Connect with us

Kerala

സോളാര്‍:അന്വേഷണ പരിധിയില്‍ വരാന്‍ തയ്യാര്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം; സോളാര്‍ കേസില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരാന്‍ സന്നദ്ധനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഘടക കക്ഷികളെ അറിയിച്ചു. ഒന്നും മറച്ചുവെക്കാനില്ലെന്നും ഇക്കാര്യത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സോളാര്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ കത്തിനെക്കുറിച്ച് ഘടക കക്ഷി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. സോഷ്യലിസ്റ്റ് ജനത, കേരളാ കോണ്‍ഗ്രസ് ബി, കേരളാ കോണ്‍ഗ്രസ് ജേക്കബ്, സി എം പി, ജെ എസ് എസ് കക്ഷികളുടെ നേതാക്കളുമായാണ് മുഖ്യമന്ത്രിയും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും ചര്‍ച്ച നടത്തിയത്.

അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ കിട്ടുന്നതിന്റെ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായി. സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ സിറ്റിംഗ് ജഡ്ജിയെ കിട്ടാന്‍ സാധ്യത കുറവാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിറ്റിംഗ് ജഡ്ജിയെത്തന്നെ ലഭ്യമാക്കാന്‍ ശ്രമിക്കും. ഇക്കാര്യം അറിയിച്ച് ഹൈക്കോടതിക്ക് വീണ്ടും കത്തെഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ കത്ത് മുന്‍നിര്‍ത്തിയാണ് ചര്‍ച്ച നടന്നത്. കത്തിന്റെ പകര്‍പ്പ് കക്ഷി നേതാക്കള്‍ക്ക് കൈമാറി. കത്തിലെ നിര്‍ദേശങ്ങളില്‍ നിലപാട് അറിയിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതിന് മുമ്പായി മുഖ്യമന്ത്രിയുടെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്ന് ഘടക കക്ഷി നേതാക്കള്‍ അറിയിച്ചതോടെയാണ് തന്നെയും അന്വേഷണപരിധിയില്‍ വരുത്താമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചത്. സോളാര്‍ കേസ് രാഷ്ട്രീയമാണ്. ഇതുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ സന്നദ്ധനാണ്. മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്താതിരുന്നാല്‍ അന്വേഷണം പ്രഹസനമാണെന്ന് പറഞ്ഞ് പ്രതിപക്ഷം സഹകരിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്റെ കത്ത് വായിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം അറിയിക്കാമെന്നായിരുന്നു ഘടക കക്ഷി നേതാക്കളുടെ പൊതു നിലപാട്. സോളാര്‍ കേസില്‍ തകര്‍ന്നടിഞ്ഞ യു ഡി എഫിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കണമെന്നായിരുന്നു പൊതു വികാരം. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇടതുപക്ഷത്തിന്റെ കാലത്ത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളും ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തണമെന്ന് പി പി തങ്കച്ചന്‍ നിര്‍ദേശിച്ചു.