ക്വാലാലംപൂര്‍: അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മലേഷ്യന്‍ സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കി. 2,500 വിദേശികളെ രേഖകളില്ലാത്തതിനെ തുടര്‍ന്ന് തടവിലാക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പോലീസും, സൈന്യവും മറ്റ് ഉദ്യോഗസ്ഥരുമാണ് അനധികൃത താമസക്കാരെ കണ്ടെത്താന്‍ പരിശോധനക്കിറങ്ങിയത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മലേഷ്യയില്‍ ജോലി ചെയ്യുന്ന വിദേശികളിലേറെയും. അനധികൃത കുടിയേറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. പിടിയിലായവരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മലേഷ്യന്‍ എന്‍ഫോഴ്‌മെന്റ് അധികൃതരാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. നിര്‍മാണ മേഖലകള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയിടങ്ങളിലാണ് വിദേശ തൊഴിലാളികള്‍ കൂടുതലുള്ളത്.