Connect with us

Wayanad

കൃഷികള്‍ക്ക് രോഗബാധ വ്യാപകം; കാര്‍ഷിക മേഖല കടുത്ത ആശങ്കയില്‍

Published

|

Last Updated

കല്‍പറ്റ: കാര്‍ഷിക മേഖലയായ വയനാടിനെ കാത്തിരിക്കുന്നത് കടുത്ത വറുതിയുടെ നാളുകള്‍. കര്‍ഷകര്‍ക്ക് തുണയാവേണ്ട കൃഷി വകുപ്പ് പോലും ഇ ക്കാര്യം ഗൗരത്തില്‍ എടുക്കുന്നില്ല. കാലവര്‍ഷത്തില്‍ രണ്ട് മാസത്തിലേറെ നിലയ്ക്കാതെ പെയ്ത മഴ ശമിച്ചപ്പോള്‍ കാര്‍ ഷിക മേഖല കടുത്ത ആശങ്കയിലേക്ക് നീങ്ങുന്നു. ഒന്നൊഴിയാതെ എല്ലാ കൃഷികള്‍ക്കും രോഗബാധയാണിപ്പോള്‍ കാണുന്നത്. 

മഴ തുടര്‍ന്നപ്പോള്‍ തന്നെ കണ്ട് തുടങ്ങിയ കവുങ്ങിലെ കായ കൊഴിച്ചില്‍ ഇപ്പോള്‍ അതിശീഘ്രം വ്യാപിക്കുകയാണ്. ഒണത്തിന് മുന്‍പ് വിളവെടുക്കാമെന്ന് കരുതിയ പൈങ്ങകള്‍ ഒന്നൊഴിയാതെ കൊഴിയുകയാണ്. ഓരോ കവുങ്ങിനു ചുവട്ടിലും അടിച്ചുകൂട്ടാവുന്നത്ര ഇളം കായകള്‍ ഉപയോഗ ശൂന്യമായി കൊഴിഞ്ഞുകിടക്കുന്നു. രണ്ടും മൂന്നും ടണ്‍ വീതം ഓരോ സീസണിലും പറിച്ചെടുത്തിരുന്ന കവുങ്ങിന്‍ തോട്ടങ്ങളില്‍ പോലും ഇത്തവണ വിളവെടുക്കാന്‍ പൈങ്ങ ശേഷിക്കുന്നില്ല. ക്വിന്റലിന് കഴിഞ്ഞ തവണ ഈ സീസണില്‍ നാലായിരത്തിഅഞ്ഞൂറ് രൂപ വരെ വിലയുണ്ടായിരുന്നു പൈങ്ങയ്ക്ക്. വയനാട്ടില്‍ കച്ചവടക്കാര്‍ സംഭരിക്കുന്ന പൈങ്ങ സുഗന്ധപാക്കിനായി കര്‍ണാടകയില്‍ നിന്ന് എത്തുന്ന കച്ചവടക്കാര്‍ വന്‍തോതില്‍ വാങ്ങിയിരുന്നു. പൈങ്ങ സംഭരിക്കാനും സംസ്‌ക്കരിക്കാനുമുള്ള അടയ്ക്കാപുരകള്‍ വയനാടിന്റെ പല ഭാഗത്തും മഴ മാറുന്നതോടെ സജീവമായിരുന്നു. എന്നാല്‍ ഇത്തവണ അടയ്ക്കാപുരകളിലേക്ക് വയനാട്ടില്‍ നിന്നുള്ള പൈങ്ങ എത്തുന്നില്ല. മുന്‍കൂര്‍ കരാര്‍ ഉറപ്പിച്ച് കവുങ്ങിന്‍തോട്ടങ്ങള്‍ക്ക് അഡ്വാന്‍സ് കൊടുത്ത വ്യാപാരികള്‍ പിന്നീട് ആ വഴി പോയിട്ടുപോലുമില്ല. അതിനാല്‍ അഡ്വാന്‍സ് ഒഴികെ കൃഷിക്കാര്‍ക്ക് ഈ കൃഷിയില്‍ നിന്ന് പ്രതീക്ഷ പോലും അസ്തമിച്ചു. കായകൊഴിച്ചിലിന് ഒപ്പം കവുങ്ങിന് മാഹാളി രോഗവും ജില്ലയുടെ മിക്കഭാഗത്തും പടര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഉല്‍പാദിപ്പിച്ച പൈങ്ങയുടെ പത്തിലൊന്ന് പോലും ഇത്തവണ ഉണ്ടാവില്ലെന്നതാണ് കച്ചവടക്കാരുടെ കണക്ക്. കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന നാണ്യ വിളകളുടെ വിളവെടുപ്പിന്റെ ഇടവേളകളില്‍ കര്‍ഷകര്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്ന് പൈങ്ങയായിരുന്നു.
