Connect with us

Wayanad

നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍ പാതക്കെതിരെ കര്‍ണാടക പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും രംഗത്ത്

Published

|

Last Updated

കല്‍പ്പറ്റ: നഞ്ചങ്കോടിനെ വയനാട്, നീലഗിരി വഴി നിലമ്പൂരുമായി ബന്ധിപ്പിച്ച് റെയില്‍പാത നിര്‍മിക്കുന്നതിന് കര്‍ണാടകയിലെ പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ഉടക്കിടുന്നു. നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിനു കത്ത് നല്‍കാനുള്ള നീക്കത്തിലാണ് കര്‍ണാടകയിലെ വന്യ വൈല്‍ഡ് ലൈഫ് ട്രസ്റ്റ്. പദ്ധതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.
നിര്‍ദിഷ്ട പാതയില്‍ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയ്ക്കും കേരളത്തിലെ ബത്തേരിക്കുമിടയിലാണ് രാജ്യത്തെ പ്രമുഖ കടുവാസങ്കേതങ്ങളിലൊന്നായ ബന്ദിപ്പുര. ഇതിലേ നിര്‍മിക്കുന്ന റെയില്‍പാത ആനകള്‍ ഉള്‍പ്പെടെ വന്യജീവികളുടെ കൂട്ടക്കുരുതിക്ക് കാരണമാകുമെന്നാണ് കര്‍ണാടകയിലെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ പലരുടെയും അഭിപ്രായം. കേരളത്തിലെ വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതം എന്നിവയുമായി അതിരുന്നതാണ് ബന്ദിപ്പുര ടൈഗര്‍ റിസര്‍വ്. ഇതിന്റെ ബഫര്‍ സോണില്‍ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട, നഞ്ചങ്കോട്, എച്ച്.ഡി.കോട്ട, ചാമരാജ്‌നഗര്‍ താലൂക്കുകളിലെ 123 ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന 479.18 ചതുരശ്ര കിലോ മീറ്റര്‍ പാരിസ്ഥിതിക സംവേദക മേഖലയായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക സംവേദക മേഖലയില്‍ പരിസ്ഥിതിക്കും വന്യജീവികള്‍ക്കും ദ്രോഹകരമാകുന്ന ഭൂവനിയോഗത്തിന് അനുവാദമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍ പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രാലയങ്ങളെ സമീപിക്കാനാണ് വന്യ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഒരുങ്ങുന്നത്.
നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍വേ വിരുദ്ധ നീക്കത്തില്‍ കര്‍ണാടക വനം-വന്യജീവി വകുപ്പിന്റെയും പരിസ്ഥിതി രംഗത്തെ പ്രമുഖരുടെയും പിന്തുണയും ട്രസ്റ്റ് ഉറപ്പുവരുത്തിയതായാണ് അറിയുന്നത്. കര്‍ണാടകയിലെ പ്രമുഖ വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് സഞ്ജയ് ഗുബ്ബി അടുത്തിടെ നഞ്ചങ്കോട്-നിലമ്പൂര്‍ പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഏഴ് ജില്ലകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് നിര്‍ദിഷ്ട നഞ്ചങ്കോട്-നിലമ്പൂര്‍ പാത. ഇത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നീലഗിരി-വയനാട് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി, മൈസൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, മൈസൂര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം അസോസിയേഷന്‍, മൈസൂര്‍ മലയാളി സമാജം എന്നിവയുടെ സംയുക്ത യോയം കഴിഞ്ഞ മാസം മൈസൂരില്‍ ചേര്‍ന്നിരുന്നു. പാതയുടെ നിര്‍മാണത്തിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍ മന്ത്രാലയത്തിലും കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളിലും നിരന്തര സമ്മര്‍ദം ചെലുത്താനും യോഗം തീരുമാനിക്കുകയുണ്ടായി. ഇതിനു പിന്നാലെ, റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിനു നടപടികള്‍ ത്വരിതപ്പെടുത്തമെന്ന് ആഭ്യര്‍ഥിച്ച് എം.പിമാരായ
എം.ഐ. ഷാനവാസ്(വയനാട്), എ.ധ്രൂവനാരായണന്‍(ചാമരാജ്‌നഗര്‍, കര്‍ണാടക), എ.രാജ(നീലഗരി, തമിഴ്‌നാട്) എന്നിവര്‍ സംയുക്തമായി കേന്ദ്ര റയില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നിവേദനം നല്‍കി. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കര്‍ണാടകയില്‍നിന്നുള്ള കേന്ദ്ര മന്ത്രി എം.പിമാര്‍ക്ക് ഉറപ്പും നല്‍കി. ഇതിനുശേഷം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എം.ഐ.ഷാനവാസ് എം.പിക്കൊപ്പം റെയില്‍വേക്കാര്യത്തില്‍ കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ണാടകയിലെ വന്യ വൈല്‍ഡ് ലൈഫ് ട്രസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകരില്‍ ചിലരും പദ്ധതിക്കെതിരായ നീക്കം ആരംഭിച്ചത്.
ഏറ്റവും ഒടുവിലുത്തെ സര്‍വേ പ്രകാരം 4266.88 കോടി രൂപയാണ് നഞ്ചങ്കോട്-നിലമ്പൂര്‍ പാതയുടെ നിര്‍മാണ ചെലവ്. ഇതില്‍ നഞ്ചങ്കോട് മുതല്‍ ബത്തേരി വരെ 72 കിലോ മീറ്റര്‍ പ്രവൃത്തിക്ക് 641 കോടി രൂപയും ബത്തേരി മുതല്‍ നിലമ്പൂര്‍ വരെ 164 കിലോ മീറ്ററിന് 3625 കോടി രൂപയുമാണ് ചെലവ് കണക്കാക്കുന്നത്. പാതയില്‍ നഞ്ചങ്കോട് മുതല്‍ ബത്തേരി വരെയും അവിടെനിന്ന് നിലമ്പൂര്‍ വരെയുമുള്ള ഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് അടങ്കല്‍ തയാാറാക്കിയിരിക്കുന്നത്. പാതയില്‍ നഞ്ചങ്കോടുനിന്നു ബത്തേരിയിലേക്കുള്ള 72 കിലോ മീറ്ററില്‍ 22 കിലോ മീറ്ററാണ് ബന്ദിപ്പുര വനത്തില്‍ ഉള്‍പ്പെടുക. ദേശീയപാത 212-ഉം(ഗുണ്ടല്‍പേട്ട -ബത്തേരി-കോഴിക്കോട്) ദേശീയപാത 67-ഉം(ഗുണ്ടല്‍പേട്ട-ഊട്ടി) ബന്ദിപ്പുര വനത്തിലൂടെയാണ് കടന്നുപോകുന്നത്. വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ട് ദേശീയപാതകളിലും വാഹനങ്ങളുടെ രാത്രിയാത്ര വിലക്കിയിട്ടുണ്ട്.ഇന്ത്യയില്‍ത്തന്നെ അങ്ങേയറ്റം പ്രാധാന്യളളതാണ് കര്‍ണാടക ബന്ദിപ്പുര, നാഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല, വയനാട്ടിലെ മുത്തങ്ങ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വനമേഖല. ഇവിടെ 6000നും 8000നും ഇടയ്ക്ക് ആനകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 400നടുത്ത് കടുവകളുമുണ്ട്. എന്നിരിക്കെ ബന്ദിപ്പുര വനത്തിലൂടെ റെയില്‍പാത നിര്‍മിക്കുന്നത് വന്യജീവികളുടെ ജീവന് നിരന്തര ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരില്‍ പലരുടെയും നിലപാട്. ഇത് വയനാട്ടിലും നീലഗിരിയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലുമുള്ള ജനങ്ങളുടെ റെയില്‍വേ സ്വപ്‌നത്തിന് തിരിച്ചടിയാകുകയാണ്.

Latest