ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി

Posted on: September 1, 2013 8:00 am | Last updated: September 1, 2013 at 8:00 am

കൊല്ലങ്കോട്: തേക്കിന്‍ചിറയില്‍ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലി വനപാലകര്‍ നിലമ്പൂരില്‍നിന്നും എത്തിച്ച കൂട്ടില്‍ പിടിയിലായി.
തുടര്‍ന്ന് രാത്രി തന്നെ വനപാലകര്‍ പറമ്പിക്കുളം കടുവസങ്കേതത്തില്‍ കൊണ്ടുപോയി വിട്ടു. വെള്ളിയാഴ്ച രാത്രി ആറിനാണ് പരിസരവാസികളുടെ സഹായത്തോടെ തേക്കിന്‍ചിറ പാറക്കെട്ടിനു താഴെ കൂടുവച്ചത്. പുലിയെ പ്രലോഭിക്കുന്നതിനായി കൂട്ടില്‍ ആടിനെയും കെട്ടി.
പാറക്കെട്ടില്‍ ഒളിച്ചിരുന്ന പുലി ആടിനെ പിടിക്കാന്‍ രാത്രി പത്തിന് കൂട്ടില്‍ കയറിയതോടെ കുരുക്കില്‍ അകപ്പെടുകയായിരുന്നു.
രണ്ടുവയസു പ്രായമുള്ള ആണ്‍പുലി രണ്ടുമാസക്കാലമായി തേക്കിന്‍ചിറ ജനവാസകേന്ദ്രത്തില്‍ ആടുകളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും കൊന്നൊടുക്കി കഴിയുകയായിരുന്നു.
രാത്രി പത്തരയോടെ റേഞ്ച് ഓഫീസര്‍ പുരുഷോത്തമന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ ഷാജഹാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.സി.രാജീവന്‍, മുഹമ്മദ് സുബൈദര്‍ എന്നിവരടങ്ങിയ സംഘം പുലിയെ റേഞ്ച് ഓഫീസിലെത്തിച്ചു. വെറ്ററിനറി ഡോക്ടറുടെ പരിശോധനയില്‍ പുലി പൂര്‍ണ ആരോഗ്യവാനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രാത്രി തന്നെ വനപാലകര്‍ പറമ്പിക്കുളം കടുവസങ്കേതത്തില്‍ കൊണ്ടുപോയി വിട്ടു.
ഇക്കഴിഞ്ഞ ജനുവരി ഏഴിന് വണ്ടിത്താവളത്തും സമീപപ്രദേശമായ മരുതമ്പാറ, കരയ്ക്കലകുളമ്പ്, അണ്ടയിലക്കളം എന്നിവിടങ്ങളില്‍ കറങ്ങിയശേഷം കാണാതായ പുലിയാകും ഇതെന്നു വനപാലകര്‍ പറഞ്ഞു.
പുലി സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് രണ്ടുമാസത്തോളമായി ജനങ്ങള്‍ രാത്രികാല യാത്ര നിര്‍ത്തിയിരിക്കുകയായിരുന്നു.