ഉള്ളിയുടെ സ്വര്‍ഗ നരകങ്ങള്‍

Posted on: August 29, 2013 6:00 am | Last updated: August 28, 2013 at 11:16 pm
SHARE

onionsസവാള അല്ലെങ്കില്‍ വലിയ ഉള്ളിയും ഗാന്ധിയും തമ്മിലെന്താണ് ബന്ധം എന്നു ചോദിച്ചാല്‍ ആര്‍ക്കും തോന്നുന്ന ഉത്തരം, ഇന്ത്യക്കാരുടെ നിര്‍ബന്ധ ഭക്ഷണമായ സവാള വാങ്ങാന്‍ ഗാന്ധിപ്പടമടിച്ച എത്ര കറന്‍സി നോട്ട് കൊടുക്കണമെന്ന കണക്കിലെ വ്യതിയാനങ്ങളാണെന്നായിരിക്കും. അമേരിക്കന്‍ ഡോളറിന്റെയും സവാളയുടെയും വില കുതിച്ചുയരുകയാണ്. ഇന്ത്യക്കാരന്റെ ജീവിതമാകട്ടെ അസഹ്യമായിക്കൊണ്ടുമിരിക്കുന്നു. ഗാന്ധിയന്‍ എന്നത് ധനാര്‍ത്തിക്കാരായ അഴിമതിക്കാരുടെ മാറ്റപ്പേരായി – ആള്‍ക്ക് ഗാന്ധിയിലാണ് താത്പര്യം എന്നു പറഞ്ഞാല്‍ മനസ്സിലാക്കേണ്ടത്, ഗാന്ധിയുടെ പടമടിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ എത്ര കിട്ടും എന്നതിലാണ് കക്ഷിക്ക് താല്‍പര്യം എന്നാണ് – മാറിയ ഇക്കാലത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ എന്നതില്‍ സംശയിക്കേണ്ടതില്ലെന്നു ചുരുക്കം.
രണ്ട് വര്‍ഷം കൂടുമ്പോള്‍ സവാള വില കുതിച്ചുയരുകയും അത് ഇന്ത്യയിലെ നിത്യ ജീവിതത്തെയും രാഷ്ട്രീയ കക്ഷി നിലകളെയും തിരഞ്ഞെടുപ്പുകളെയും തകിടം മറിക്കുകയും ചെയ്യുന്ന പ്രവണത ആവര്‍ത്തിച്ചു വരികയാണ്. ബഹുഭാഷാ, ബഹുമത, സാംസ്‌കാരിക വൈവിധ്യത്താല്‍ സമ്പന്നമായ ഇന്ത്യയില്‍, ഗാന്ധിയുടെ സവാള പരീക്ഷണങ്ങളെന്തായിരുന്നു എന്നാലോചിക്കുന്നത് ഇത്തരുണത്തില്‍ എത്ര ഉചിതമായിരിക്കും എന്നറിയില്ല. വൈകീട്ട് കിട്ടുന്ന തുച്ഛമായ കൂലിക്ക് വാങ്ങാന്‍ കഴിയാത്ത സവാളയെക്കുറിച്ച് ഭക്ഷണത്തിന്റെ പ്രത്യയശാസ്ത്രം വിശദീകരിക്കുന്ന ബുദ്ധിജീവി നാട്യത്തെക്കുറിച്ച് പരിഹസിക്കുകയുമാകാം.
സവാള, ഇന്ത്യക്കാരന്റെ അവശ്യവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഇന്ത്യയില്‍ അതിശക്തമായ ഉള്ളിവിരുദ്ധ പാരമ്പര്യവും നിലനില്‍ക്കുന്നുണ്ടെന്ന വസ്തുതയും നാം കാണാതിരിക്കരുത്. ഇന്ത്യക്ക് പുറത്തുള്ളവരുടെ പാചകവിധികളില്‍ സവാള അത്ര അത്യാവശ്യമല്ലെങ്കിലും വെളുത്തുള്ളി സ്ഥിരമാണ്. ഇന്ത്യയിലാകട്ടെ വൈഷ്ണവ ഹിന്ദുക്കളും ജൈനന്മാരുമാണ് ഉള്ളിയെ സമ്പൂര്‍ണമായി നിരോധിച്ചിരിക്കുന്നത്. ഗോവധനിരോധം ഒന്നു നടപ്പിലാക്കിക്കിട്ടിയിട്ടു വേണം, ഉള്ളിക്കു നേരെയും തിരിയാന്‍ എന്ന ആലോചനയിലായിരിക്കും വൈഷ്ണവ ഹിന്ദു/ജൈന പാരമ്പര്യത്തെ പുനരവതരിപ്പിക്കാന്‍ തീരുമാനിച്ച സാംസ്‌കാരിക ദേശീയവാദികള്‍.
സാംസ്‌ക്കാരിക ഭൂമിശാസ്ത്രജ്ഞനായ ഫ്രെഡെറിക്ക് സിമൂണ്‍സ് പറയുന്നത്, സവാളയെയും വെളുത്തുള്ളിയെയും അധോലോകത്തിന്റെയും ഇരുട്ടിന്റെയും പൈശാചികതയുടെയും പ്രതീകങ്ങളായിട്ടാണ് കണക്കാക്കിപ്പോരുന്നതെന്നാണ്(പ്ലാന്റ്‌സ് ഓഫ് ലൈഫ്, പ്ലാന്റ്‌സ് ഓഫ് ഡെത്ത്). കടുത്ത ഗന്ധവും കണ്ണീര്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ശക്തിയുമുള്ളതിനാലായിരിക്കണം ഇപ്രകാരമൊരു വിശ്വാസം പ്രചരിച്ചിട്ടുണ്ടാകുക. സള്‍ഫറിന്റെ ആധിക്യം ഉള്ളികളില്‍ പ്രകടമാണ്. സള്‍ഫര്‍, ഭൂമിയുടെ അന്തരാളങ്ങളിലാണ് കൂടുതലും നിക്ഷിപ്തമായിരിക്കുന്നത് എന്നതും ഉള്ളികളെ ഭൂഗര്‍ഭാന്തരതകളുമായി ബന്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടാകും. മാത്രമല്ല, ഇന്നത്തേതു പോലുള്ള ദന്ത സംരക്ഷണ രീതികള്‍ പ്രാബല്യത്തിലില്ലാതിരുന്നതിനാല്‍, ഉള്ളി കഴിച്ചവരുടെ ശ്വാസനിശ്വാസങ്ങള്‍, അവരെ അഭിമുഖീകരിക്കുന്നവരില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതയും ഉള്ളിയോടുള്ള അപ്രീതിയിലേക്ക് നയിച്ചിട്ടുണ്ടാകും. ബുദ്ധധര്‍മശാല പോലെ അനേകം ആളുകള്‍ കൂടിത്താമസിക്കുന്നയിടങ്ങളില്‍ ഉള്ളി നിരോധിച്ചതിന് ഇതാകും കാരണം.
ഉള്ളി പോലെ കടുത്ത ഗന്ധവും സ്വാദും ഉള്ള ഭക്ഷ്യവസ്തുക്കള്‍ മനുഷ്യരുടെ കാമോത്തജനം കൂട്ടുമെന്ന ധാരണയും നിലനിന്നിരുന്നു. മാംസഭക്ഷണത്തെ സംബന്ധിച്ചും ഈ കാമോത്തേജന ആരോപണം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, മുസ്‌ലിംവിരുദ്ധത ഊട്ടിയുറപ്പിക്കപ്പെട്ട പതിറ്റാണ്ടുകളില്‍ മാംസവും കാമോത്തേജനവുമായുള്ള ബന്ധം കെട്ടുകഥയില്‍ നിന്ന് വസ്തുതയും ശാസ്ത്രവുമായി വ്യാപിപ്പിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ ഉള്ളിയും മാംസവും സുഭിക്ഷമായി ഭക്ഷിക്കുന്നതു കൊണ്ട് അവര്‍ക്ക് കാമോത്തേജനം കൂടുമെന്നും അതിനാലാണ് അവര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതെന്നും ലൗ ജിഹാദിലേര്‍പ്പെടുന്നതെന്നും മറ്റുമുള്ള പൊതുധാരണ/അന്ധവിശ്വാസം പ്രബലമാണെന്നു ചുരുക്കം. മാംസം കഴിക്കുന്നവര്‍ക്ക് ആക്രമണോത്സുകത കൂടുമെന്ന വിശ്വാസവും ഇതിന്റെ തുടര്‍ച്ചയായി കാണണം.
