Connect with us

Kannur

പയ്യാമ്പലം ശ്മശാനം: സംഘപരിവാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് പള്ളിക്കുന്ന് പഞ്ചായത്ത്

Published

|

Last Updated

കണ്ണൂര്‍: ഹിന്ദു ഐക്യവേദിയുടെയും തീയ്യ സമുദായ ശവസംസ്‌കാര സംരക്ഷണ സമിതിയുള്‍പ്പെടെ ഹൈന്ദവ സംരക്ഷകരെന്ന് നടിക്കുന്നവരുടെ കപടമുഖം ശവക്കല്ലറ തകര്‍ത്ത സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലൂടെ വ്യക്തമായതായി പള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 13.06.2007ല്‍ പഞ്ചായത്ത് രാജ് നിയമമനുസരിച്ച് ശ്മശാന ഭൂമി ഏറ്റെടുക്കുകയും 2007-08 വാര്‍ഷിക പദ്ധതിയില്‍ 43,000 രൂപ വകയിരുത്തി ചുറ്റുമതില്‍ കെട്ടുകയും ചെയ്തിരുന്നു. എന്നാന്‍ സംരക്ഷണസമിതിയുടെയും അമ്പതോളം ബി ജെ പി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ചുറ്റുമതില്‍ കെട്ടുന്നത് തടയുകയും ശ്മശാനത്തിനകത്തുള്ള കല്ലറകള്‍ പൊളിക്കുകയും ചെയ്തിരുന്നു. അന്നും പഞ്ചായത്താണ് കല്ലറ പൊളിച്ചതെന്ന കള്ള പ്രചാരണം നടത്തുകയായിരുന്നു. അതേ നാടകം തന്നെ ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.
പയ്യാമ്പലം ശ്മശാനം പഞ്ചായത്ത് ഏറ്റെടുത്ത് ശവദാഹ ക്രിയകള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തി വരികയാണ്, ഭൂമി പഞ്ചായത്ത് ഏറ്റെടുത്താല്‍ ഭൂമാഫിയക്കും, ഫഌറ്റ് മാഫിയക്കും മറിച്ച് വില്‍ക്കാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നുണ്ടായ മാനസിക വിഭ്രാന്തിയാണ് ശവക്കല്ലറ പൊളിക്കാനിടയാക്കിയത്. തുടര്‍ന്ന് 16ന് ഹര്‍ത്താലാചരിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാഗേഷാണ് കല്ലറ പൊളിച്ചതെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞ ഹിന്ദുഐക്യവേദി നേതാക്കള്‍ പഞ്ചായത്തിനോടും രാഗേഷിനോടും പരസ്യമായി മാപ്പ് പറണമെന്നും പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടു. പയ്യാമ്പലം ശ്മശാനം പഞ്ചായത്ത് ഏറ്റെടുത്തത് മുതല്‍ ദഹനക്രിയകള്‍ മുടക്കുന്നതിന് നിലവിലുള്ള സംരക്ഷണ കമ്മിറ്റി ഭാരവാഹികള്‍ പലതവണ ബോധപൂര്‍വം തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു.
കേരളത്തിലെ മികച്ച ശ്മശാനമാക്കി പയ്യാമ്പലം ശ്മശാനത്തെ മാറ്റുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാവണമെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി വിദ്യ, വൈസ് പ്രസിഡന്റ് ബി കെ അഹമ്മദ്, പി കെ രാഗേഷ്, കെ പി അനിത, കെ സരള എന്നിവര്‍ പങ്കെടുത്തു.