നിറയെ കായ്ച്ച കാപ്പിച്ചെടികളില്‍ നിന്ന് ഞെട്ടഴുകല്‍ രോഗം ബാധിച്ച് കായകള്‍ ഇതിനകം തന്നെ വലിയ തോതില്‍ കൊഴിഞ്ഞുപോയി. അതിവര്‍ഷം മൂലം കാപ്പിയെ ബാധിച്ച ഈ രോഗത്തിന് മഴ മാറിയിട്ടും ശമനമില്ല. കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി പോലും കാപ്പി ഇത്തവണ കിട്ടില്ലെന്നാണ് കര്‍ഷകരുടെ കണക്ക്. കാപ്പിച്ചെടികള്‍ക്ക് ചുവട്ടിലും കറുപ്പ് ബാധിച്ച് അഴുകിയ ഇളം കാപ്പിക്കുരു പരന്നു കിടക്കുകയാണ്. കുരുമുളകിന് പണ്ട് മുതല്‍ രോഗ ബാധ വളരെ കൂടുതലാണ് വയനാട്ടില്‍ മഴ മാറി വെയില്‍ തെളിഞ്ഞതോടെ ശേഷിക്കുന്ന വള്ളികളിലും ദ്രുതവാട്ടം വ്യാപകമാണ്. നേരത്തെ ഇട്ട തിരികളെല്ലാം കൊഴിഞ്ഞുപോവുകയാണിപ്പോള്‍. ഇഞ്ചിക്ക് മാഹാളി അടക്കമുള്ള രോഗങ്ങള്‍ വ്യാപകമായിട്ടുണ്ട്. അതിനാല്‍ പുതിയ ഇഞ്ചിയുടെ വിലയിലും വന്‍ ഇടിവാണ് പ്രകടമാവുന്നത്. വയലിലും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളിലുമൊക്കെ നട്ട ഇഞ്ചിയില്‍ ഗണ്യമായ പങ്കും ഇതിനകം നശിച്ചു. ചേനയും കപ്പയും പോലുള്ള രോഗങ്ങള്‍ക്ക് മുന്‍പൊന്നും കാര്യമായ രോഗങ്ങള്‍ പ്രകടമായിരുന്നില്ല. എന്നാല്‍ ഇത്തവണ ഈ കൃഷികള്‍ക്കും വ്യാപകമായ രോഗ ബാധകാണുന്നു, താങ്ങാവുന്നതില്‍ അധികം വെള്ളം കെട്ടിനിന്നതിനാല്‍ ഈ രണ്ട് കൃഷികളുടെയും കടയാകെ ചീഞ്ഞുപോയി. തേയില ചെടികളുടെ കൂമ്പും ഇലയും ചീഞ്ഞ് ഉല്‍പാദനം ഗണ്യമായി കുറഞ്ഞത് ചെറുകിട തേയില കൃഷിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. പത്തും പന്ത്രണ്ടും കിലോ വരെ തൂക്കം പ്രതീക്ഷിച്ച് നട്ടുനനച്ച നേന്ത്രവാഴകളിലെ കുലകള്‍ കൈവിരലില്‍ തൂക്കിയെടുക്കാന്‍ പോലും ഭാരമില്ലാത്ത വിധം ശോഷിച്ചുപോയി. സമയത്ത് വളപ്രയോഗം നടത്താന്‍ കഴിയാത്തതും വെള്ളം കെട്ടിനിന്നതുമാണ് നേന്ത്രവാഴ കൃഷിക്ക് വന്‍ പ്രഹരമായത്. ഏറ്റവും ഒടുക്കം നെല്ലിനും പുതിയ രോഗ ബാധ വ്യാപകമായി. ഇലകള്‍ മഞ്ഞ നിറം ബാധിച്ച് അടര്‍ന്നുപോവുന്ന രോഗമാണ് മിക്കയിടത്തും കാണുന്നത്. കനത്ത മഴ കറുമൂസ പോലുള്ള ചെടികളുടെ അന്തകനായി. കറുമൂസ മരങ്ങള്‍ മിക്കതോട്ടങ്ങളിലും മൂട് ചീഞ്ഞ് നിലംപൊത്തിയിരിക്കുകയാണ്. ഫലത്തില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ പോലും കാര്‍ഷിക വിളകള്‍ ഒന്നുമില്ലാത്ത അവസ്ഥയിലേക്കാണ് കാര്‍ഷിക മേഖലയുടെ പോക്ക്.
ഈ കൃഷികളുടെ നാശനഷ്ടമൊന്നും സര്‍ക്കാറിന്റെ കണക്കില്‍ വരാത്തതാണ്. അതുകൊണ്ടു തന്നെ സാഹയ പ്രതീക്ഷയും കര്‍ഷകര്‍ക്കില്ല. കഴിഞ്ഞ തവണത്തെ വേനലിലും മഴയിലും നശിച്ച കൃഷികള്‍ക്കുള്ള നഷ്ടപരിഹാരം പോലും സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുമില്ല. അടുത്ത വിളവെടുപ്പ് സീസണ്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് വറുതിയുടെ കാലമാവുമെന്ന ആശങ്കയാണ് ഉയരുന്നത്.

 

Latest