പക്ഷേ, മുസ്‌ലിം പാരമ്പര്യത്തിലും ഉള്ളിയോട് അപ്രീതിയുണ്ടായിരുന്നുവെന്നാണ് ചരിത്രപഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍, മുസ്‌ലിംകളുടെ ഈ ഉള്ളി അപ്രിയം ഇന്ത്യയിലെത്തിയില്ല എന്നു മാത്രമല്ല, മുഗളരുടെത് അടക്കമുള്ള ഇന്ത്യന്‍ മുസ്‌ലിം ഭക്ഷണത്തില്‍ ഉള്ളിക്ക് വന്‍ പ്രാധാന്യം ലഭിക്കുകയുമുണ്ടായി. മുസ്‌ലിം ഭക്ഷണത്തെക്കുറിച്ചുള്ള ലേഖനസമാഹാരമായ സിയാബ് എന്ന പുസ്തകത്തില്‍, ഫാറൂഖ് മര്‍ദാം ബേ പറയുന്നത്, മൊറോക്കോയും ഇന്ത്യയും ‘മഹത്തായ ഉള്ളി സ്വര്‍ഗങ്ങളാ’ണെന്നാണ്.
എന്നാല്‍; ആധുനിക ഇന്ത്യയില്‍ ഉള്ളികള്‍ക്ക് കൂടിയ ജനപ്രിയത ഉണ്ടായതിന്റെ പിന്നില്‍, മഹാത്മാ ഗാന്ധിയുടെ നിലപാടും സ്വാധീനം ചെലുത്തിയിട്ടുണ്ടാകും എന്നു തോന്നുന്നു. വൈഷ്ണവ ഹിന്ദു കുടുംബത്തില്‍ പിറന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ആദ്യ കാലത്ത് ഉള്ളിയെ വെറുത്തിരുന്നു. മാത്രമല്ല, ഉള്ളിയും ഭൂമിക്കടിയില്‍ നിന്ന് ശേഖരിക്കപ്പെടുന്ന മറ്റു ഭക്ഷ്യവസ്തുക്കളും നിരോധിച്ച ജൈന സംസ്‌കാരത്തിന് കൂടിയ സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ഗാന്ധി കുട്ടിക്കാലം ചെലവഴിച്ചത് എന്നതും അദ്ദേഹത്തില്‍ ഉള്ളിവിരോധം പ്രബലമാക്കി. പിന്നീട് ബാരിസ്റ്റര്‍ പഠനത്തിനായി ബ്രിട്ടനിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് ഉള്ളി ഭക്ഷിക്കേണ്ടി വന്നത്. എന്നാല്‍, പിന്നീട് ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ അദ്ദേഹം വീണ്ടും സവാളയും വെളുത്തുള്ളിയും ഒഴിവാക്കി. സാമൂഹിക ജീവിതത്തിലും ബ്രഹ്മചര്യത്തിലുമുള്ള ഗാന്ധിയുടെ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ ഭക്ഷ്യചര്യകളും പുനര്‍ രൂപപ്പെട്ടുവന്നത്.
