രാസാക്രമണത്തിന് തെളിവുണ്ടെന്ന് യു എന്‍

Posted on: August 29, 2013 7:27 am | Last updated: August 29, 2013 at 7:27 am

ജനീവ: സിറിയയില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് യു എന്‍ ദൂതന്‍. അതേസമയം, അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതു സൈനികാക്രമണത്തിനും മുമ്പ് യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അനുമതി നേടേണ്ടതുണ്ടെന്ന് സിറിയയിലേക്ക് നിയോഗിച്ച പ്രത്യേക ദൂതന്‍ ലഖ്തര്‍ ഇബ്‌റാഹീമി അറിയിച്ചു.
സിറിയയില്‍ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ആക്രമണമാണ്. ആശങ്കാജനകമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സിറിയയും അന്താരാഷ്ട്ര സമൂഹവും ഈ പ്രശ്‌നത്തെ എങ്ങനെ സമീപിക്കണം എന്നുള്ളത് ഏറെ സങ്കീര്‍ണമായ വിഷയമാണെന്നും ഇബ്‌റാഹീമി അഭിപ്രായപ്പെട്ടു. അതേസമയം, എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു എന്‍ സംഘം രാസവസ്തു പ്രയോഗം നടന്നതായി സ്ഥിരീകരിച്ചതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിമതര്‍ക്കും ജനങ്ങള്‍ക്കുമെതിരെ സൈന്യം വ്യാപകമായി രാസായുധം പ്രയോഗിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം യു എസ് വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയും ആരോപിച്ചിരുന്നു.