍ ലോക്‌സഭ പെന്‍ഷന്‍ ബില്‍ പാസാക്കി. വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ രണ്ട്‌നാള്‍ മാത്രം അവശേഷിക്കവെ ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. പെന്‍ഷന്‍ മേഖലയില്‍ മേല്‍നോട്ട സംവിധാനം കൊണ്ടുവരികയും പെന്‍ഷന്റെ ആനുകൂല്യം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ബില്ല് 2011′ . ഒന്നാം യുപി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2005 ലാണ് ആദ്യമായി പെന്‍ഷന്‍ ബില്ല് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്.
അന്ന് പാസാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2011 ല്‍ വീണ്ടുംം അവതരിപ്പിക്കുകയായിരുന്നു. 28 സംസ്ഥാനങ്ങള്‍ പുതിയ പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് ബില്ലിനെ അനുകൂലിച്ച് സംസാരിക്കവേ ധനമന്ത്രി പി ചിദംബരം പറഞ്ഞു. ബില്ലിനെച്ചൊല്ലി ഉയര്‍ന്ന ഒരു നിര്‍ദേശമൊഴികെ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കല്‍ക്കരിപ്പാട വിതരണത്തിലെ അഴിമതി സംബന്ധിച്ച ഫയലുകള്‍ കാണാതായതിനെച്ചൊല്ലിയും ഇന്ധന വിലവര്‍ധനയെച്ചൊല്ലിയും ലോക്‌സഭ പ്രക്ഷുബ്ധമായതിനിടക്കാണ് സര്‍ക്കാര്‍ പെന്‍ഷന്‍ ബില്ലുമായി വീണ്ടും രംഗത്തെത്തിയത്.
ബില്ല് പാസാക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന് ആശ്വാസം പകരം. ധനമന്ത്രി പി ചിദംബരവും പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥും മുതിര്‍ന്ന ബി ജെ പി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് ബില്ല് പാസാക്കിയെടുത്തത്. ചര്‍ച്ചയില്‍ പങ്കെടുത്ത സമാജ്‌വാദി പാര്‍ട്ടി അംഗം ശൈലേന്ദ്ര കുമാര്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ മന്ത്രിമാരായ കമല്‍നാഥും കപില്‍ സിബലും മുലായം സിംഗ് യാദവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഡി എം കെയും ഇടതു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തു . പെന്‍ഷന്‍ ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നതിനെയും വിദേശനിക്ഷേപം അനുവദിക്കുന്നതിനെയുമാണ് ഇവര്‍ പ്രധാനമായും എതിര്‍ത്തത്.