സ്ത്രീധന പീഡനം: രാജ്യത്ത് മണിക്കൂറില്‍ ഒരു മരണം

Posted on: September 2, 2013 7:29 am | Last updated: September 2, 2013 at 7:29 am

rapeന്യൂഡല്‍ഹി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് രാജ്യത്ത് ഓരോ മണിക്കൂറിലും മരിക്കുന്നത് ഒരു സ്ത്രീ. കഴിഞ്ഞവര്‍ഷം മാത്രം രാജ്യത്ത് 8,233 സ്ത്രീകള്‍ മരിച്ചതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2007 മുതല്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള മരണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2011ല്‍ വിവിധ സംസ്ഥാനങ്ങളിലായി 8,618 സ്ത്രീകളാണ് സ്ത്രീധന പീഡനങ്ങള്‍ മൂലം മരിച്ചത്. മരണ നിരക്ക് 35 ശതമാനത്തോളം വരും. കഴിഞ്ഞ വര്‍ഷം അത് 32 ശതമാനമാണ്. 2007ല്‍ 80,93ഉം 2008ല്‍ 8,172ഉം 2009ല്‍ 8,383ഉം പേര്‍ ആണ് മരിച്ചത്. 2010ല്‍ 8,391 പേരാണ് മരിച്ചത്. 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സ്ത്രീധന പീഡനം കുറയുന്ന കാര്യത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ പാവപ്പെട്ടവരിലും മധ്യവര്‍ഗത്തിലും ഒതുങ്ങുന്നില്ല. മറിച്ച് ധനികരിലും വ്യത്യസ്ത സാമൂഹിക, സാമ്പത്തിക ശ്രേണിയിലുള്ളവരും സ്ത്രീധന സമ്പ്രദായം തുടര്‍ന്നു പോരുന്നു. ഇതാണ് പീഡന നിരക്ക് വര്‍ധിക്കാന്‍ കാരണമെന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഡല്‍ഹി പോലീസ് പ്രത്യേക യൂനിറ്റിലെ അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണറായ സുമന്‍ നല്‍വ പറയുന്നു.
1961ലെ നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. 1983ല്‍ നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു. എന്നാല്‍ നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമത്തിലെ പോരായ്മകളും കോടതി നടപടിക്രമങ്ങളിലെ മന്ദതയും സ്ത്രീധന പീഡനക്കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു.