Connect with us

Kannur

അപമാനം സഹിച്ച് ആരും ചുമതലയില്‍ തുടരേണ്ട: മന്ത്രി കെ സി ജോസഫ്

Published

|

Last Updated

കണ്ണൂര്‍: അപമാനം സഹിച്ച് ആരും ചുമതലയില്‍ തുടരേണ്ടതില്ലെന്നും അപമാനമാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടെങ്കില്‍ പുറത്തുപോകാമെന്നും മന്ത്രി കെ സി ജോസഫ്. ചീഫ് വിപ്പ് പദവിയില്‍ അപമാനം സഹിച്ചാണ് തുടരുന്നതെന്ന പി സി ജോര്‍ജിന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും വരുമെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ ഉറവിടത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഇത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളോട്തന്നെ ചോദിക്കുന്നതാണ് നല്ലത്.
മുഖ്യമന്ത്രിയെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ പെടുത്തണമെന്ന് കാണിച്ച് എല്‍ ഡി എഫ് സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
സോളാര്‍ തട്ടിപ്പ് കേസില്‍ സിറ്റിംഗ് ജഡ്ജിയെ അന്വേഷണത്തിന് ലഭിക്കുന്നതിന് സര്‍ക്കാറിന് എതിരഭിപ്രായമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഹൈക്കോടതിയാണ് സിറ്റിംഗ് ജഡ്ജിയെ വിട്ടുതരണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
മുഖ്യമന്ത്രിയെ തെരുവില്‍ തടയുന്ന സമരം ജനാധിപത്യവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. വിമോചനസമരത്തിന്റെ രണ്ടാം പതിപ്പാണിത്. നിയമ സഭയില്‍ ഭൂരിപക്ഷമുള്ള മുഖ്യമന്ത്രിയെ തെരുവ് സമരംകൊണ്ട് നീക്കാമെന്നാണ് സി പി എം ധരിക്കുന്നതെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും കെ സി ജോസഫ് പറഞ്ഞു.

 

Latest