വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളം വെച്ചു

Posted on: September 2, 2013 7:00 pm | Last updated: September 2, 2013 at 7:56 pm

ഷാര്‍ജ: മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് മംഗലാപുരത്തു നിന്നും ദുബൈയിലേക്കുള്ള വിമാന യാത്ര ഏറെ വൈകി. ക്ഷുഭിതരായ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു.

കഴിഞ്ഞ ദിവസം മംഗലാപുരം ബജ്‌പെ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ദുബൈയിലേക്ക് പുറപ്പെടേണ്ട ഐ എക്‌സ് 383 എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് മൂന്ന് മണിക്കൂറിലേറെ വൈകിയത്. ഇന്ത്യന്‍ സമയം 2.10നായിരുന്നു വിമാനം മംഗലാപുരത്തു നിന്നും പുറപ്പെടേണ്ടിയിരുന്നത്.
ബോഡിംഗ് പാസ് ലഭിച്ച യാത്രക്കാര്‍ വിമാനത്തില്‍ കയറാന്‍ കാത്തു നില്‍ക്കുന്നതിനിടെ ഒരുമണിക്കൂര്‍ വൈകുമെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് യാത്രക്കാരനായ ഹമീദ് മൊയ്തു, പുഷ്പാകരന്‍ എന്നിവര്‍ പറഞ്ഞു. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിമാനം പുറപ്പെടാത്തതിനെ തുടര്‍ന്ന് യാത്രക്കാരില്‍ പ്രതിഷേധം ഉയരുന്നതിനിടെ ഇനിയും മണിക്കൂറുകള്‍ വൈകുമെന്ന് വീണ്ടും അറിയിപ്പുണ്ടാവുകയായിരുന്നു.
പ്രതിഷേധം തണുപ്പിക്കാന്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ അധികൃതര്‍ ഭക്ഷണവും വെള്ളവും നല്‍കി. എങ്കിലും ക്ഷമ നഷ്ടപ്പെട്ട യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം ശക്തമാക്കിയതോടെ വൈകുന്നേരം 5.30 ഓച വിമാനം പുറപ്പെടുകയായിരുന്നു.
എഞ്ചിന്‍ തകരാറാണ് വിമാനം വൈകാന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഈ വിമാനം വൈകിയതിനെ തുടര്‍ന്ന് ദുബൈയിലേക്കു പുറപ്പെടേണ്ട മറ്റു വിമാനങ്ങളും വൈകി. ഇത് മറ്റു യാത്രക്കാരെയും വലച്ചു. മുംബൈയില്‍ നിന്ന് മംഗലാപുരത്ത് വിമാനം എത്തിച്ചാണ് മംഗലാപുരം-ദുബൈ സര്‍വീസ്.
അതേസമയം മുംബൈയില്‍ മുന്നറിയിപ്പില്ലാതെ മംഗലാപുരം വഴി ദുബൈക്കുള്ള വിമാനം റദ്ദാക്കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് യാത്രക്കാരനായ റഹീം പറഞ്ഞു. വൈകുന്നേരം നാലിന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഈ വിമാനത്തിലെ യാത്രക്കാരെ മറ്റു വിമാനത്തില്‍ കയറ്റി അയക്കുകയായിരുന്നു.