Connect with us

National

വിമാനക്കമ്പനികള്‍ യാത്രാക്കൂലി കുത്തനെ കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രാക്കൂലി വിമാനക്കമ്പനികള്‍ കുത്തനെ വര്‍ധിപ്പിച്ചു. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തിലാണ് ഇത്. ജെറ്റ് എയര്‍വേസാണ് യാത്രാ നിരക്കില്‍ 3,250 രൂപയുടെ വര്‍ധന വരുത്തിയത്. ഇന്ധന സര്‍ചാര്‍ജ് ഇനത്തിലാണ് വര്‍ധനവ് വരുത്തിയത്.
എമിറേറ്റ്‌സ്, കെനിയ എയര്‍വേസ് എന്നീ എയര്‍ലൈനുകള്‍ ഇതിനകം നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. 10-15 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്ക് വര്‍ധനയുള്ളത്. കാത്തി പസഫിക് വിമാനക്കമ്പനി ടിക്കറ്റ് ഒന്നിന് അഞ്ച് ഡോളര്‍ വര്‍ധിപ്പിച്ചു.
ഇന്ത്യന്‍ വിമാന കമ്പനികളായ ജെറ്റ് എയര്‍വേസിന് പിന്നാലെ ഗോ എയറും ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ കമ്പനികള്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. 6.9 ശതമാനമാണ് വിമാന ഇന്ധനത്തിന് വില വര്‍ധിച്ചത്. ഈ മാസം മുതലാണ് വിമാന ഇന്ധനത്തിന് നിരക്ക് കൂട്ടിയത്. ആയിരം ലിറ്ററിന് 75,031 രൂപയാണ് ഇന്ധന വില. നാലാം തവണയാണ് വിമാന ഇന്ധനത്തിന് വില കൂട്ടുന്നത്.
ജൂണ്‍ മുതല്‍ 20 ശതമാനം നിരക്ക് വര്‍ധനവാണ് എണ്ണക്കമ്പനികള്‍ വിമാന ഇന്ധനത്തിന് വരുത്തിയതെന്ന് എയര്‍ലൈനുകള്‍ പറയുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതാണ് ഇന്ധന വില കൂടാന്‍ ഇടയാക്കിയത്. വിമാന സര്‍വീസുകള്‍ നടത്താനുള്ള ചെലവും ഇന്ധന വിലയോടൊപ്പം വര്‍ധിച്ചിട്ടുണ്ടെന്ന് ഗോ എയര്‍ വക്താവ് പറഞ്ഞു. 40 ശതമാനത്തോളം ചെലവാണ് വര്‍ധിച്ചത്.

Latest