Connect with us

Sports

ഇഞ്ചുറി ടൈമില്‍ ഇന്ത്യക്ക് സമനില

Published

|

Last Updated

കാഠ്മണ്ഡു: യുവേഫ സൂപ്പര്‍ കപ്പില്‍ ചെല്‍സിക്കെതിരെ ബയേണ്‍ മ്യൂണിക്ക് എക്‌സ്ട്രാ ടൈമിലെ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടിയതു പോലെ, സാഫ് കപ്പില്‍ ഇന്ത്യക്ക് ആവേശ സമനില. ബംഗ്ലാദേശിനെതിരെ തൊണ്ണൂറ് മിനുട്ടിന് ശേഷം, അധികം നല്‍കിയ സമയത്തില്‍ അവസാന സെക്കന്‍ഡിലാണ് ഇന്ത്യയുടെ നായകന്‍ ഛേത്രി സമനില ഗോള്‍ നേടുന്നത് (1-1). പോയിന്റ് പങ്കിട്ട ഇന്ത്യ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വ്യാഴാഴ്ച നേപ്പാളിനെ നേരിടും.
ഇന്ത്യക്കായി നാല്‍പ്പത്തൊന്ന് രാജ്യാന്തര ഗോളുകള്‍ തികച്ച സുനില്‍ ഛേത്രി മലയാളി താരം ഐ എം വിജയന്റെ റെക്കോര്‍ഡ് മറികടന്നു. ബൈച്ചുംഗ് ബൂട്ടിയയുടെ 42 ഗോളുകളുടെ റെക്കോര്‍ഡിനരികെയെത്തുകയും ചെയ്തു. എന്നാല്‍, റെക്കോര്‍ഡുകള്‍ തന്റെ ലക്ഷ്യമല്ലെന്ന് ഛേത്രി പറഞ്ഞു. മത്സരം വിജയിക്കുകയാണ് പ്രധാനം. ബംഗ്ലാദേശിനെതിരെ തോറ്റിരുന്നെങ്കില്‍ അതൊരു ദുരന്തമായിട്ടേ താന്‍ കാണുമായിരുന്നുള്ളൂ. മത്സരത്തില്‍ ആധിപത്യമുണ്ടായിട്ടും പാഴാക്കിയ അവസരങ്ങളുടെ പേരില്‍ തോല്‍വി സംഘമാവുക എന്നത് ദൗര്‍ഭാഗ്യകരമാണ്. ജയിക്കേണ്ട മത്സരമായിരുന്നു. പക്ഷേ, സമനില നേടാന്‍ സാധിച്ചതില്‍ ആശ്വാസം കൊള്ളുന്നു- ഛേത്രി പറഞ്ഞു.
ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലും തുടരെ അവസരങ്ങള്‍ സൃഷ്ടിച്ച ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട് എണ്‍പത്തിമൂന്നാം മിനുട്ടില്‍ ബംഗ്ലാദേശ് ലീഡെടുത്തു. കളിയുടെ ഒഴുക്കിന് വിപരീതമായി ആതിഖുര്‍ റഹ്മാന്‍ മെഷുവാണ് ഇന്ത്യയുടെ വല കുലുക്കിയത്. മികച്ച ഒത്തിണക്കം കാണിച്ച ഇന്ത്യന്‍ ടീം എട്ടാം മിനുട്ടില്‍ തന്നെ ആദ്യ സുവര്‍ണാവസരം സൃഷ്ടിച്ചു. നിര്‍മില്‍ ഛേത്രി പന്തുമായി എതിര്‍ ഹാഫിലേക്ക് കയറിയെത്തി ഫ്രാന്‍സിസ് ഫെര്‍നാണ്ടസിന് വലത് വിംഗിലേക്ക് നല്‍കിയ പാസ് ബംഗ്ലാദേശിന്റെ നില തെറ്റിച്ചു. തകര്‍പ്പന്‍ ഫോമിലായിരുന്ന ഫ്രാന്‍സിസ് ബംഗ്ലാദേശ് പ്രതിരോധത്തിലെ ഫൈസലിനെ വേഗമുള്ള നീക്കത്തില്‍ കീഴടക്കി ബോക്‌സിനുള്ളിലേക്ക് ക്രോസ് പാസ് നല്‍കി. മധ്യഭാഗത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുനില്‍ ഛേത്രിക്ക് സുവര്‍ണാവസരം. പക്ഷേ, ക്യാപ്റ്റന് പിഴച്ചു. വോളി ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനുട്ടില്‍ ഛേത്രിക്ക് വീണ്ടും അവസരം. ലെനി റോഡ്രിഗസ്-മെഹ്താബ്-ഛേത്രി കൂട്ടുകെട്ടില്‍ പിറന്ന അവസരവും ലക്ഷ്യം കണ്ടില്ല.
തുടരെയുള്ള ഇന്ത്യന്‍ ആക്രമണം ബംഗ്ലാദേശിനെ പൂര്‍ണമായും പ്രതിരോധത്തിലാഴ്ത്തി. മോഹന്‍രാജിന്റെ ലോഗ് ത്രോ ബോള്‍ ഫ്രാന്‍സിസിന് വോളിയുതിര്‍ക്കാനവസരം നല്‍കി. അതും ബാറിന് മുകളിലൂടെ പറന്നു. ഫ്രാന്‍സിസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് മെഹ്താബിന് ലക്ഷ്യത്തിലെത്തിക്കാനായതുമില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഛേത്രിയുടെ നിര്‍ഭാഗ്യം തുടര്‍ന്നു. ബോക്‌സിനുള്ളില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരവും ക്യാപ്റ്റന്‍ പാഴാക്കി. എന്നാല്‍, ഏഴ് മിനുട്ട് ശേഷിക്കെ കോര്‍ണര്‍ കിക്കില്‍ നിന്ന് ബംഗ്ലാദേശ് ലീഡ് ഗോള്‍ കണ്ടെത്തി. ഇടതടവില്ലാതെ ഇന്ത്യ ആക്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ ഇഞ്ചുറി ടൈമിലെ ഛേത്രി മാജിക്കില്‍ ഇന്ത്യക്ക് സമനില.
സുബ്രതാ പാലാണ് ഇന്ത്യന്‍ വല കാത്തത്. നിര്‍മല്‍ ഛേത്രി, ഗൗരമാംഗി സിംഗ്, അര്‍നാബ്, മോഹന്‍രാജ്, ഫ്രാന്‍സിസ്, ലെനി റോഡ്രിഗസ്, മെഹ്താബ്, ജെജെ, ജിവെല്‍ രാജ, സുനില്‍ ഛേത്രി എന്നിവര്‍ ആദ്യ ലൈനപ്പില്‍ ഇറങ്ങി. റോബിന്‍ സിംഗ്, അരാറ്റ, ഡൗസന്‍ ഫെര്‍നാണ്ടസ് പകരക്കാരായിറങ്ങി.

Latest