ചോമ്പാല്‍ ഹാര്‍ബറിലെ തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി

Posted on: September 2, 2013 8:02 am | Last updated: September 2, 2013 at 8:02 am

വടകര: വേതന വര്‍ധന ആവശ്യപ്പെട്ട് ചോമ്പാല്‍ ഹാര്‍ബറിലെ മത്സ്യക്കയറ്റിറക്ക് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി. പണിമുടക്കിനെ തുടര്‍ന്ന് തുറമുഖം സ്തംഭിച്ചു. ചോമ്പാല്‍ ഹാര്‍ബറിലെ മത്സ്യബന്ധനമേഖലയിലെ കയറ്റിറക്ക് തൊഴിലാളികള്‍ വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് എച്ച് എം എസ്, സി ഐ ടി യു, ഐ എന്‍ ടി യു സി, ബി എം എസ്, എസ് ഡി ടി യു എന്നീ ട്രേഡ് യൂനിയനുകളുടെ സംയുക്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക് നടത്തിയത്.
പണിമുടക്ക് പ്രഖ്യാപിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളും കടലിലിറക്കിയില്ല. ഇതുമൂലം മത്സ്യബന്ധനവും പൂര്‍ണമായും സ്തംഭിച്ചു. കൂലി വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് മാസം മുന്‍പ് സംയുക്ത തൊഴിലാളി യൂനിയന്‍ ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന് നോട്ടീസ് നല്‍കിയിരുന്നു. ഒന്നര വര്‍ഷം കൂടുമ്പോള്‍ എഗ്രിമെന്റ് പുതുക്കി വേതന വര്‍ധന നടപ്പാക്കിയിരുന്നു. എന്നാല്‍ എഗ്രിമെന്റ് കാലാവധി അവസാനിച്ചിട്ടും ഉടമകള്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളി യൂനിയനുകള്‍ ഡിമാന്റ്‌നോട്ടീസ് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫീസര്‍ അടക്കം ചര്‍ച്ചക്ക് വിളിച്ചെങ്കിലും ഉടമകളുടെ പിടിവാശി കാരണം പരാജയപ്പെടുകയായിരുന്നു.
പണിമുടക്കിയ തൊഴിലാളികള്‍ ഹാര്‍ബറില്‍ പ്രകടനം നടത്തി. നേരത്തെ മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെ ചൊല്ലി മത്സ്യത്തൊഴിലാളികളും മത്സ്യക്കച്ചവട ഉടമകളും തമ്മിലുണ്ടായ തര്‍ക്കം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ സംഘര്‍ഷവും ഉടലെടുത്തിരുന്നു.