1920കളോടെ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴും ഉള്ളികളില്‍ നിന്നുള്ള അകല്‍ച്ച അദ്ദേഹം നിലനിര്‍ത്തിപ്പോന്നു. സബര്‍മതി ആശ്രമത്തില്‍ സേവാദാനത്തിനായി വന്ന റെജിനാള്‍ഡ് റെയ്‌നോള്‍ഡ്‌സ് എന്ന ബ്രിട്ടീഷ് യുവാവും അദ്ദേഹത്തെ പിന്തുണച്ച വല്ലഭ്ഭായ് പട്ടേലുമാണ് ആശ്രമത്തിലെ ഭക്ഷ്യചര്യകള്‍ അട്ടിമറിച്ചുകൊണ്ട് ഉള്ളി ഭക്ഷിക്കാനാരംഭിച്ചത്. ഗാന്ധി മാത്രമല്ല, അദ്ദേഹത്തിന്റെ ശിഷ്യയും ബ്രിട്ടീഷുകാരിയുമായ മീരാ ബെന്നും അപ്പോഴും ഉള്ളി ഒഴിവാക്കിപ്പോന്നു. ഗാന്ധിയെക്കുറിച്ചുള്ള ഓര്‍മപ്പുസ്തക (ടു ലിവ് ഇന്‍ മാന്‍കൈന്‍ഡ്)ത്തില്‍, റെയ്‌നോള്‍ഡ്‌സ് പറയുന്നത്, ഉള്ളി ഭക്ഷിക്കുന്ന തങ്ങളെ ആശ്രമവാസികള്‍ നരഭോജികളെന്നവണ്ണമാണ് ഭയന്നിരുന്നത് എന്നാണ്.
അക്കാലത്ത്, ഗുജറാത്തിലെ കര്‍ഷകര്‍ക്കിടയില്‍ ഗാന്ധി നടത്തിയ ബ്രിട്ടീഷ്‌വിരുദ്ധ പ്രചാരണവും സത്യഗ്രഹ സമരാരംഭവും അവരുടെ സവാള കൃഷിയെയും ബാധിച്ചു. ബ്രിട്ടീഷുകാരുടെ പ്രത്യാക്രമണം, മോഹന്‍ലാല്‍ പാണ്ഡ്യ എന്ന കര്‍ഷകന്റെ സവാളപ്പാടം വിളവെടുക്കാനുള്ള നീക്കത്തെ തടയുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. അദ്ദേഹത്തെ ‘സവാളക്കള്ളന്‍’ എന്ന് പ്രശംസിച്ച ഗാന്ധി ഉള്ളി സത്യഗ്രഹത്തിലൂടെ ഉള്ളിയോട് രാഷ്ട്രീയ, മാനസിക ഐക്യം സ്ഥാപിച്ചെടുക്കുകയും ചെയ്തു. എങ്കിലും 1930കള്‍ വരെയും ഗാന്ധി സ്വയം ഉള്ളി ഉപയോഗിക്കാതെ കഴിച്ചുകൂട്ടി. അതിനു ശേഷം അദ്ദേഹത്തിന്റെ രക്തസമ്മര്‍ദനിലകളിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ഭക്ഷണരീതികളില്‍ വരുത്തിയ വ്യത്യാസത്തിന്റെ ഭാഗമായി വെളുത്തുള്ളി കഴിച്ചുതുടങ്ങി. പ്രകൃതി ജീവനത്തില്‍ വിശ്വസിച്ചിരുന്ന ഗാന്ധി, ഔഷധങ്ങളൊന്നും കഴിക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ. അന്‍സാരിയാണ് വെളുത്തുള്ളി നിര്‍ദേശിച്ചത്. മീരാ ബെന്നിന്റെ പിന്തുടര്‍ച്ചക്കാരിയായി, ഗാന്ധിയുടെ ശരീരാരോഗ്യം ശ്രദ്ധിക്കാന്‍ സ്വയം നിയോഗിച്ച സുശീലാ നയ്യാറും ഈ തീരുമാനത്തെ പിന്തുണച്ചു.
