ഇന്ധന വില വര്‍ധന: നാളെ വാഹന പണിമുടക്ക്

Posted on: September 3, 2013 6:00 am | Last updated: September 2, 2013 at 11:13 pm

busകൊച്ചി: പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി നാളെ പണിമുടക്ക് നടത്താന്‍ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകളുടെ സംയുക്ത ഐക്യവേദി നേതൃ യോഗം തീരുമാനിച്ചു. നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും പണിമുടക്ക്. പാല്‍, ആംബുലന്‍സ്, പത്രം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. പണിമുടക്ക് വിജയിപ്പിക്കുന്നതിന് സഹകരിക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളോടും കൊച്ചിയില്‍ ചേര്‍ന്ന ട്രേഡ് യൂനിയന്‍ നേതൃയോഗം അഭ്യര്‍ഥിച്ചു.
രൂപയുടെ മൂല്യം ഇടിയുന്നതിന്റെ ഭാരം സാധാരണക്കാരായ ജനങ്ങള്‍ വഹിക്കണമെന്ന സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. രൂപയുടെ വിലയിടിവിന്റെ പേരില്‍ പെട്രോള്‍, ഡീസല്‍, പാചക വാതകമടക്കം മുഴുവന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കും കുത്തനെ വില കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം പ്രധാനമന്ത്രിയുടെ അനുവാദം തേടിയിരിക്കുകയാണ്. രൂപയുടെ വിലയിടിവിനൊപ്പം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതോടെ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാറും എണ്ണക്കമ്പനികളും. ഇതോടെ അവശ്യ വസ്തുക്കളുടെയെല്ലാം വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞാലുടന്‍ വില വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പണിമുടക്ക്. അവശ്യ വസ്തുക്കളുടെ വില അതിരൂക്ഷമായി വര്‍ധിച്ചിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെട്രോളിന് 2.35 രൂപ വര്‍ധിപ്പിച്ചിരുന്നു.
എ ഐ ടി യു സി നേതാവ് ഉദയഭാനുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എളമരം കരീം, കെ എം സുധാകരന്‍, കെ എ അലി അക്ബര്‍ (സി ഐ ടി യു), ജോയ് ജോസഫ് (എ ഐ ടി യു സി), കെ കെ ഇബ്‌റാഹിംകുട്ടി (ഐ എന്‍ ടി യു സി), അഹ്മദ്കുട്ടി ഉണ്ണികുളം, രഘുനാഥ് പനവേലി (എസ് ടി യു), കെ ഗംഗാധരന്‍, ആര്‍ രഘുരാജ് (ബി എം എസ്), എസ് സത്യവാന്‍ (യു ടി യു സി), മനയത്ത് ചന്ദ്രന്‍ (എച്ച് എം എസ്), എസ് സീതിലാല്‍ (എ ഐ യു ടി യു സി) എന്നിവര്‍ പങ്കെടുത്തു.