മലമ്പുഴ കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റല്‍; രണ്ടാംഘട്ട പ്രവൃത്തികള്‍ ഇന്ന് ആരംഭിക്കും

Posted on: August 30, 2013 1:14 am | Last updated: August 30, 2013 at 1:14 am
SHARE

പാലക്കാട്: മലമ്പുഴ കുടിവെള്ള വിതരണ പദ്ധതിയില്‍ കാലപ്പഴക്കം ചെന്ന പൈപ്പ്‌ലൈന്‍ മാറ്റുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ലിങ്കിങ് പ്രവൃത്തികള്‍ ഇന്ന് ആരംഭിക്കും. പ്ലാന്റ് ശുചീകരണത്തിന്റെ ഭാഗമായി 29,30,31 തീയതികളില്‍ മലമ്പുഴ പദ്ധതിയില്‍ നിന്നുള്ള കുടിവെള്ള വിതരണം തടസ്സപ്പെടും.
ഈ സാഹചര്യം ഉപയോഗപ്പെടുത്തി ലിങ്കിങ് പ്രവൃത്തികള്‍ കൂടി നടത്താന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. പൈപ്പ്‌ലൈനുകള്‍ തമ്മിലുള്ള യോജിപ്പിക്കലും പ്ലാന്റ് ശുചീകരണവും വെവ്വേറെ ദിവസങ്ങളില്‍ നടത്തിയാല്‍ കൂടുതല്‍ ദിവസം കുടിവെള്ളം മുടക്കേണ്ടിവരും.
ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണു രണ്ടും ഒരുമിച്ചു നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ ശുചീകരണ പ്ലാന്റിനു സമീപമുള്ള പൈപ്പ്‌ലൈനുകള്‍ തമ്മിലാണു യോജിപ്പിക്കുക. എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇത്തരം പണികള്‍ നടത്താനാകൂ. ഇനിയും രണ്ടിടത്തു കൂടി ലിങ്കിംഗ്പ്രവൃത്തികള്‍ നടത്താനുണ്ട്. മഴ വീണ്ടും ശക്തമാകുന്നതിന് മുന്‍പ് പണികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അതോറിറ്റി.
നാളെ മുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസം കുടിവെള്ളം മുടങ്ങുന്ന സാഹചര്യത്തില്‍ ആവശ്യമായ വെള്ളം ഇന്നു തന്നെ ശേഖരിച്ചുവയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.പാലക്കാട് നഗരസഭ, അകത്തേത്തറ, മരുതറോഡ്, പിരായിരി, മലമ്പുഴ, പുതുപ്പരിയാരം പഞ്ചായത്തുകളിലാണു കുടിവെള്ള വിതരണം മുടങ്ങുക.
പുതുശ്ശേരി പഞ്ചായത്തിലെ അത്തിപ്പൊറ്റ, മായപ്പള്ളം, വാളയാര്‍, പൂലാമ്പാറ മേഖലകളില്‍ 30നും കഞ്ചിക്കോട്, പുതുശ്ശേരി, കൊളയക്കോട് പ്രദേശങ്ങളില്‍ 31നും വെള്ളം മുടങ്ങും. രണ്ടു ദിവസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.