സുശീല നയ്യാര്‍ക്കു മാത്രമല്ല, സുഭാഷ് ചന്ദ്ര ബോസിനു എഴുതിയ കത്തുകളിലും ജി ഡി ബിര്‍ള, ജയപ്രകാശ് നാരായണ്‍, രാജ്കുമാരി അമ്രിത് കൗര്‍ എന്നിവര്‍ക്കു കിട്ടിയ നിര്‍ദേശങ്ങളിലും സവാളയും വെളുത്തുള്ളിയും ഭക്ഷിക്കാനുള്ള ആഹ്വാനം ഗാന്ധി നടത്തി. വൈഷ്ണവ പാരമ്പര്യം ഉള്ളികളെ നിരോധിച്ചിരുന്നുവെങ്കിലും ആയുര്‍വേദം അവയുടെ ഔഷധഗുണങ്ങളെ പ്രശംസിച്ചിരുന്നുവെന്ന് ഗാന്ധി നിരീക്ഷിച്ചു. മാത്രമല്ല, ഇന്ത്യയിലെ ഗ്രാമീണര്‍ക്ക് ഉള്ളികള്‍ ഇല്ലാത്ത ജീവിതം ആലോചിക്കാനേ ആകില്ല എന്ന കാര്യവും അദ്ദേഹം കണ്ടെത്തി. ഇന്ത്യയിലെ ജീവിതം നിലനില്‍ക്കുന്നത് ഗ്രാമങ്ങളിലാണെന്നും ഏതു മാറ്റവും ഏതു തീരുമാനവും അങ്ങേയറ്റം ദരിദ്രനായ ഇന്ത്യക്കാരനെ എപ്രകാരമാണ് ബാധിക്കാന്‍ പോകുന്നത് എന്നായിരിക്കണം ആ തീരുമാനം എടുക്കാനുള്ള നിങ്ങളുടെ പ്രേരണ എന്നും ഓര്‍മിപ്പിച്ച ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഗ്രാമീണരും ഉള്ളികളും തമ്മിലുളള ഗാഢബന്ധം അവഗണിക്കാവുന്ന ഒന്നല്ല തന്നെ.
മതവിശ്വാസിയും ദൈവവിശ്വാസിയും ഹിന്ദു പാരമ്പര്യങ്ങളില്‍ തത്പരനുമായിരുന്ന ഗാന്ധിയുടെ രാഷ്ട്രീയ പരിണാമവും ആധുനികവത്കരണവുമാണ്, ഉള്ളിയോടുള്ള ഈ പാരസ്പര്യമെന്ന് ഇന്ന് ചരിത്രപരമായി ബോധ്യപ്പെടാം. ഇന്ത്യന്‍ സംസ്‌കാരവുമായിട്ടും, ഇന്ത്യക്കാരുടെ പ്രത്യേകിച്ചും ഗ്രാമീണരുടെയും കര്‍ഷകരുടെയും ദരിദ്രരുടെയും ജീവിതവുമായിട്ടും ഇന്നത്തെ ഭരണാധികാരികള്‍ക്കുള്ള അകല്‍ച്ചയുടെ ലക്ഷണമായിട്ടു കൂടി വേണം, ഗാന്ധിയില്‍ നിന്നുള്ള അവരുടെ വിട്ടുപോകലിനെയും കാണാന്‍. അവര്‍ സ്വര്‍ഗനരകങ്ങളിലെത്തുമ്പോള്‍, അവിടെ ഗാന്ധി ഉള്ളി കഴിക്കുകയാണോ അതോ അതിന്റെ വില കണക്കാക്കിക്കൊണ്ടിരിക്കുകയാണോ എന്ന് അവര്‍ക്ക് കണ്ടു മനസ്സിലാക്കുകയും ചെയ്യാം.
(അവലംബം: Gandhi’s Experiments with Onions by Vikram Doctor (The Economic Times -23 August 2013)

 

[email protected]

LEAVE A REPLY

Please enter your comment!
Please enter your name here